അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഭർത്താവിനെയും ഇടതുകാലും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ സന്ധ്യക്ക് കൈത്താങ്ങായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ രാജഗിരി ആശുപത്രിയും സംയുക്തമായാണ് സന്ധ്യക്ക് അതിനൂതനമായ ചികിത്സയും കൃത്രിമക്കാലുകളും സൗജന്യമായി ലഭ്യമാക്കിയത്. ചികിത്സയ്ക്കായി മാത്രം ഏകദേശം 20 ലക്ഷം രൂപയോളം ചിലവ് വരുന്ന സ്ഥാനത്താണ് പൂർണ്ണമായും സൗജന്യമായി അത്യാധുനിക ഹൈഡ്രോളിക് ആംഗിൾ ഫൂട്ട് സന്ധ്യക്ക് നൽകിയത്.കൃത്രിമക്കാലിൽ നടന്നു തുടങ്ങിയ സന്ധ്യയുടെ വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറയുക എന്നത്. ഇതറിഞ്ഞ മമ്മൂട്ടി തന്റെ ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ച് രാജഗിരി ആശുപത്രിയിലെത്തി സന്ധ്യയെ സന്ദർശിച്ചു. കേവലം സാന്ത്വനത്തിൽ ഒതുക്കാതെ, സന്ധ്യയുടെ ഭാവി ജീവിതത്തിന് തണലേകാൻ വീടും അതിനായുള്ള സ്ഥലവും നൽകാമെന്ന ഉറപ്പും നൽകിയാണ് അദ്ദേഹം മടങ്ങിയത്. പോകുമ്പോൾ സന്ധ്യയ്ക്ക് ഒരു സാരിയും പ്രിയപ്പെട്ടൊരു ചെടിയും അദ്ദേഹം സമ്മാനമായി നൽകി.ALSO READ : മിഷൻ സുഭാഷ് സക്സസ്!; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചുകഴിഞ്ഞ വർഷം ഒക്ടോബർ 25-നായിരുന്നു സന്ധ്യയുടെ ജീവിതം മാറ്റിമറിച്ച ആ ദുരന്തം സംഭവിച്ചത്. ഭർത്താവ് ബിജുവിനെ ആ മണ്ണിടിച്ചിലിൽ നഷ്ടമായി. ഇതിന് തൊട്ടുമുൻപ് ക്യാൻസർ ബാധിച്ച് മകനും മരണപ്പെട്ടതോടെ സന്ധ്യ ആകെ തളർന്നിരുന്നു. നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ മാത്രമാണ് സന്ധ്യക്കിപ്പോൾ ഏക കൂട്ട്. നഷ്ടങ്ങളുടെ കയ്പുള്ള ഓർമ്മകളിൽ നിന്നും മമ്മൂട്ടിയുടെ കരുതലിന്റെ കരുത്തിൽ പുതിയ ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെക്കുകയാണ് സന്ധ്യ.The post സന്ധ്യയ്ക്ക് ഇനി മമ്മൂട്ടിയുടെ കരുതലിൽ പുതിയ ചുവടുകൾ; ചികിത്സയും വീടും ഉറപ്പുനൽകി താരം appeared first on Kairali News | Kairali News Live.