ദുബൈ| യു എ ഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പുതിയ പാസ്പോർട്ട് അപേക്ഷാ ചട്ടങ്ങൾ പുറത്തിറക്കി. പാസ്പോർട്ടിനായുള്ള ഫോട്ടോകൾക്ക് കർശനമായ മാനദണ്ഡങ്ങളാണുള്ളത്. സെപ്തംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ആഗോള വ്യോമയാന സംഘടനയായ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ സി എ ഒ)യുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയ നിർദേശത്തെ തുടർന്നാണ് ഇതെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.പുതിയ നിയമങ്ങൾ അനുസരിച്ച്, പാസ്പോർട്ട് അപേക്ഷകർ സമർപ്പിക്കുന്ന ഫോട്ടോകൾക്ക് നിരവധി നിബന്ധനകളുണ്ട്. ഫോട്ടോക്ക് വെളുത്ത പശ്ചാത്തലമായിരിക്കണം. മുഖം വ്യക്തമായി കാണുന്ന ക്ലോസ്-അപ്പ് ഷോട്ടായിരിക്കണം. പൂർണമായ മുഖഭാവം, തുറന്ന കണ്ണുകൾ, സ്വാഭാവികമായ ഭാവം എന്നിവ ഉണ്ടായിരിക്കണം. കണ്ണുകളിൽ നിഴലുകളോ ചുവപ്പ് കണ്ണുകളോ ഫ്ലാഷ് പ്രതിഫലനങ്ങളോ ഉണ്ടാകാൻ പാടില്ല. കണ്ണടകൾ ധരിക്കരുത്.മതപരമായ കാരണങ്ങളാൽ ശിരോവസ്ത്രം ധരിക്കാം, എന്നാൽ മുഖഭാവങ്ങൾ പൂർണമായി കാണണം തുടങ്ങിയവ നിബന്ധനകളിൽ പെടും. ഈ പുതിയ നിയമം എല്ലാ പാസ്പോർട്ട് അപേക്ഷകൾക്കും ബാധകമാണെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. ഔട്ട്സോഴ്സ് ചെയ്ത പാസ്പോർട്ട് സേവന ദാതാവായ ബി എൽ എസ് ഇന്റർനാഷണൽ കേന്ദ്രങ്ങളിൽ ഫോട്ടോഗ്രാഫി സേവനങ്ങൾ ലഭ്യമാണെങ്കിലും നവജാത ശിശുക്കൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കുന്ന മാതാപിതാക്കൾ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോ സ്വന്തമായി ലഭ്യമാക്കണം. അറിയിപ്പിൽ വ്യക്തമാക്കി.