ജ്ഞാന സമ്പദ് വ്യവസ്ഥയും നിര്‍മിത ബുദ്ധിയും

Wait 5 sec.

സിയര്‍ മനുരാജ് ലോകം മുഴുവന്‍ ജ്ഞാന സമ്പദ് വ്യവസ്ഥ വളരുകയാണ്. പരമ്പരാഗത സമ്പദ് വ്യവസ്ഥകളില്‍ സമ്പത്ത് ഉണ്ടാക്കിക്കൊണ്ടിരുന്നത് മൂലധനത്തില്‍ നിന്നായിരുന്നു എങ്കില്‍ ആധുനിക ജ്ഞാന സമ്പദ്്വ്യവസ്ഥയില്‍ ജ്ഞാനം, അറിവ്, വൈദഗ്ധ്യം എന്നിവയാണ് ഒരു കമ്പനിയുടെ സമ്പത്ത് വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. തൊഴിലാളികളുടെ കേവല അധ്വാനത്തിന്റെ സ്ഥാനത്ത് അവര്‍ക്കെത്ര മാത്രം സവിശേഷമായ തൊഴില്‍ നൈപുണികള്‍ ഉണ്ട് എന്നതാണ് ജ്ഞാന സമ്പദ്്വ്യവസ്ഥകളുടെ വളര്‍ച്ച നിശ്ചയിക്കുന്ന ഏറ്റവും പ്രധാന ഘടകം. ലോക സമ്പദ്്വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതലും ഇന്റര്‍നെറ്റ് നിര്‍മിത ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറി. അറിവ്, വൈദഗ്ധ്യം എന്നിവ ബിസിനസ്സ് അസംസ്‌കൃത വസ്തുക്കളായും മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഉത്പന്നമായും മാറുന്നതിനെയാണ് നമ്മള്‍ സാമാന്യമായി ജ്ഞാന സമ്പദ്്വ്യവസ്ഥ എന്ന് വിളിക്കുന്നത്. ആഗോള ജ്ഞാന സമ്പദ്്വ്യവസ്ഥയില്‍ ഇന്ത്യയുടെ സ്ഥാനം ക്രമമായി ഉയരുകയാണ്.2024ലെ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം ലോകരാജ്യങ്ങള്‍ക്കിടയില്‍ 39 ആണ്. സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ ഇതിനകം മാറിയിട്ടുണ്ട്. സയന്‍സ് സാങ്കേതികവിദ്യകള്‍, എന്‍ജിനീയറിംഗ്, ഗണിതം എന്നീ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ ബിരുദദാരികളെ ഉണ്ടാക്കുന്ന രണ്ടാമത്തെ വലിയ രാജ്യം ഇന്ത്യയാണ്. വികസനത്തിന് അനുഗുണമായ സ്റ്റാര്‍ട്ട് അപ്പ് സിസ്റ്റം വികസിപ്പിക്കുന്നതിലും ഇന്ത്യ വളരെയധികം മുന്നോട്ട് പോയിരിക്കുന്നു.ജ്ഞാന സമ്പദ്്വ്യവസ്ഥയുടെ ഭാവി നിശ്ചയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ നിര്‍മിത ബുദ്ധി എന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഒരു ചെറു റീല്‍ മുതല്‍ ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വരെ നിര്‍ണായക പങ്കുവഹിക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിയും. കോടാനുകോടി വരുന്ന വിവര ശേഖരങ്ങളെ ഉണ്ടാക്കാനും വിശകലനം ചെയ്യാനും അത്തരം വിശകലനങ്ങളില്‍ നിന്ന് വിവരങ്ങളുടെ അടുത്ത തലമുറയെ ഉണ്ടാക്കാനും ഒക്കെയുള്ള അനിതരസാധാരണമായ കഴിവുകള്‍ നിര്‍മിത ബുദ്ധിക്കുണ്ട്. സമ്പദ് വ്യവസ്ഥയെ മാത്രമല്ല, ഭൂമിയിലെ ഏതൊരു മനുഷ്യന്റെയും നിത്യജീവിതത്തെ ഗുണകരമായും ദോഷകരമായും ബാധിക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിയും എന്ന ബോധം നമുക്കെല്ലാവര്‍ക്കും ഉണ്ടല്ലോ. ഈ പശ്ചാത്തലത്തില്‍ നിര്‍മിത ബുദ്ധിയും വ്യക്തികളുടെ സ്വകാര്യതയും തമ്മിലുള്ള ചില ഏറ്റുമുട്ടലുകള്‍ സ്വാഭാവികമായും ഉണ്ടാകുമല്ലോ.നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികളും സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം വ്യാജ വീഡിയോസ്, ഓഡിയോസ് ഉണ്ടാക്കുന്നത് പതിവ് കാര്യങ്ങളാണ്. വ്യക്തികള്‍ സാധനങ്ങള്‍ വാങ്ങുന്ന രീതിയെ നിയന്ത്രിക്കാന്‍, അവരുടെ രാഷ്ട്രീയ ബോധത്തെ സ്വാധീനിക്കാന്‍, അവരുടെ ജീവിത വീക്ഷണത്തെ പരിവര്‍ത്തിപ്പിക്കാന്‍, അവരുടെ സാമൂഹിക ജീവിതത്തെയും ലൈംഗിക ജീവിതത്തെയും സമയം ചെലവഴിക്കുന്ന രീതികളെയും എല്ലാം നേരിട്ട് തന്നെ സ്വാധീനിക്കാന്‍ ഇന്ന് നിര്‍മിത ബുദ്ധിക്ക് കഴിയും. വ്യാജ സൈറ്റുകളിലൂടെ ആളുകളുടെ പണം തട്ടിയെടുക്കാന്‍ നിര്‍മിത ബുദ്ധി കള്ളന്മാരെ സഹായിക്കുന്നു. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഊബര്‍ തുടങ്ങിയ ഷെയര്‍ കാര്‍ സംവിധാനങ്ങള്‍, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ആപ്പുകള്‍, സ്‌പോട്ടിഫൈ പോലുള്ള മ്യൂസിക് ആപ്പുകള്‍, ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങി ബേങ്കുകള്‍, സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍, കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഉള്ള യാത്രകള്‍, രാജ്യങ്ങളുടെ മിലിട്ടറി, അന്തരീക്ഷ നിരീക്ഷണ സംവിധാനങ്ങള്‍, ആധുനിക ചികിത്സാ സംവിധാനങ്ങള്‍, സിനിമ, ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങള്‍ തുടങ്ങി ഏതാണ്ട് ലോകത്തിലെ സമസ്ത കാര്യങ്ങളിലും നിര്‍മിത ബുദ്ധി ഇന്ന് ഇടപെടുന്നുണ്ട്.കൃത്യത ആവശ്യമായ സ്ഥലത്ത് മനുഷ്യരേക്കാള്‍ കൃത്യമായി പ്രവര്‍ത്തിക്കാനും മനുഷ്യന് കഴിയുന്നതിനേക്കാള്‍ എളുപ്പത്തിലും വേഗത്തിലും വിവരങ്ങള്‍ കണ്ടെത്താനും വിശകലനം ചെയ്യാനും നിഗമനങ്ങളില്‍ എത്താനും തീരുമാനങ്ങള്‍ എടുക്കാനും നിര്‍മിത ബുദ്ധിക്ക് കഴിയും. നിര്‍മിത ബുദ്ധിക്ക് ഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ അവക്ക് ദോഷങ്ങളും ഉണ്ട്. ഒരു വ്യക്തിക്കോ കമ്പനിക്കോ അല്ലെങ്കില്‍ ഭരണകൂടത്തിന് തന്നെയോ ഗുണകരമായ കാര്യങ്ങള്‍ ചെയ്യുന്നതിനായി മറ്റൊരാളുടെ മേല്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രേരണയോ നിര്‍ബന്ധമോ ആഗ്രഹമോ ജനിപ്പിക്കാന്‍ ഇന്ന് കഴിയും. വ്യക്തിക്ക് അയാളുടെ യുക്തി ഉപയോഗിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്ത വിധം അയാളെക്കൊണ്ട് തീരുമാനങ്ങളെടുപ്പിക്കാന്‍ ഇന്ന് നിര്‍മിത ബുദ്ധിക്ക് കഴിയും. ജാഗ്രതയോടെ ജീവിക്കാത്ത പക്ഷം നിര്‍മിത ബുദ്ധി ഉണ്ടാക്കുന്ന ഒരു ലോകത്തിനകത്ത് വ്യക്തികളെ, പാവക്കൂത്തുകാരന്റെ വിരലുകള്‍ക്കൊപ്പം ചലിക്കുന്ന പാവകളെന്ന പോലെ, യാന്ത്രികമായ ഒരു അസ്തിത്വത്തിലേക്ക് മാറ്റാന്‍ നിര്‍മിത ബുദ്ധിക്കു കഴിയും.നിര്‍മിത ബുദ്ധി ഇന്ന് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ സത്യമേതാണ് മിഥ്യയേതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വിവരങ്ങള്‍ വരുന്നത്. പ്രശസ്തരായ ആളുകളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദ സന്ദേശങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കുന്നു. സിനിമാ നടിമാരുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും വരുന്നു. വ്യക്തികളുടെ സ്വകാര്യതക്ക് യാതൊരു പരിഗണനയും നല്‍കാതെ “പണമുണ്ടാക്കുക’ എന്ന ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന പ്രവണതകളെ ഭരണകൂടം നിയന്ത്രിക്കേണ്ടതുണ്ട്. ഒരാളുടെ സമ്മതമോ അറിവോ കൂടാതെ അയാളുടെ മാനസിക വ്യാപാരങ്ങളില്‍ പോലും കടന്നുകയറാനും അല്‍ഗോരിതം നിശ്ചയിക്കുന്ന ഇടങ്ങളിലേക്ക് വ്യക്തികളെ നയിക്കാനും നിര്‍മിത ബുദ്ധിക്ക് കഴിയും എന്നത് അത്ര സുഖകരമായ കാര്യമല്ല. വ്യക്തിയുടെ സ്വകാര്യത എന്ന ആശയത്തിനകത്ത് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു.സോഷ്യല്‍ മീഡിയ എന്നത് ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന ഒന്നായിട്ടാണ് തുടക്കത്തില്‍ നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ വര്‍ത്തമാന കാലത്ത് ജനാധിപത്യത്തെ തകര്‍ക്കുന്ന തരത്തില്‍ നിര്‍മിത ബുദ്ധിയുടെ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയും. ഇത്തരം ഇടപെടലുകളുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ വര്‍ത്തമാന സത്യാനന്തര ലോകത്ത് നമുക്കൂഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരിക്കും.ഇന്ത്യയില്‍ വ്യക്തികളുടെ ഡിജിറ്റല്‍ ഡാറ്റ പ്രൈവസി സംരക്ഷിക്കാനുള്ള നിയമം ഉണ്ട്. എന്നാല്‍ നിര്‍മിത ബുദ്ധിയുടെ തെറ്റായ പ്രയോഗങ്ങളെ തടയാന്‍ മാത്രമുള്ള ഒരു നിയമം ഇല്ല. നിര്‍മിത ബുദ്ധിയുടെ തെറ്റായ ഉപയോഗങ്ങളെ കൃത്യമായി കണ്ടെത്താനും തടയാനും കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുമുള്ള ലീഗല്‍ സംവിധാനം ഇല്ലാത്തതിനാല്‍ നിരവധി ആളുകളാണ് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിര്‍മിത ബുദ്ധിയുടെ ബലിയാടുകളാകുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന വ്യക്തികളും കമ്പനികളും സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അവയുടെ ദോഷങ്ങള്‍ കുറക്കാന്‍ കഴിയൂ. നിര്‍മിത ബുദ്ധിയുടെ ഉപയോഗം കൂടുതല്‍ സുതാര്യമായതും വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കാത്തതുമാകണം.നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുടെ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വം കമ്പനികളും വ്യക്തികളും ഏറ്റെടുക്കുകയും വേണം. എന്താണ് സത്യം, ഏതാണ് വ്യാജം എന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആളുകളെ നിര്‍മിത ബുദ്ധി നിസ്സഹായരാക്കുന്നു. പരസ്പര വിശ്വാസം എന്നൊന്ന് സാധ്യമേയല്ലാത്ത രീതിയില്‍ ആളുകളെ നിര്‍മിത ബുദ്ധി മനോവിഭ്രാന്തിയിലാക്കുന്നു. ആളുകളെ കൂടുതല്‍ നിഷ്‌ക്രിയരാക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും ആളുകളെ കബളിപ്പിക്കുകയും അവര്‍ക്കിടയില്‍ സാമൂഹികമായ വിടവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ നിയമങ്ങളിലൂടെ നിര്‍മിത ബുദ്ധിയുടെ ഗുണങ്ങള്‍ മാത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ഭരണകൂടം ഒട്ടും വൈകാതെ സ്വീകരിക്കേണ്ടതുണ്ട്. ജ്ഞാന സമ്പദ്്വ്യവസ്ഥയുടെ വളര്‍ച്ച ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമായ രീതിയിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ നിര്‍മിത ബുദ്ധിയെ തള്ളിക്കളഞ്ഞുകൊണ്ടുള്ള സാമ്പത്തിക വികാസവും സാധ്യമല്ല. ആ നിലക്ക് കാര്യക്ഷമമായ നിയമ സംവിധാനത്തിനകത്ത് നിര്‍മിത ബുദ്ധിയെ മെരുക്കുകയേ രക്ഷയുള്ളൂ.