രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിയ്ക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല; ദീപ ദാസ് മുന്‍ഷി

Wait 5 sec.

തിരുവനന്തപുരം|യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എന്തിനാണ് രാജിവെച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷി. രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല. നിയമപരമായ പ്രതിസന്ധിയല്ല മറിച്ച് ധാര്‍മിക പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നും അവര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് ലഭിച്ചിട്ടില്ല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ദീപ ദാസ് മുന്‍ഷി പ്രതികരിച്ചു.ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇടതുപക്ഷത്തിന് ഇക്കാര്യം ആവശ്യപ്പെടാന്‍ ധാര്‍മികതയില്ല. അവരുടെ നേതാക്കള്‍ക്കെതിരെയും സമാന പരാതി ഉയര്‍ന്നപ്പോള്‍ ആരും രാജിവച്ചു കണ്ടില്ല. ഇടതുപക്ഷം അവരുടെ പാര്‍ട്ടി വിഷയങ്ങള്‍ പരിശോധിക്കട്ടെ. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പാര്‍ട്ടി അന്വേഷണം ഇപ്പോഴില്ലെന്നും ദീപ ദാസ് മുന്‍ഷി വ്യക്തമാക്കി.