കൂത്താട്ടുകുളം|കൂത്താട്ടുകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നാളെ. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം വിമത അംഗം കല രാജു മത്സരിക്കും. തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് കലാ രാജുവിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് പ്രഖ്യാപിച്ചത്. അനൂപ് ജേക്കബ് എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കല രാജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍ കുമാര്‍ മത്സരിക്കും. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും.സിപിഐഎമ്മിനെതിരെ നടത്തിയ തട്ടിക്കൊണ്ട് പോകല്‍ ആരോപണത്തിന് ശേഷം ഈ മാസം അഞ്ചിന് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ കലാ രാജു യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ശേഷം സിപിഐഎമ്മിന് ഭരണനഷ്ടമുള്‍പ്പെടെ ഉണ്ടായിരുന്നു. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്ന ഘട്ടത്തില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തന്നെ മത്സരിപ്പിക്കണമെന്ന് കലാ രാജു ആവശ്യപ്പെട്ടിരുന്നു. തന്നെ പൊതുമധ്യത്തില്‍ അപമാനിച്ച സിപിഐഎമ്മിനുള്ള മറുപടിയായിരിക്കും തന്റെ സ്ഥാനാര്‍ത്ഥിത്വം. അത്തരത്തില്‍ ഒരു സ്ഥാനാര്‍ത്ഥിത്വം തനിക്ക് ഒരുക്കി തരണമെന്ന് കലാ രാജു യുഡിഎഫ് നേതൃത്വത്തിനോട് പറഞ്ഞിരുന്നു. പിന്നീട് യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് കലാ രാജുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയായിരുന്നു.