1970കളില്‍ തൃശൂര്‍ ജില്ലയിലെ പഴുന്നാന, പട്ടിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പള്ളിമുറ്റങ്ങള്‍ അടിച്ചുവാരി നടന്നിരുന്ന ഒരു ഫഖീര്‍ ഉണ്ടായിരുന്നു, ശൈഖ് യൂസുഫ് അല്‍ഖാദിരി (റ). പള്ളികള്‍ക്ക് പുറമെ പൊതുശൗചാലയങ്ങള്‍, ആശുപത്രികള്‍ ഇവയെല്ലാം വൃത്തിയാക്കി സജ്ജീകരിക്കുക ആ പുണ്യപുരുഷന്റെ പതിവായിരുന്നു. അവരുടെ സീമന്ത പുത്രനാണ് ശൈഖുനാ പാണാവള്ളി ദാരിമി ഉസ്താദ്. പിതാവ് യൂസുഫുല്‍ ഖാദിരി, ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ക്ലാപ്പന മുഹമ്മദ് മുസ്‌ലിയാര്‍ എന്നീ പണ്ഡിതരില്‍ നിന്നാണ് വിജ്ഞാനം നേടിയത്. ഗുരുനാഥന്മാരില്‍ നിന്ന് നേടിയത് ഉപയോഗപ്പെടുത്തിയും സ്വന്തം കഠിനാധ്വാനം കൊണ്ട് ഗവേഷണം ചെയ്തും ആത്മീയ ചികിത്സാരംഗം വികസിപ്പിച്ച് ഒരു പുതുയുഗത്തിന് അദ്ദേഹം പിറവി കൊടുത്തു. ആ ഭൂമികയില്‍ നട്ടുവളര്‍ത്തിയ ബിരുദധാരികളായ രണ്ടായിരത്തിലധികം പണ്ഡിതന്മാര്‍ പാണാവള്ളി ഉസ്താദിന്റെ ശിഷ്യരായി ഉണ്ട്. ആത്മീയ ചികിത്സകളിലെ നെല്ലുംപതിരും വേര്‍തിരിച്ച് അത്യാധുനിക ഗവേഷണങ്ങളും മീഡിയകളും ഉപയോഗപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനം. മരുന്നും മന്ത്രവും മായാവി കഥകള്‍ അല്ലെന്ന് അദ്ദേഹം ജീവിതത്തിലൂടെ ബോധ്യപ്പെടുത്തി. ആയിരക്കണക്കിന് പേജുകളുള്ള രണ്ട് ഡസനോളം വരുന്ന ഗ്രന്ഥങ്ങള്‍ ഉസ്താദിന്റെ രചനയായി വിപണിയില്‍ ഉണ്ട്.വിയോഗ വാര്‍ത്ത പ്രചരിച്ചതോടെ പാണാവള്ളിയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കേരളം, തമിഴ്നാട്, കര്‍ണാടക പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നാടുനീളെ ജലാലിയ്യാ റാത്തീബ് സ്ഥാപിക്കുകയും നടത്തുകയും ചെയ്തിരുന്ന യൂസുഫുല്‍ ഖാദിരി സ്വന്തം നാടായ പണാവള്ളിയിലും അത് സ്ഥാപിക്കുകയുണ്ടായി. ആ പ്രശസ്ത മജ്ലിസ് മുടങ്ങാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സദസ്സായി മാറിയിരുന്നു. പാണാവള്ളി ഉസ്താദിന്റെ നേതൃത്വമാണ് ആ സദസ്സിന് മികവേറ്റിയത്.വിജ്ഞാനത്തെ നെഞ്ചോട് ചേര്‍ത്ത യൂസുഫുല്‍ ഖാദിരി സ്വന്തം വസതിയില്‍ വലിയ ലൈബ്രറി സ്ഥാപിച്ചിരുന്നു. ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും വിവിധ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന് അത് വിപുലപ്പെടുത്തി. വൈദ്യശാസ്ത്രത്തിലെയും അസ്മാഅ് ചികിത്സയിലെയും അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ ആ ലൈബ്രറിയെ വേറിട്ടതാക്കി. തന്റെ പിന്‍ഗാമികളായി പണ്ഡിതരുണ്ടാകണമെന്ന താത്പര്യത്തിലാണ് അബ്ദുല്ല, സഈദ് എന്ന പുത്രന്മാരെ ശംസുല്‍ ഉലമാ ഇ കെയുടെ ചാരത്ത് പഠിക്കാന്‍ കൊണ്ടുപോയി ഏല്‍പ്പിച്ചത്. ആ സ്വപ്നം പൂവണിഞ്ഞു.പിതാവ് സ്ഥാപിച്ച ലൈബ്രറി വികസിപ്പിച്ച പാണാവള്ളി ഉസ്താദ് തന്റെ വീട് നിന്നിരുന്ന സ്ഥലത്ത് ദാറുല്‍ ഹികം എന്ന പേരില്‍ ഉന്നതമായ മത ഭൗതിക കലാലയം സ്ഥാപിച്ചു. അനവധി വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചു വരുന്നു. തന്റെ ഉസ്താദുമാരെ തള്ളിപ്പറയാതെ തന്നെ താജുല്‍ ഉലമയുടെയും സുല്‍ത്വാനുല്‍ ഉലമയുടെയും നേതൃത്വത്തിന് പിന്നില്‍ അടിയുറച്ചു നിന്നു. ഖാദിരി, ശാദുലി, രിഫാഈ ത്വരീഖത്തുകളില്‍ ധാരാളം രിയാളകളും ഇജാസകളും കൈവശപ്പെടുത്തിയുള്ള ചിട്ടയായ ജീവിതമായിരുന്നു ഉസ്താദിന്റേത്.