വളരെ പ്രധാനപ്പെട്ട ഒരു കോടതി വിധി കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാകില്ലെന്ന ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജികള്‍ തള്ളിയതായിരുന്നു അത്. ബി ആര്‍ ഗവായ്, സൂര്യകാന്ത്, ബി വി നാഗരത്‌ന, പി എസ് നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രധാനമായ ഈ വിധിയില്‍ ഒപ്പുവെച്ചത്. വിവാഹത്തിനുള്ള അവകാശം മൗലികമോ നിബന്ധനകളില്ലാത്തതോ അല്ലെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവകാശം നല്‍കാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നിഷേധിക്കുന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വകുപ്പുകള്‍ റദ്ദാക്കാനാകില്ലെന്നും കോടതി വിധിച്ചു.ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ വിവാഹം ചെയ്യുക അല്ലെങ്കില്‍ രണ്ട് സ്ത്രീകള്‍ ദമ്പതികളായി ജീവിക്കാന്‍ തീരുമാനിക്കുക. വിരലിലെണ്ണാവുന്ന മലയാളികള്‍ക്കിടയില്‍ സംഭവിച്ച സാംസ്‌കാരിക ദുരന്തമാണിത്. നമ്മുടെ നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും ഇവിടെ നിലനില്‍ക്കുന്ന വിശ്വാസ സംഹിതകളും ഈ പ്രവണതയുടെ മറുപക്ഷത്താണുള്ളത്. കമ്പോള താത്പര്യത്തിന്റെ പേരില്‍ പിറവിയെടുത്ത ജന്‍ട്രല്‍ പൊളിറ്റിക്‌സ് അല്ലാതെ ഒരു രാജ്യത്തെയും പൊതുസമൂഹവും ഇതിനൊപ്പമില്ല. പ്രകൃതിയുടെ തേട്ടവും ഈ പ്രവണതക്കെതിരാണ്.എന്നാല്‍ ഇതിനെ ആഘോഷമാക്കുകയാണ് കേരളത്തിലെ മീഡിയകള്‍. ഇന്റര്‍വ്യൂകളുടെ ഹോട്ട് സീറ്റിലിരുത്തിയും മെഗാഷോകളില്‍ മത്സരാര്‍ഥിയാക്കിയും ‘വലിയ തമ്പുരാന്‍’ ചമയുന്ന ചിലര്‍ അവര്‍ക്ക് ദൃശ്യത നല്‍കാനുള്ള ഭാഗീരഥ പ്രയത്‌നത്തിലാണ്. ഇത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണ്. ഒരേ ലിംഗത്തില്‍പ്പെട്ടവയോട് ലൈംഗിക ബന്ധം പുലര്‍ത്തുന്ന ഒരു ജീവി വര്‍ഗവുമില്ല. സ്വവര്‍ഗ വിവാഹത്തെ മഹത്തപ്പെടുത്തുക വഴി മൃഗത്തേക്കാള്‍ തരംതാഴുകയാണ് മനുഷ്യന്‍ ചെയ്യുന്നത്.ഒരാള്‍ക്ക് ആരോടാണ് ആകര്‍ഷണം തോന്നുന്നത് എന്നത് അവരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല എന്നും അതിനാല്‍ സ്വന്തം ലിംഗക്കാരോട് ആകര്‍ഷണം തോന്നിയാല്‍ അത് വകവെച്ച് കൊടുക്കണം എന്നുമാണ് സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നവരുടെ പ്രധാന ന്യായം. മറ്റൊരാളുടെ ഭാര്യയോട് ആകര്‍ഷണം തോന്നുമ്പോഴും ഈ നിലപാട് ഉണ്ടാകുമോ? മൃഗങ്ങളോട് ആകര്‍ഷണം തോന്നുന്നവരും അവയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. സ്വന്തം മകന്‍ ഒരു പട്ടിയെ വിവാഹം കഴിച്ചുവന്നാല്‍ സ്വീകരിക്കാന്‍ ഈ ‘ആക്ടിവിസ്റ്റുകള്‍’ക്ക് സാധിക്കുമോ? ഡേവിഡ് തോര്‍സ്റ്റാഡിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന നാംബ്ലയെ ഓര്‍ക്കുന്നുണ്ടോ? കുട്ടികളോട് അഭിനിവേശം തോന്നുന്നവരുടെ സംഘടനയായിരുന്നു അത്. മനോരോഗികളായ ഈ കുറ്റവാളികള്‍ക്ക് കാമം തീര്‍ക്കാന്‍ സ്വന്തം മക്കളെ വിട്ടുനല്‍കാന്‍ അഭിനിവേശ വാദികള്‍ക്കാകുമോ?ഇസ്ലാമില്‍ വിവാഹത്തിന്റെ ലക്ഷ്യം കേവല ലൈംഗികാസ്വാദനമല്ല. വിവാഹത്തിലൂടെ ഒന്നായിതീര്‍ന്നവര്‍ അനുഭവിക്കുന്ന സംതൃപ്തിയാണ്.ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന് നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. (സൂറത്തുറൂം 21)ഈ ഭൂമിയിലെ സാമൂഹിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്ന കുടുംബ സംവിധാനത്തെ സംരക്ഷിക്കുക എന്നത് വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്. അതിനാല്‍ വിവാഹത്തില്‍ സന്താനങ്ങള്‍ ജനിക്കണം. ഒരു ഘട്ടത്തില്‍ മാതാപിതാക്കള്‍ മക്കളെയും മറ്റൊരു ഘട്ടത്തില്‍ അവര്‍ തിരിച്ചും സംരക്ഷകരാകണം. ആരോഗ്യമുള്ളവര്‍ ഇല്ലാത്തവരെ ചേര്‍ത്തുപിടിക്കുന്ന ഈ സംവിധാനം സ്വവര്‍ഗ വിവാഹത്തില്‍ സാധ്യമല്ല. കുട്ടികളുടെ മാതാപിതാക്കളാകാന്‍ ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ വേണ്ട, ദത്തെടുത്താല്‍ മതി എന്നാണ് ഈ വിഷയത്തില്‍ സ്വവര്‍ഗവാദികള്‍ ന്യായം പറയാറുള്ളത്. തങ്ങള്‍ നിരാകരിക്കുന്ന ലൈംഗികതയില്‍ പിറന്ന കുഞ്ഞിന്റെ തന്തയാകാനുള്ള ഈ എട്ടുകാലി മമ്മൂഞ്ഞിസം എത്ര വൈരുധ്യാത്മകമാണ്. ഒരു കുഞ്ഞിന് മാതാവിന്റെയും പിതാവിന്റെയും പരിപാലനം ആവശ്യമുണ്ടെന്നും സിംഗിള്‍ പാരന്റിംഗ് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുമ്പോള്‍ ഈ ദത്തെടുക്കല്‍ എങ്ങനെ വകവെച്ചു കൊടുക്കാനാകും?ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരമില്ല. ചെന്നൈ ഹൈക്കോടതിയുടെ ചില നിരീക്ഷണങ്ങള്‍ക്കപ്പുറം നിയമാനുസൃതമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനും കുട്ടികളെ ദത്തെടുക്കാനും ഒരു കോടതിയുടെയും പിന്തുണയും ഇവര്‍ക്കില്ല. ഇസ്ലാമും ഹൈന്ദവതയുമെല്ലാം ഇത്തരം സാംസ്‌കാരിക വിരുദ്ധതക്കെതിരെ മതഗ്രന്ഥങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികതയെ സംസ്‌കാരമായി കണ്ട ലൂത്വ് നബി(അ)ന്റെ ജനതയുടെ പ്രവര്‍ത്തനത്തെ ‘ഫാഹിശത്ത്’ എന്ന് വിളിച്ച ഖുര്‍ആന്‍ അവരെ അതിക്രമികള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് സൂറത്തുല്‍ അഅ്‌റാഫില്‍ കാണാം. മനഃശാസ്ത്രപരമായും പ്രകൃതിയുടെ പക്ഷത്ത് നിന്ന് ആലോചിക്കുമ്പോഴും ഇതിനൊപ്പം നില്‍ക്കാനാകില്ല. ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍ നെഗറ്റീവ് പബ്ലിസിറ്റിയില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന റീച്ചിനും പണത്തിനും വേണ്ടി മാത്രമുള്ളതാണ്. ഒന്നുകൂടി ആലോചിക്കൂ, ബോധ്യപ്പെടാന്‍ ഒരു പ്രയാസവും കാണില്ല.