സ്വകാര്യ സര്‍വകലാശാലകളില്‍ ഒ ബി സി- ദളിത് വിവേചനം

Wait 5 sec.

രാജ്യത്തെ ഉന്നത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒ ബി സി, ദളിത് അനുപാതം സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്റെ കണക്ക് തെറ്റാണെന്ന് തുറന്നു കാട്ടുന്നു വിദ്യാഭ്യാസ പാര്‍ലിമെന്ററി സമിതി ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ച റിപോര്‍ട്ട്. ഒ ബി സി 40 ശതമാനം, എസ് സി 14.9 ശതമാനം, എസ് ടി അഞ്ച് എന്നിങ്ങനെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പുറത്തുവിട്ട കണക്ക്. എന്നാല്‍ പല സ്വകാര്യ സര്‍വകലാശാലകളിലും ഒ ബി സി വിഭാഗക്കാരായ വിദ്യാര്‍ഥികളുടെ അനുപാതം പത്ത് ശതമാനമോ അതില്‍ താഴെയോ ആണെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പാര്‍ലിമെന്ററി സമിതി റിപോര്‍ട്ട് വ്യക്തമാക്കുന്നു. അതിനേക്കാളും പരിതാപകരമാണ് പട്ടിക ജാതി- പട്ടിക വര്‍ഗത്തിന്റെ ഇടം.2024-25 വിദ്യാഭ്യാസ വര്‍ഷത്തില്‍ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ പ്രവേശനം നേടിയ 5,173 വിദ്യാര്‍ഥികളില്‍ 514 പേര്‍ (10 ശതമാനം) മാത്രമാണ് ഒ ബി സി വിഭാഗക്കാര്‍. 29, 04 എന്നിങ്ങനെയാണ് യഥാക്രമം എസ് സി (അഞ്ച് ശതമാനം), എസ് ടി (0.08 ശതമാനം) വിദ്യാര്‍ഥികളുടെ എണ്ണം. ശിവ് നാടാര്‍ യൂനിവേഴ്‌സിറ്റിയില്‍ പട്ടിക വിഭാഗക്കാരുടെ എണ്ണം ഒരു ശതമാനം മാത്രം. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂനിവേഴ്‌സിറ്റിയില്‍ ഒരു ശതമാനത്തില്‍ താഴെയും. ഈ മൂന്ന് മുന്‍നിര യൂനിവേഴ്‌സിറ്റികളിലെയും മൊത്തം ഒ ബി സി വിദ്യാര്‍ഥികളുടെ കണക്കെടുത്താല്‍ 11.6 ശതമാനം മാത്രമേ വരൂ.അതേസമയം, സര്‍ക്കാറിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ ബി സി, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് ഏറെക്കുറെ മതിയായ പ്രാതിനിധ്യം ലഭിക്കുന്നുണ്ട്. 2022-23 വര്‍ഷത്തില്‍ സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ 38.9 ശതമാനം (1.7 കോടി) ഒ ബി സിക്കാരും 15.5 ശതമാനം (67.87 ലക്ഷം) പട്ടിക ജാതിക്കാരും 6.4 ശതമാനം (28.25 ലക്ഷം) പട്ടിക വര്‍ഗക്കാരുമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ സാമൂഹികാന്തരം പരിഹരിക്കാന്‍ ഒ ബി സിക്ക് 27 ശതമാനം, എസ് സി വിഭാഗത്തിന് 15 ശതമാനം, എസ് ടി വിഭാഗത്തിന് 7.5 ശതമാനം എന്ന തോതില്‍ സംവരണം ആവശ്യമാണെന്നും ഇതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമിതി റിപോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. സാധാരണ കുടുംബത്തിന് താങ്ങാനാകാത്ത വിധം വളരെ ഉയര്‍ന്നതാണ് സ്വകാര്യ സര്‍വകലാശാലകളിലെ ഫീസുകള്‍. ഇത് കുറവ് വരുത്താനുള്ള നിയമ നിര്‍മാണത്തിന്റെ ആവശ്യകതയും സമിതി റിപോര്‍ട്ട് എടുത്തു പറയുന്നു.ജനാധിപത്യ വ്യവസ്ഥയും ഇന്ത്യന്‍ ഭരണഘടനയും ശക്തമായി മുന്നോട്ടു വെക്കുന്ന ആശയമാണ് സാമൂഹിക നീതിയും അവസര സമത്വവും. ഭരണഘടനയുടെ 14 മുതല്‍ 17 വരെയുള്ള അനുഛേദങ്ങളില്‍ സാമൂഹിക നീതിയെക്കുറിച്ച് പറയുന്നുണ്ട്. പൗരന്മാരുടെ മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക നീതി ലഭിക്കേണ്ടത് പൗരന്മാരുടെ മൗലികാവകാശമാണെന്നാണ് ഇതിന്റെ വ്യക്തമായ സൂചന. ഇത് സാധ്യമാകണമെങ്കില്‍ ജാതി, മത ഭേദമന്യേ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും താഴെത്തട്ട് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ കടന്നു ചെല്ലാവുന്ന സ്ഥിതി കൈവരണം. സാമൂഹിക നീതിയും വിദ്യാഭ്യാസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സാമൂഹിക അവബോധമാണ് സമൂഹത്തില്‍ നീതി, സമത്വ ചിന്ത ശക്തമാക്കാനുള്ള മാര്‍ഗം. അതിനുള്ള മാധ്യമം കൂടിയാണ് വിദ്യാഭ്യാസം.കേന്ദ്ര സര്‍ക്കാറിനു കീഴില്‍ 240ഉം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ 445ഉം സ്വകാര്യ മേഖലയില്‍ 517ഉം സര്‍വകലാശാലകളാണ് 2021-22 വര്‍ഷത്തെ അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ മേഖലാ സര്‍വേ റിപോര്‍ട്ട് പ്രകാരം രാജ്യത്തുള്ളത്. നേരത്തേ സ്വകാര്യ സര്‍വകലാശാലകളോട് പുറംതിരിഞ്ഞു നിന്നിരുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ സ്വകാര്യ സര്‍വകലാശാല ബില്ലിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ ഈ മേഖലയില്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ സ്ഥാപിതമാകുകയും വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് മുന്‍കാലങ്ങളേക്കാളുപരി സ്വകാര്യ സര്‍വകലാശാലകളെ ആശ്രയിക്കുന്ന സ്ഥിതി സംജാതമാകുകയും ചെയ്യും.ഈ സാഹചര്യത്തില്‍ പൊതുമേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് മാത്രം സാമൂഹിക സമത്വം കൈവരിക്കാനാകില്ല. ലക്ഷ്യത്തിലെത്താന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ കൂടി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ സ്വീകരിക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(5) സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്നുണ്ട്. അതേസമയം, നിലവില്‍ സംവരണ നയങ്ങള്‍ നടപ്പാക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് നിയമപരമായ ഉത്തരവാദിത്വമില്ല. നിയമ നിര്‍മാണത്തിലൂടെ ആര്‍ട്ടിക്കിള്‍ 15(5) എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുകയാണ് ഇതിനുള്ള മാര്‍ഗം.പിന്നാക്ക സമുദായങ്ങളുടെയും കീഴാള ജാതിക്കാരുടെയും ഉന്നമനത്തിലും വളര്‍ച്ചയിലും താത്പര്യമില്ലാത്ത സവര്‍ണ, വര്‍ഗീയ ചിന്താഗതിക്കാരും ട്രസ്റ്റുകളുമാണ് സ്വകാര്യ സര്‍വകലാശാലകളില്‍ ബഹുഭൂരിഭാഗവും കൈയാളുന്നത്. ഒ ബി സി, ദളിത് വിഭാഗങ്ങളെ തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്താനാണ് അവരുടെ ശ്രമം. സംവരണവുമായി ബന്ധപ്പെട്ട ശക്തമായ നിയമ നിര്‍മാണം മാത്രമാണ് ഇതിനു പരിഹാരം. നിയമം ആവിഷ്‌കരിക്കുന്നതോടൊപ്പം സ്വകാര്യ സര്‍വകലാശാലകള്‍ അത് കൃത്യമായി നടപ്പാക്കുന്നുണ്ടോ, അതോ നിയമം അട്ടിമറിച്ച് പിന്നാക്ക വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ ഹനിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുമുണ്ട്.പാര്‍ലിമെന്ററി സമിതി റിപോര്‍ട്ടിലുമുണ്ട് ഇതുസംബന്ധിച്ച പരാമര്‍ശങ്ങള്‍. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി), പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍, എസ് സി- എസ് ടി കമ്മീഷനുകള്‍ തുടങ്ങിയ കേന്ദ്ര നിരീക്ഷണ സമിതികളെ ഉപയോഗിച്ച് സംവരണം ഉറപ്പ് വരുത്തണമെന്നാണ് സമിതിയുടെ ശിപാര്‍ശ. നടപ്പായാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒ ബി സി, ദളിത് വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുന്ന പ്രവണതക്ക് വലിയൊരളവോളം പരിഹാരമാകും സമിതി റിപോര്‍ട്ട് നിര്‍ദേശങ്ങള്‍.