ലൈഫ് മിഷൻ/കല്‍പ്പറ്റ ടൗണ്‍ഷിപ്പ്‌: അതിജീവനത്തിന്റെ കേരള സ്റ്റോറി

Wait 5 sec.

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ട രണ്ട് ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ലൈഫ് മിഷന്‍ മുഖേന പത്ത് വര്‍ഷത്തിനുള്ളില്‍ അഞ്ച്ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചെന്ന പ്രഖ്യാപനം. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കായി കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം. ഇത് രണ്ടും കേവലമായ ചടങ്ങുകളല്ല. മനുഷ്യന്റെ അതിജീവനത്തെയും ജീവനോപാധികളെയും ഉറപ്പാക്കുന്ന സാമൂഹിക ഇടപെടലുകളുടെ സാക്ഷാത്കാരമാണ്.സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതില്‍ സുരക്ഷിതമായ വീടും എന്നത് സാധാരണ മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഏകോപിതമായ രൂപം എന്ന നിലയിലാണ് 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ ആരംഭിച്ചത്. ഭവന നിര്‍മാണത്തെ ക്ഷേമപദ്ധതിയായി മാത്രമല്ല, ഒരു അവകാശമായി കൈകാര്യം ചെയ്തു. അഞ്ച് ലക്ഷം വീടുകള്‍ എന്ന അഭിമാന സംഖ്യയില്‍ നേട്ടം എത്തുമ്പോള്‍ എണ്ണപ്പെടുന്നത് ചുവരുകളും മേല്‍ക്കൂരകളും അല്ല, ഇരുപത് ലക്ഷത്തില്‍പരം മനുഷ്യരുടെ ജീവിതമാണ്.മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ മനുഷ്യന്റെ നിസ്സഹായതയുടെ ആഴം കാണിച്ച ദുരന്തമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ നമ്മുടെയാകെ വേദനയായി. ഇന്ന് കല്‍പ്പറ്റ പട്ടണത്തിനു സമീപം ഉയര്‍ന്ന ടൗണ്‍ഷിപ്പ് സാങ്കേതികമായി ഒരു കെട്ടിടസമുച്ചയം ആണെന്ന് വിശേപ്പിക്കാമെങ്കിലും അത് ‘ആരും ഒറ്റക്കല്ല’ എന്ന സമൂഹത്തിന്റെ ഉറച്ച വാക്കാണ്. ദുരന്തനിവാരണവും പുനരധിവാസവും വെറും അടിയന്തര സഹായമായി ഒതുങ്ങാതെ, മാന്യമായ ജീവിതത്തിലേക്കുള്ള പൂര്‍ണ പുനഃപ്രവേശനമാകണം എന്ന തീരുമാനത്തിന്റെ പ്രായോഗിക രൂപമാണ് അത്.കിടപ്പാടമില്ലാത്തവര്‍ക്ക് വീടും ദുരന്തബാധിതര്‍ക്ക് സുരക്ഷിതമായ പുനരധിവാസവും സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാകുമ്പോള്‍, പറഞ്ഞത് ചെയ്യും എന്ന വാക്കാണ് പാലിക്കപ്പെടുന്നത്. നാടിന്റെ വികസനം എന്നത് കൂട്ടിയും കിഴിച്ചും അവതരിപ്പിക്കുന്ന കണക്കുകളല്ല; മറിച്ച് പിന്നിലായവരെ മുന്നിലാക്കുന്നതാണ് എന്ന തിരിച്ചറിവാണ് ഈ നേട്ടങ്ങളുടെ അടിസ്ഥാനം. ഇതിനെ ഭരണനേട്ടത്തിന്റെ ആഘോഷം മാത്രമായി കാണുന്നതിന് പകരം മനുഷ്യജീവിതത്തിന്റെ ഗൗരവവും മനുഷ്യത്വത്തിന്റെ പ്രാധാന്യവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവായി സര്‍ക്കാര്‍ കാണുകയാണ്. നാടിന്റെ പല ഭാഗങ്ങളിലും ദുരന്തങ്ങള്‍ സംഭവിക്കാറുണ്ട്; പുനരധിവാസ വാഗ്ദാനങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍, വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായി മാറുന്ന ഇടപെടലുകള്‍ എളുപ്പം കണ്ടെത്താനാകില്ല. ആ അര്‍ഥത്തില്‍ കേരളത്തിന്റെ ദുരന്തനിവാരണ മാതൃകയും പൊതുവായ ക്ഷേമപ്രവര്‍ത്തനങ്ങളും ഏറെ തിളക്കമുള്ളതാണ്.ലൈഫ് ഭവനപദ്ധതിസമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷന്‍. 2026 ഫെബ്രുവരി 21 വരെ 6,04,046 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ ഭവനനിര്‍മാണ ധനസഹായം അനുവദിച്ചു. ഇതില്‍ അഞ്ച് ലക്ഷത്തിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. സ്വതന്ത്രമായ വീടുകള്‍ക്ക് പുറമെ ഭവനസമുച്ചയങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നാല് ഭവനസമുച്ചയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഒരു ഭവനസമുച്ചയം വിലയ്ക്ക് വാങ്ങി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 10 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നു. ഇതിനുപുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍, പാര്‍ട്ട്ണര്‍ഷിപ്പ് / സ്പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ 13 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഭൂരഹിത ഭവനരഹിതര്‍ക്ക് കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ ആരംഭിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിന്റെ ഭാഗമായി 29.20 ഏക്കര്‍ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്/ ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കി. ഇതിന്റെ ഭാഗമാകുന്നതിന് നിരവധി സംഘടനകളും സുമനസ്സുകളും സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്.വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര പദ്ധതിയായിട്ടാണ് സംസ്ഥാനത്ത് ‘ലൈഫ്’ നടപ്പാക്കുന്നത്. എല്ലാം ചേര്‍ത്ത് ഗുണഭോക്താക്കള്‍ക്ക് നാല് ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. സങ്കേതങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും വസിക്കുന്ന പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് നാല് ലക്ഷത്തിനു പകരം ആറ് ലക്ഷം രൂപയാണ് ആനുകൂല്യം.ലൈഫ് ഭവന പദ്ധതിക്കായി 2017-18 വര്‍ഷം മുതല്‍ ഇക്കഴിഞ്ഞ ദിവസം വരെയുള്ള ആകെ ചെലവ് 20,831.60 കോടി രൂപയാണ്. അതില്‍ 2,488.90 കോടി രൂപയാണ് കേന്ദ്ര വിഹിതം. ബാക്കി 18,342.70 കോടി രൂപ സംസ്ഥാന വിഹിതമാണ്. കേരളം ഇവിടെ വേറിട്ട് നില്‍ക്കുകയാണ്. ഇത്തരമൊരു സമ്പൂര്‍ണ പാര്‍പ്പിട-സുരക്ഷാ പദ്ധതി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ഇല്ല. ഉള്ള ചില പദ്ധതികള്‍ ഇതുപോലെ ലക്ഷ്യത്തിലെത്തുന്നുമില്ല.കല്‍പ്പറ്റ ടൗണ്‍ഷിപ്പ്വയനാട് ജില്ലയിലെ മുണ്ടക്കൈ- ചൂരല്‍മല മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. അനവധി ജീവനുകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട ആ ദുരന്തം സംഭവിച്ച ദിനം മുതല്‍ തന്നെ സര്‍ക്കാര്‍ സാധ്യമായ എല്ലാ ഊര്‍ജവും വിനിയോഗിച്ചു. വിവിധ രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, ജനങ്ങളുടെ നിസ്സീമമായ സഹകരണം ഇവയെല്ലാം ചേര്‍ന്നാണ് ആദ്യഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പൂര്‍ത്തീകരിച്ചത്. അതിനു പിന്നാലെ, പുനരധിവാസം എന്ന ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ദുരന്തബാധിതര്‍ക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാതൃകാ ടൗണ്‍ഷിപ്പ് പടുത്തുയര്‍ത്തുകയാണ്. ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം ഒന്നിന് നടക്കും.64.47 ഹെക്ടര്‍ ഭൂമിയില്‍ ഉയര്‍ന്നുവരുന്ന ഈ ടൗണ്‍ഷിപ്പില്‍ ആകെ 410 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 178 വീടുകള്‍ പൂര്‍ത്തിയായി. 410 വീടുകളുടെയും പണി തീരുന്നതോടെ 1,662ലധികം ആളുകള്‍ക്ക് സുരക്ഷിത കിടപ്പാടം ലഭ്യമാകും. എന്നാല്‍ ഇത് വീടുകളുടെ സമുച്ചയം മാത്രമല്ല. പൊതുറോഡുകള്‍, ആരോഗ്യ കേന്ദ്രം, അങ്കണ്‍വാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സമഗ്ര പാര്‍പ്പിട പദ്ധതിയാണ്. വയനാടിന്റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകള്‍ പരിഗണിച്ചാണ് നിര്‍മാണം നടക്കുന്നത്. കൂടാതെ, ഇവിടെ പണിയുന്ന വീടുകള്‍ ചെറിയ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പുനരധിവാസ പ്രവര്‍ത്തനം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ ഒതുങ്ങുന്നതല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കി. കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏഴ് ലക്ഷം രൂപ വീതവും ഒന്നില്‍ കൂടുതല്‍ കടമുറികള്‍ നഷ്ടമായാല്‍ അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷം രൂപ വീതവും അനുവദിക്കുന്നു. സംരംഭകര്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ 50 ശതമാനം വരെ നഷ്ടപരിഹാരം നല്‍കും. മാനുഫാക്ചറിംഗ് മേഖലയില്‍ പരമാവധി 20 ലക്ഷം രൂപ, സര്‍വീസ് മേഖലയിലാണെങ്കില്‍ 10 ലക്ഷം രൂപ, ട്രേഡ് മേഖലയിലാണെങ്കില്‍ ഏഴ് ലക്ഷം രൂപ എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അനുവദിക്കുന്നത്.ദുരന്തബാധിതരുടെ കടബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുത്തു. 155 കുടുംബങ്ങളുടെ 1,620 വായ്പകള്‍ ഏറ്റെടുത്തു. ഇതിന് ഏകദേശം 18.75 കോടി രൂപ ചെലവായി. കേന്ദ്രസര്‍ക്കാര്‍ കടബാധ്യത എഴുതിത്തള്ളാന്‍ കഴിയില്ലെന്ന നിലപാട് എടുത്തപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗമായി നിന്നില്ല.വിവിധ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ഇതര ഏജന്‍സികളും തൊഴിലാളികളും ചേര്‍ന്ന ഏകോപിതമായ പ്രവര്‍ത്തനഫലമാണ് മാതൃകാ ടൗണ്‍ഷിപ്പ്. ദുരന്തം സംഭവിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത്രയും വലിയ പുനര്‍നിര്‍മാണ ദൗത്യം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്ന ഒരു സമൂഹത്തിന്റെ കരുത്തിന് തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു.ഒരു കുടുംബത്തിന് സ്വന്തമായി വീട് ലഭിക്കുമ്പോള്‍ മതിലുകളും മേല്‍ക്കൂരയും മാത്രമല്ല കിട്ടുന്നത്, സുരക്ഷയും മാന്യതയും ആത്മവിശ്വാസവുമാണ്. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട സമൂഹത്തെ വീണ്ടും ഉയര്‍ത്തി നിര്‍ത്തുമ്പോള്‍, അതിനെ കേവലമായ കരുണയായല്ല സാമൂഹിക ഉത്തരവാദിത്വത്തിന്റെ നിര്‍വഹണമായാണ് സര്‍ക്കാര്‍ കാണുന്നത്. ഒരു വീട് കൈമാറുമ്പോള്‍, ഒരു കുടുംബത്തിന്റെ ഭാവി കൂടി കൈമാറുകയാണ്. ഒരു ടൗണ്‍ഷിപ്പ് പണിയുമ്പോള്‍, ഒരു സമൂഹത്തിന്റെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുകയാണ്.മഹാദുരന്തത്തിന്റെ ആദ്യ നാളുകളില്‍ തന്നെ കേരളം ഒറ്റക്കെട്ടായി ഉയര്‍ന്നുനിന്നു. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സേനാസംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി നാനാ മേഖലകളില്‍ നിന്നുള്ളവര്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഉജ്വലമായ ഉദാഹരണമാണ്. ആ ഘട്ടത്തില്‍ തന്നെ, ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ ലോകോത്തര നിലവാരത്തില്‍ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇന്ന്, ആ വാഗ്ദാനം യാഥാര്‍ഥ്യമായിരിക്കുന്നു. ഈ ചരിത്ര നിമിഷം സര്‍ക്കാറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന ഓരോ കൈയും പുനരധിവാസത്തിനായി അകമഴിഞ്ഞു സഹായം നല്‍കിയ ഓരോ മനസ്സും ചേര്‍ന്നുണ്ടാക്കിയ മഹാ നേട്ടമാണ്.ദുരന്തത്തെ അതിജീവിച്ചും വേദനയെ ശക്തിയാക്കി മാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്റെ യാത്ര, ഒറ്റക്കെട്ടായി നാം തീര്‍ത്ത ഒരു ‘റിയല്‍ കേരള സ്റ്റോറി’യാണ്. അത് ലോകത്തിന് മുന്നില്‍ ഒരു മാതൃകയായി ഉയര്‍ന്നുനില്‍ക്കും. മനുഷ്യസ്നേഹവും ഉത്തരവാദിത്വവും ചേര്‍ന്നാല്‍ ഒരു സമൂഹത്തിന് എത്ര ഉയരത്തില്‍ എത്താനാകുമെന്നതിന്റെ തെളിവായി തിളങ്ങി നില്‍ക്കും.