മലയാള മണ്ണിൽ പന്തുതട്ടാൻ മിശിഹാ വരുന്നെന്ന വാർത്തയാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികളെ ആവേശഭരിതരാക്കിയിരിക്കുന്നത്. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഇപ്പോഴിതാ ‘ഞങ്ങൾ കേരളത്തിലേക്ക് വരുന്നു’ എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ വീഡിയോ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പുറത്തുവിട്ടു. പ്രൊമോ വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർക്ക് AFA നന്ദി അറിയിച്ചു. ഈ നീക്കം കായിക മേഖലയുടെ ആഗോളതലത്തിലുള്ള വിപുലീകരണത്തിന് പുതിയ അധ്യായം കുറിക്കുമെന്ന് എഎഫ്എ ഇന്ത്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.‘അര്‍ജന്റീന ദേശീയ ടീം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി 2025 നവംബറില്‍ കേരളത്തിലെത്തും. ഒരുവര്‍ഷം മുന്‍പ് മാഡ്രിഡിലെ ഞങ്ങളുടെ ആസ്ഥാനത്തുവെച്ച് കേരളാ സര്‍ക്കാരുമായി ആരംഭിച്ച പദ്ധതിയാണിത്. ആഗോളതലത്തില്‍ കായിക മേഖലയുടെ വിപുലീകരണത്തിന് എഎഫ്എ പുതിയ അധ്യായം ആരംഭിക്കുകയാണ്’- എഎഫ്എ ഇന്ത്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.