കണ്ണൂര്‍ | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പുറത്തുനിന്ന് വസ്തുക്കള്‍ എറിഞ്ഞു കൊടുക്കുന്നതായി വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. സെന്‍ട്രല്‍ ജയിലില്‍ നിന്ന് നേരത്തെയും മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു.ന്യൂ ബ്ലോക്കില്‍ തടവില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് അടങ്ങിയ ഫോണ്‍ പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ജയിലില്‍ നിന്ന് നേരത്തെയും ഫോണുകള്‍ കണ്ടെത്താറുണ്ടെങ്കിലും കൃത്യമായി ആരുടെ ഫോണെന്ന് കണ്ടെത്താന്‍ കഴിയാറില്ലായിരുന്നു. ജയിലിലേക്ക് പുറത്തുനിന്നു സാധനങ്ങള്‍ എറിഞ്ഞുനല്‍കിയാല്‍ 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഫോണും ലഹരി മരുന്നുകളും പുകയില ഉല്‍പ്പന്നങ്ങളും ജയിലില്‍ എത്തിക്കാന്‍ ഒരു സംഘം തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തടവുകാരുമായി ബന്ധമുള്ളവരും കൂലി വാങ്ങി എറിഞ്ഞുനല്‍കുന്നവരും അതില്‍ ഉള്‍പ്പെടും.