റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുവെന്ന പേരിൽ ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച 25 ശതമാനം അധികതീരുവ പ്രാബല്യത്തിൽ വന്നതോടെ ഉൽപ്പന്നങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇതോടെ അമേരിക്ക ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തുന്ന അധികതീരുവ കാര്യമായ ആഘാതമുണ്ടാക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞിരുന്നുവെങ്കിലും അത് കേരളത്തിന്റെ പല മേഖലകളെയും ബാധിച്ചു തുടങ്ങിയെന്നാണ് കാണാൻ കഴിയുന്നത്.അമേരിക്കയിലുള്ള മലയാളികൾക്ക് ഇത്തവണ ഓണം ആഘോഷവും പാടായിരിക്കും. ഓണ വിപണിയേ ബാധിച്ച് അരിയടക്കമുള പലചരക്കിന് വില കൂടി. ഇനി അത്രയും വില കൊടുത്ത് വാങ്ങാൻ തീരുമാനിച്ചാൽ, സാധനങ്ങൾ ഒന്നും കിട്ടാനുമില്ല. അമേരിക്കയിലെ ഇന്ത്യൻ സ്റ്റോറുകളിൽ 30 ശതമാനം ആണ് വില്പന കുറഞ്ഞത്. മാത്രമല്ല, ഇനിയും കൂടിയാലോ എന്ന ആലോചിച്ച് പലരും സാധനങ്ങൾ വാങ്ങി സ്റ്റോർ ചെയ്യാറുമുണ്ട്.ALSO READ: പതിനാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പൺ എഐക്കെതിരെ മാതാപിതാക്കൾ കോടതിയിൽകേരളത്തിന്റെ സമുദ്രോൽപ്പന്ന കയറ്റുമതി മേഖല സ്തംഭിച്ചിരിക്കുകയാണ്. കയർ, ഭക്ഷ്യോൽപന്നങ്ങൾ, സുഗന്ധസത്ത് എന്നിവയ്ക്കെല്ലാം ക്രിസ്മസ് സീസൺ നഷ്ടമാവുന്ന സ്ഥിതിയാണ്. ആലപ്പുഴയിലെ കയർ മേഖലയ്ക്ക് വർഷം 1500 കോടിയുടെ കയറ്റുമതി അമേരിക്കയിലേക്കുണ്ട്. എന്നാൽ നിലവിൽ കുറച്ച് ഓർഡറുകൾ റദ്ദായിട്ടുണ്ട്. കുറഞ്ഞത് 600 കോടിയുടെ നഷ്ടമാകും ട്രംപിന്റെ തീരുവ മൂലം ആ മേഖലയിൽ മാത്രം ഉണ്ടാകാൻ പോകുന്നത്. കയറ്റി അയച്ചാൽ 45 ദിവസത്തോളം യുഎസിലെത്താൻ വേണമെന്നതിനാൽ അടുത്തമാസം തന്നെ ക്രിസ്മസ് സീസണിലേക്ക് കയറ്റുമതി തുടങ്ങേണ്ടതാണ്. ശൈത്യകാലത്തേക്കുള്ള ചവിട്ടികളും തടുക്കുകളുമെല്ലാം പാക്ക് ചെയ്ത് റെഡിയായപ്പോഴാണ് ട്രംപിന്റെ ചതി.ഏകദേശം 63,000 കോടി രൂപയുടെ സമുദ്രോൽപ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. അതില്‍ 21,000 കോടിയുടേത് അമേരിക്കയിലേക്കാണ്. ചെമ്മീന്‍, കൂന്തല്‍, കണവ തുടങ്ങിയ വിവിധയിനം ഉൽപ്പന്നങ്ങളാണ് കേരളം അമേരിക്കയിലേക്ക് അയക്കുന്നത്. രാജ്യത്തെ ഏറ്റവുമധികം സമുദ്രോൽപ്പന്ന സംസ്കരണ യൂണിറ്റുകളുള്ള കേരളം വന്‍ തൊഴില്‍നഷ്ടം എന്ന വെല്ലുവിളികൂടിയാണ് ഇതിലൂടെ നേരിടുക. 20 ലക്ഷംപേരെയാണ് ഈ മേഖലയിൽ ഇത് ബാധിക്കുക.അതേസമയം സുഗന്ധ സത്തിന്റെ കയറ്റുമതിയിൽ കേരളത്തിനു കുത്തകയുണ്ട്. രാജ്യത്തെ സുഗന്ധവ്യഞ്ജന സത്തുനിര്‍മാണ കമ്പനികൾ ഭൂരിഭാഗവും കേരളത്തിലാണ്. ഇത് ചൈനയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ പകരം കൊടുക്കാൻ കഴിയില്ല. നിലവിൽ അമേരിക്കയിലെ ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികൾ പറയുന്നത്. കേരളത്തിൽ നിന്നുള്ള സുഗന്ധ സത്ത് കയറ്റുമതിയുടെ 25 ശതമാനവും അമേരിക്കയിലേക്കാണ്. ഭക്ഷ്യോൽപന്നങ്ങളിലും മരുന്നുകളിലും പേഴ്സനൽ കെയർ പ്രോഡക്ടുകളിലുമാണ് ഇവയുടെ ഉപയോഗം കൂടുതൽ.അമേരിക്കയ്ക്കുപകരം മറ്റ് വിപണികള്‍ നോക്കുകയാണ് ഏക ബദൽ. എന്നാല്‍, വില കിട്ടണമെന്നില്ല. ജീവനക്കാരുടെ ശമ്പളം, ഓണക്കാല ബോണസ്, ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള വൈദ്യുതിച്ചെലവ്, കയറ്റുമതി ഓര്‍ഡറുകളുടെ അടിസ്ഥാനത്തില്‍ എടുത്ത ബാങ്ക് വായ്പകളുടെ പലിശ തുടങ്ങിയ നിരവധി വെല്ലുവിളിയാണ് കയറ്റുമതിക്കാര്‍ക്ക് മുന്നിലുള്ളത്. എന്തായാലും ട്രംപിന്റെ പ്രതികാരച്ചുങ്കം അൽപ്പം കടന്നുപോയി..The post കയർ കയറ്റുമതിയിൽ നഷ്ടം 600 കോടി, അമേരിക്കൻ മലയാളികളുടെ ഓണാഘോഷവും മാറ്റ് കുറയും; ട്രംപിന്റെ ചതിയിൽ നഷ്ടം കോടികൾ appeared first on Kairali News | Kairali News Live.