അയ്യങ്കാളി ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാന്‍ അയ്യങ്കാളിയുടെ സമരസ്മരണ നമുക്ക് ഊര്‍ജ്ജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകള്‍:മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷികമാണിന്ന്.ആധുനിക കേരളത്തിന് അടിത്തറ പാകുന്നതില്‍ അയ്യങ്കാളിയും അദ്ദേഹം നേതൃത്വം നല്‍കിയ പോരാട്ടങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ഒരു ജനത നേരിട്ട അനീതികള്‍ക്കെതിരെ അദ്ദേഹം നേതൃത്വം നല്‍കിയ ഐതിഹാസികമായ സമരങ്ങള്‍ കേരള ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിയെഴുതി. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട തിരുവിതാംകൂറിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരെ പോരാടാന്‍ അയ്യങ്കാളി ഊര്‍ജ്ജം നല്‍കി.സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടിയാത്ര കേരളത്തിന്റെ പില്‍ക്കാല സാമൂഹ്യ ജീവിതത്തില്‍ ഏറെ അനുരണം സൃഷ്ടിച്ച സംഭവമാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്തുകൊണ്ട് അയ്യങ്കാളി നേതൃത്വം നല്‍കിയ കല്ലുമാല സമരമുള്‍പ്പെടെ അക്കാലത്തെ സവര്‍ണ്ണ മേധാവിത്വത്തിന് വലിയ പ്രഹരമാണേല്‍പ്പിച്ചത്. ദളിത് കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചതിനെതിരെയും കര്‍ഷകത്തൊഴിലാളികള്‍ക്ക് വേതനവര്‍ധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ തൊഴില്‍സമരമായാണ് അടയാളപ്പെടുത്തപ്പെടുന്നത്.ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീര്‍ത്ത അന്ധകാരത്തിനുമേല്‍ നവോത്ഥാനത്തിന്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ചവരില്‍ പ്രധാനിയാണ് അയ്യങ്കാളി. കേരളം ഇന്നോളം നേടിയ സാമൂഹിക പുരോഗതിക്ക് അയ്യങ്കാളി നേതൃത്വം നല്‍കിയ അവകാശ സമരങ്ങളുടെ പിന്‍ബലമുണ്ട്. ഈ നേട്ടങ്ങള്‍ സംരക്ഷിക്കാനും സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനും അയ്യങ്കാളിയുടെ സമരസ്മരണ നമുക്ക് ഊര്‍ജ്ജം പകരും. ഏവര്‍ക്കും അയ്യങ്കാളി ജയന്തി ആശംസകള്‍.The post ‘സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാന് അയ്യങ്കാളിയുടെ സമരസ്മരണ നമുക്ക് ഊര്ജ്ജം പകരും’; അയ്യങ്കാളി ജയന്തി ആശംസകള് നേര്ന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.