കാസര്‍കോട് | മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കാസര്‍കോട് നാലത്തടുക്ക സ്വദേശിനി ജസീല (24)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ ജസീല കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സ്വര്‍ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തില്‍ അയല്‍വാസികളില്‍ നിന്നും പോലീസില്‍ നിന്നുമുള്‍പ്പെടെ ജസീല മാനസിക പീഡനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മരണത്തില്‍ വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ജസീലയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ മാതാവായ ജസീല വിഷം കഴിച്ചത്. ജസീലയുടെ ഭര്‍ത്താവിന്റെ വീടിനടുത്തുള്ള അയല്‍വാസിയായ യുവാവും കുടുംബവും ചേര്‍ന്ന് മോഷണ ആരോപണം ഉന്നയിക്കുകയും സ്വഭാവഹത്യ നടത്തിയെന്നുമാണ് പരാതി. പോലീസ് സ്റ്റേഷനില്‍ വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ യുവതിയെ ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്. ആദൂര്‍ പോലീസ് ജസീലയെ ചോദ്യം ചെയ്‌തെങ്കിലും തെളിവിന്റെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു.