സരോവരത്ത് യുവാവിന്‍റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ്ഥലം തിരിച്ചറി‍ഞ്ഞു, വെള്ളം പറ്റിച്ച് മണ്ണ് നീക്കി പരിശോധന

Wait 5 sec.

കോഴിക്കോട്: കോഴിക്കോട് സരോവരത്ത് സുഹൃത്തുക്കൾ കെട്ടിതാഴ്ത്തിയ വിജിലിന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. സരോവരത്ത് ചതുപ്പിന് അകത്ത് ഒന്നാം പ്രതി നിഖിൽ കാണിച്ച സ്ഥലത്താണ് പരിശോധന. വെള്ളക്കെട്ട് വറ്റിച്ചു, മണ്ണ് നീക്കിയും വേണം തെരച്ചിൽ നടത്താൻ. സംഭവം നടന്നിട്ട് ആറര വർഷം പിന്നിട്ടത്തിനാൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുക നിർണായകമാണ്. ഫോറൻസിക് ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.2019 മാർച്ച് 24 ന് പ്രതികളുമായി ഒരുമിച്ച് ലഹരി ഉപയോഗിക്കുന്നതിനിടെയാണ് വിജിൽ മരിക്കുന്നത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് സുഹൃത്തുക്കൾ കൂടിയായ പ്രതികളുടെ മൊഴി. വിജിൽ മരിച്ചെന്ന് അറിഞ്ഞ ഉടൻ സ്ഥലംവിട്ട പ്രതികൾ രണ്ട് ദിവസത്തിന് ശേഷം തിരിച്ചെത്തിയാണ് മൃതദേഹം സരോവരത്തെ ചതുപ്പിൽ കല്ല് വെച്ച് താഴ്ത്തിയത്. തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. എട്ട് മാസത്തിന് ശേഷം സ്ഥലത്തെത്തിയ പ്രതികൾ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ എടുത്ത് കടലിൽ ഒഴുക്കിയെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. എട്ട് മാസം പിന്നിട്ടതോടെ, ഇനി പിടിക്കപ്പെടില്ല എന്ന പ്രതീക്ഷയിലാണ് മറ്റു തെളിവുകളും നശിപ്പിക്കാൻ തീരുമാനിക്കുന്നത്. ഉറ്റ സുഹൃത്തുക്കൾ ചെയ്ത ക്രൂരകൃത്യമറിഞ്ഞ ഞെട്ടലിലും വേദനയിലുമാണ് വിജിലിന്റെ കുടുംബം. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്.2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിജില്‍ തിരോധാന കേസിന്‍റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്ന് സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറാകാണ്ടെന്ന വിവരം പൊലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈല്‍ ഫോൺ ലൊക്കേഷന്‍ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം സുഹൃത്തുക്കളിലേക്കായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.