റമസാന്‍: അബൂദബിയിലെ അറവുശാലകള്‍ സജ്ജം, സ്മാര്‍ട്ട് ആപ്പുകള്‍ വഴി മാംസം വീട്ടിലെത്തിക്കാന്‍ സൗകര്യം

Wait 5 sec.

അബൂദബി | വിശുദ്ധ റമസാന്‍ മാസത്തോടനുബന്ധിച്ച് മാംസത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് നഗരത്തിലെ അറവുശാലകളില്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അബൂദബി സിറ്റി മുന്‍സിപ്പാലിറ്റി അറിയിച്ചു. അബൂദബി പോര്‍ട്ടിലെ ഓട്ടോമേറ്റഡ് അറവുശാലക്ക് പുറമെ ബനിയാസ്, അല്‍ ശാഹാമ, അല്‍ വത്ബ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളും പൂര്‍ണ സജ്ജമാണ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനമെന്ന് അധികൃതര്‍ വ്യക്തമാക്കി.തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ കശാപ്പുകാരെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. മൃഗങ്ങളെ അറുക്കുന്നതിന് മുമ്പും ശേഷവും വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടക്കും. ശുചിത്വ നടപടികളും സുരക്ഷാ മുന്‍കരുതലുകളും സംബന്ധിച്ച് ജീവനക്കാര്‍ക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ മുന്‍സിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ വിഭാഗം നല്‍കിയിട്ടുണ്ട്.അറവുശാലകളില്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ അംഗീകൃത സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ മുന്‍സിപ്പാലിറ്റി നിവാസികളോട് നിര്‍ദേശിച്ചു. അല്‍ ജസീറ അല്‍ ഖദ്റ, സബായെ അല്‍ ജസീറ, സബായെ അല്‍ ഇമാറാത്ത്, ദബീഹത്തി, ഹലാല്‍ മസാരിഅ്ന എന്നീ ആപ്പുകള്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ മാംസം വീട്ടിലെത്തും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാഹനങ്ങളില്‍ നിന്ന് ഇറങ്ങാതെ തന്നെ സേവനം ലഭ്യമാക്കാനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.അനധികൃതമായി വീടുകളിലോ തെരുവുകളിലോ പൊതുസ്ഥലങ്ങളിലോ വെച്ച് മൃഗങ്ങളെ അറുക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികളും പിഴയും ഉണ്ടാകും. ലൈസന്‍സില്ലാത്ത മൊബൈല്‍ കശാപ്പുകാരുടെ സേവനം തേടരുതെന്നും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി അംഗീകൃത കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.