രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവധി അപേക്ഷ വന്നിട്ടില്ല; എ എന്‍ ഷംസീര്‍

Wait 5 sec.

തൃശൂര്‍| ലൈംഗികാരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അവധി അപേക്ഷ വന്നിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് രേഖാമൂലമോ വാക്കാലോ സ്പീക്കറുടെ ഓഫീസില്‍ ലഭിച്ചിട്ടുമില്ലെന്നും ഷംസീര്‍ പറഞ്ഞു. അറിയിപ്പ് ലഭിച്ചാല്‍ നിയമസഭയുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ പതിനഞ്ചിനായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അവധിയുമായി ബന്ധപ്പെട്ട അപേക്ഷയൊന്നും വന്നിട്ടില്ല.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിന്റെ ആഴം അറിയില്ല. കേസ് സ്പീക്കര്‍ മുന്‍പാകെ എത്തുമ്പോള്‍ ആവശ്യമായ തീരുമാനമെടുക്കും. ജനപ്രതിനിധികള്‍ക്കുനേരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അതേ രീതിയില്‍ തിരിച്ച് പ്രതികരിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാവരുതെന്ന് ഷംസീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ ഷാഫി പറമ്പില്‍ എംപി ക്ഷുഭിതനായി പ്രതികരിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് എ എന്‍ ഷംസീറിന്റെ പ്രതികരണം.