വേനൽക്കാലത്തിന് സമാപ്തി കുറിച്ച് സുഹൈൽ നക്ഷത്രം എത്തി

Wait 5 sec.

ദുബൈ| അറേബ്യൻ ഉപദ്വീപിൽ സുഹൈൽ നക്ഷത്രം ദൃശ്യമായി. വേനൽക്കാലത്തിന് അന്ത്യം കുറിക്കുന്നതാണ് ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമായ സുഹൈലിന്റെ വരവ്. നൂറ്റാണ്ടുകളായി, അറബികൾ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായാണ് സുഹൈൽ നക്ഷത്രത്തെ കണക്കാക്കുന്നത്. ചൂടുള്ള രാത്രികളിൽനിന്ന് തണുപ്പുള്ള രാത്രികളിലേക്കും പകലിന്റെ ദൈർഘ്യം കുറയുന്നതിലേക്കുമുള്ള മാറ്റത്തെയാണ് സുഹൈൽ നക്ഷത്രത്തിന്റെ ഉദയം സൂചിപ്പിക്കുന്നത്. ഇതോടെ സൂര്യരശ്മികളുടെ കാഠിന്യവും പകലിന്റെ ദൈർഘ്യം കുറയുകയും രാത്രികാല താപനില കുറയുകയും ചെയ്യും.ഭൂമിയിൽ നിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയുള്ള കരീന നക്ഷത്രസമൂഹത്തിലെ ഭീമാകാരമായ ഒരു നക്ഷത്രമാണ് സുഹൈൽ. മധ്യ, തെക്കൻ അറേബ്യയിലും വടക്കൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മാത്രമേ സുഹൈൽ നക്ഷത്രം ദൃശ്യമാകൂ. വടക്കൻ അറേബ്യയിൽ വർഷം മുഴുവനും ഇത് അദൃശ്യമായി തുടരും. ഈ നക്ഷത്രം എല്ലാ രാത്രിയിലും ഉയരങ്ങളിലേക്ക് കയറുകയും സെപ്തംബർ അവസാനത്തോടെ അർധരാത്രിയിൽ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യും. ഈ ഘട്ടത്തിൽ താപനിലയിലെ സ്ഥിരമായ കുറവും ഉണ്ടാകും.അറബ് പൈതൃകത്തിൽ സുഹൈൽ നക്ഷത്രത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. നൂറ്റാണ്ടുകളായി, ഇത് സഞ്ചാരികൾക്ക് വഴികാട്ടിയായും കർഷകർക്ക് കാലിക കലണ്ടറായും കവിതകളിലെയും നാടോടിക്കഥകളിലെയും ഒരു സാംസ്‌കാരിക ചിഹ്നമായും വർത്തിച്ചിട്ടുണ്ട്. നക്ഷത്രത്തിന്റെ ഉദയം ഈ മേഖലയിലുടനീളമുള്ള നടീൽ ചക്രങ്ങൾ, പക്ഷി കുടിയേറ്റം, മേച്ചിൽ രീതികൾ, കടൽ യാത്രകൾ എന്നിവയെ സ്വാധീനിച്ചിട്ടുണ്ട്.