കൊച്ചി| ഒരാഴ്ചയായി കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങി കിടക്കുന്ന പൂച്ചയെ രക്ഷിച്ചു. ഫയര്‍ഫോഴ്‌സ് സംഘവും ആനിമല്‍ റെസ്‌ക്യൂ സംഘവും ചേര്‍ന്നാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. പൂച്ചയെ അനിമല്‍ റെസ്‌ക്യു ആംബുലന്‍സില്‍ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ സുഭാഷ് എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന പൂച്ചയാണ് മെട്രോ പില്ലറില്‍ കുടുങ്ങിയത്.മെട്രോയുടെ 385ാം പില്ലറിന്റെ സമീപത്താണ് പൂച്ച കുടുങ്ങിയത് എന്ന നിഗമനത്തില്‍ ഇവിടെയാണ് ആദ്യം പരിശോധന നടത്തിയത്. എന്നാല്‍ പൂച്ചയെ കണ്ടെത്താനായില്ല. ഇതോടെ രാത്രി 11.30ന് മെട്രോ സര്‍വീസുകള്‍ അവസാനിച്ച ശേഷം രക്ഷാ ദൗത്യം തുടരാമെന്ന് തീരുമാനിച്ചു. ഇതിനിടെ, പില്ലറിന് മുകളില്‍ തളര്‍ന്ന് ഒരു മൂലയില്‍ കിടക്കുന്ന പൂച്ചയുടെ ദൃശ്യം പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ രംഗത്ത് വന്നു. രാത്രിവരെ കാത്തിരുന്നാല്‍ പൂച്ചയുടെ ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയെ തുടര്‍ന്ന് വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങി. വൈദ്യുതി ലൈനുകളിലൂടെയുള്ള പ്രവാഹം വിശ്ചേദിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ പൂച്ചയെ കണ്ടെത്താനാകാത്തതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. മെട്രോ സര്‍വീസ് അവസാനിച്ചതിന് ശേഷമാണ് രാത്രി രക്ഷാ ദൗത്യം തുടര്‍ന്നത്.