ഭുബനേശ്വര്‍ | ഒഡീഷയിലെ ജര്‍സുഗുദയില്‍ പോലീസ് ജീപ്പും ട്രെയിലര്‍ ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 49ല്‍ ജര്‍സുഗുദ സദര്‍ പോലീസ് സ്‌റ്റേഷനു മുമ്പിലാണ് അപകടമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന മറ്റ് മൂന്ന് പോലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുമ്പു കമ്പികള്‍ വഹിച്ച ട്രെയിലര്‍ ട്രക്കും പോലീസിന്റെ ബൊലറോ ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.കാഷിറാം ഭോയ് (എ പി ആര്‍), നിരഞ്ജന്‍ കുജുര്‍ (ഡ്രില്‍ സബ് ഇന്‍സ്‌പെക്ടര്‍), ദേബദത്ത സാ (എ പി ആര്‍), ലുംഗരാജ് ധുറുവ (എ പി ആര്‍ ഹവില്‍ദാര്‍), ഭക്തബന്ധു മിര്‍ധ (ഹോം ഗാര്‍ഡ്) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ദുബരാജ് മിരിഗ് (എ പി ആര്‍), ആകാശ് നായിക് (എ പി ആര്‍), രാജിവ് ഭര്‍സാഗര്‍ (സെര്‍ജന്റ്) എന്നിവരെ ജര്‍സുഗുഡ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു വിവാഹാഘോഷ ചടങ്ങില്‍ പങ്കെടുത്ത് ഡ്യൂട്ടിക്കായി മടങ്ങുകയായിരുന്ന പോലീസുകാരാണ് അപകടത്തില്‍ പെട്ടത്. ട്രെയിലര്‍ ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.പാത രണ്ടോ നാലോ ലെയിന്‍ ആയി വികസിപ്പിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം സര്‍ക്കാറോ ദേശീയപാതാ അതോറിറ്റിയോ പരിഗണിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.