എം എല്‍ എ സ്ഥാനം ഒഴിയുമോ; രാഹുലിനെ പാര്‍ട്ടി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതായി വിവരം

Wait 5 sec.

തിരുവനന്തപുരം | ലൈംഗിക ആരോപണത്തിനു പുറമെ വധഭീഷണി വിവരം കൂടി പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പദവി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കെ രാഹുലിനെ പാര്‍ട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതായി സൂചന.യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം അടൂരിലെ വീട്ടില്‍ കഴിയുന്ന രാഹുല്‍ തിരുവനന്തപുരത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി മറ്റു പരിപാടികള്‍ ഒഴിവാക്കി വീട്ടില്‍ കഴിയുന്ന രാഹുല്‍ ഇന്നലെ മാധ്യമങ്ങളെ കാണാന്‍ ശ്രമിച്ചെങ്കിലും വി ഡി സതീശന്‍ നേരിട്ട് ഇടപെട്ട് റദ്ദാക്കിയിരുന്നു. പാര്‍ട്ടിക്ക് കനത്ത ആഘാതം ഉണ്ടാക്കിയ രാഹുല്‍ വാ തുറക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നല്‍കിയത്.തന്റെ രാജി പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ നേരത്തെ ലൈംഗിക പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട കോണ്‍ഗ്രസ് എം എല്‍ എമാരും രാജിവെക്കണമെന്ന ആവശ്യം രാഹുല്‍ ഉയര്‍ത്തിയേക്കും. ആരോപണം ഉയര്‍ന്നാലും പാര്‍ട്ടി സംരക്ഷിക്കുമെന്ന കടുത്ത ആത്മവിശ്വാസമായിരുന്നു രാഹുലിനെ നയിച്ചിരുന്നത്. ലൈംഗിക പീഡന പരാതിയില്‍ പ്രതിയെക്കപ്പെട്ട എം എല്‍ എമാരായ എം വിന്‍സന്റും എല്‍ദോസ് കുന്നപ്പിള്ളിയും പദവിയില്‍ തുടരുകയാണ്. വധ ഭീഷണിയും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രംവും അടങ്ങുന്ന ശബ്ദ സന്ദേശം പുറത്തുവന്നതാണ് രാഹുലിനെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയത്.രാഹുല്‍ എം എല്‍ എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത് രാഹുലിനു കടുത്ത വെല്ലുവിളിയായിട്ടുണ്ട്. രാഹുല്‍ രാജിവെക്കണമെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ രാഹുല്‍ എ ംഎല്‍ എ സ്ഥാനം രാജിവെക്കണമെന്നാണ് വി കെ ശ്രീകൃഷ്ണന്റെ അഭിപ്രായം. മറ്റു പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാവാന്‍ കോണ്‍ഗ്രസിന് കഴിയണം. കോണ്‍ഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ രാഹുലിലൂടെ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എം എല്‍ എ സ്ഥാനം രാജിവെച്ച് അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരുന്ന രാഹുലാണ് ആവശ്യമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എല്‍ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടിലാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാര്‍മ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്‌തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പില്‍ എം പി സംരക്ഷണം തീര്‍ക്കുകയും ചെയ്തു. രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ഉയര്‍ത്തുന്നത്. ഇതോടെ ഇനിയെന്ത് എന്ന ചോദ്യം ഉയരുന്നതിനിടെയാണ് രാഹുലിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കാര്യം പാര്‍ട്ടിക്കകത്ത് തര്‍ക്കവിഷയമായി മാറുകയാണ്. സി പി എമ്മിനെ പ്രീതിപ്പെടുത്താനാണ് സതീശന്‍ ശ്രമിക്കുന്നത് എന്ന വാദം ഉയര്‍ത്തിക്കൊണ്ടു വരാനാണ് രാഹുല്‍ അനുകൂലികള്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടിക്കൊണ്ട് പോയാല്‍ പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ യു ഡി എഫിന് തലവേദന ഉണ്ടാകുമെന്നാണ് മറുഭാഗത്തിന്റെ വിലയിരുത്തല്‍. സംരക്ഷിച്ചു വളര്‍ത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരസ്യമായി കൈവിട്ടത്. വിശ്വസിച്ചു കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശന്‍. നല്‍കിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്റെ ടീമില്‍ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറിയെന്നാണു വിവരം.രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവച്ചാല്‍ എതിരാളികളുടെ വായടപ്പിച്ച് പാര്‍ട്ടിക്ക് മുന്നേറാമെന്നാണ് കണക്കു കൂട്ടല്‍. സാങ്കേതികത്വം പറഞ്ഞു നിന്നാല്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്കും നാണക്കേടിലേയ്ക്കും പാര്‍ട്ടി പോകുമെന്നും പ്രതിപക്ഷ നേതാവ് വിലയിരുത്തുന്നു. രാഹുല്‍ വിഷയം അടിമുടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അതില്‍ നിന്ന് പുറത്ത് കടന്ന് മുന്നേറാന്‍ എം എല്‍ എ സ്ഥാനത്ത് നിന്ന് രാജി കൊണ്ടേ കഴിയൂവെന്ന വാദമാണ് സതീശനടക്കമുള്ളവര്‍ മുന്നോട്ട് വയ്ക്കുന്നത്. അത് നിയമസഭയിലും പുറത്തും പാര്‍ട്ടിക്ക് എതിരാളികളെ തിരിച്ചടിക്കാനുള്ള നല്ല ആയുധമാകുമെന്നാണ് ഇവരുടെ പക്ഷം. രാഹുല്‍ തിരുവനന്തപുരത്ത് എത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ രാജിയുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.