ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായവില ഉറപ്പാക്കുന്നതിനായി സപ്ലൈകോ ജില്ലാ ഓണം ഫെയറിന് തുടക്കമായി. ഓണം ഫെയര്‍ ഉദ്ഘാടനവും ആദ്യ വില്പനയും കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് നിര്‍വഹിച്ചു.ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനു മുന്‍വശം പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഫെയര്‍ നടക്കുന്നത്. സപ്ലൈകോയുടെ ഫെയറുകളില്‍ നിന്ന് 13 ഇനം സബ്സിഡി സാധനങ്ങള്‍ക്കു പുറമെ ഉപഭോക്താക്കള്‍ക്കായി വന്‍വിലക്കുറവും ഓഫറുകളും നല്‍കുന്നുണ്ട്. പ്രത്യേക സമ്മാനപദ്ധതികളും ഓണം ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. 1225 രൂപയുടെ സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും 625 രൂപയുടെ മിനി സമൃദ്ധി ഓണക്കിറ്റ് 500 രൂപയ്ക്കും 305 രൂപയുടെ ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ലഭിക്കും. സെപ്തംബര്‍ നാല് വരെയാണ് മേള.ചടങ്ങില്‍ സപ്ലൈകോ റീജിയണല്‍ മാനേജര്‍ ഷല്‍ജി ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് സുരേഷ് ബാബു, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.