ഗ്രേറ്റ് നിക്കോബാറിലേത് വികസനമോ വധശിക്ഷയോ?

Wait 5 sec.

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിക്ക് കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയിരിക്കുകയാണ്. പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ട്, പദ്ധതിയുടെ തന്ത്രപ്രാധാന്യവും മറ്റു പ്രസക്തമായ പരിഗണനകളും കാരണം ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കിഴക്കന്‍ ബഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയാണ് അനുമതി നല്‍കിയത്. വിധിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നടക്കം വ്യാപക വിമര്‍ശങ്ങളാണുയരുന്നത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് ഹരജിക്കാര്‍.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിന്റെ തെക്കേ അറ്റത്തുള്ള ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് ഭൂമിയിലെ തന്നെ ഏറ്റവും പ്രാകൃതവും ഒറ്റപ്പെട്ടതുമായ ആവാസ വ്യവസ്ഥകളിലൊന്നാണ്. ഗ്രേറ്റ് നിക്കോബാറിനെ തന്ത്രപരവും സാമ്പത്തികവുമായി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പദ്ധതി ദ്വീപിനെ വ്യാപാര കേന്ദ്രമാക്കി മാറ്റാനും ദ്വീപിനെ ലോകവുമായി ബന്ധിപ്പിക്കാനും അവസരമൊരുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. അതോടൊപ്പം ചൈനയുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനും നിക്കോബാറില്‍ ശക്തമായ സൈനിക പ്രതിരോധം കെട്ടിപ്പടുക്കാനും പദ്ധതി വഴിയൊരുക്കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. ലോക വാണിജ്യത്തിന്റെ 40 ശതമാനവും ചൈനയുടെ വാണിജ്യത്തിന്റെ 80 ശതമാനവും ഊര്‍ജോത്പന്നങ്ങളുടെ സഞ്ചാരം നടക്കുന്ന മലാക്ക കടലിടുക്കിന് അഭിമുഖമായ ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിന്റെ സ്ഥാനം പ്രധാനമാണ്.ചൈനയുമായി ഭാവിയില്‍ സംഘര്‍ഷത്തിലേര്‍പ്പെടേണ്ട സാഹചര്യം വന്നാല്‍ ദ്വീപില്‍ ശക്തമായ സൈനിക സാന്നിധ്യമുണ്ടാകുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രം കരുതുന്നു. 166 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പദ്ധതിയില്‍ പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്. ഗലാത്തിയ തീരത്ത് പ്രതിവര്‍ഷം 16 ദശലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട്, സൈനിക -സിവില്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന വിമാനത്താവളം, തൊഴിലാളികള്‍ക്കും മറ്റുമായി നിര്‍മിക്കുന്ന സംയോജിത ടൗണ്‍ഷിപ്പ്, ഗ്യാസ് – സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 450 മെഗോവോള്‍ട്ട് ആംപിയര്‍ (എം വി എ) പവര്‍ പ്ലാന്റ് എന്നിവയാണവ. 81,000 കോടി രൂപ മുതല്‍ 92,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നിലവില്‍ 8,000 പേര്‍ മാത്രം വസിക്കുന്ന ഈ ദ്വീപിലെ ജനസംഖ്യയെ 30 വര്‍ഷം കൊണ്ട് മൂന്നര ലക്ഷമായി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.പരിസ്ഥിതിലോലമായ ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ ഒരു നഗര കേന്ദ്രം പണിതുയര്‍ത്തുന്നതില്‍ പാരിസ്ഥിതികമായി നിരവധി ആശങ്കകള്‍ അവശേഷിക്കുന്നുണ്ട്. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പദ്ധതിയുടെ സുരക്ഷയെയും പ്രായോഗികതയെക്കുറിച്ചുമുള്ള ആശങ്കയേറെയാണ്.ഇവിടെ നിന്ന് വെറും 80 മൈല്‍ മാത്രം അകലെയാണ് 2004ലെ സുനാമിക്ക് കാരണമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നതും അന്ന് ദ്വീപിന്റെ തെക്കേ അറ്റം 15 അടി കടലില്‍ താഴ്ന്ന് പോയെന്നതും ആശങ്കയേറ്റുന്നു. ഇത്തരം പ്രകൃതി ദുര്‍ബല മേഖലകളില്‍ കൂടുതല്‍ നിര്‍മാണങ്ങള്‍ നടത്തുന്നത് ഭൂപ്രദേശത്തിന്റെ നിലനില്‍പ്പിനെ തന്നെ സാരമായി ബാധിക്കുന്നതാണ്. ടൗണ്‍ഷിപ്പിനും വിമാനത്താവളത്തിനുമായി ഏതാണ്ട് ഒമ്പത് ലക്ഷത്തിലേറെ മരങ്ങള്‍ ഉള്‍പ്പെടുന്ന ഉഷ്ണമേഖലാ വനങ്ങള്‍ വെട്ടിമാറ്റുന്നത് പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെ സാരമായി ബാധിക്കുകയും പല ജീവികളുടെയും ആവാസ വ്യവസ്ഥ നഷ്ടപ്പെടുത്തുകയും ചെയ്യും. ഗലാത്തിയ തീരം വംശനാശഭീഷണി നേരിടുന്ന ലെതര്‍ബാക്ക് കടലാമകളുടെ പ്രധാന പ്രജനന കേന്ദ്രമാണ്.നിക്കോബാര്‍ മെഗാപോഡ് പക്ഷികള്‍, നിക്കോബാര്‍ മക്കാക്ക് കുരങ്ങുകള്‍, റോബര്‍ ക്രാബ്‌സ് തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നതാണ് പദ്ധതി. ഏറ്റെടുത്ത പ്രദേശത്ത് വലിയ പവിഴപ്പുറ്റുകളില്ലെന്നും ഗലാത്തിയ തീരത്ത് കാണപ്പെടുന്ന ചെറിയ പവിഴപ്പുറ്റുകളെ ശാസ്ത്രീയമായി മാറ്റിസ്ഥാപിക്കുമെന്നുള്ള സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉറപ്പും പാലിക്കപ്പെടുമോയെന്നതിലും ആശങ്കയുണ്ട്. ഗ്രേറ്റ് നിക്കോബര്‍ ദ്വീപിലെ ഷോംപെന്‍, നിക്കോബാറീസ് ഗോത്ര ജനതകളുടെ ഭാവിയും ആശങ്കയിലാണ്. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത, രോഗപ്രതിരോധ ശേഷി കുറഞ്ഞ ഇവര്‍ക്ക്, ആളുകളുടെ വന്‍തോതിലുള്ള വരവോടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ വികാസം ഇവരുടെ ജീവിത രീതിക്കു മേല്‍ ഗുരുതരമായ പരുക്കുകളുണ്ടാക്കുകയും സാംസ്‌കാരിക ആഘാതത്തിന് ഇടവരുത്തുകയും ചെയ്യും. ഗോത്ര കൗണ്‍സിലുമായി പ്രാദേശിക ഭരണകൂടം ചര്‍ച്ച നടത്തിയിട്ടില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.തങ്ങളുടെ വനാവകാശങ്ങള്‍ പരിഗണിക്കാതെയും സമ്മര്‍ദം ചെലുത്തിയുമാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതെന്ന് ഗോത്ര നേതാക്കള്‍ നേരത്തേ തന്നെ ആരോപിച്ചിരുന്നു. പദ്ധതി ആദിവാസി സമൂഹങ്ങള്‍ക്ക് മേല്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് പതിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം വിദഗ്ധര്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് തുറന്ന കത്തെഴുതിയിരുന്നു.ഈ വികസനവുമായി മുന്നോട്ട് പോകുന്നത് ദ്വീപിലെ മഴക്കാടുകളെ അതിജീവനത്തിനായി ആശ്രയിക്കുന്ന പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗമായ ഷോംപെന്‍ ജനതയെ “വധശിക്ഷ’യ്ക്ക് അയക്കുന്നതിന് തുല്യമാകുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്വീപ് സമൂഹത്തെ രോഗങ്ങള്‍ക്കും മാറ്റാനാകാത്ത സാംസ്‌കാരിക തടസ്സങ്ങള്‍ക്കും വിധേയമാക്കുമെന്നും അത് “വംശഹത്യാ’പരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.ഇന്ത്യയിലെ പരിസ്ഥിതി സംബന്ധമായ വിധിന്യായങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തുന്നതാണ് ഹരിത ട്രൈബ്യൂണലിന്റെ വിധി. ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിധിയില്‍ പരാമര്‍ശമില്ലെന്നതും ആ വാക്ക് തന്നെ വിധിയില്‍ കടന്നുവരുന്നത് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രമാണെന്നതും ഞെട്ടിപ്പിക്കുന്നതാണ്. ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി ഇന്ത്യയുടെ സമുദ്ര ഭൂപടത്തില്‍ വന്‍മാറ്റങ്ങള്‍ക്ക് ഇടവരുത്തുമെങ്കിലും അത് പ്രകൃതിക്കും പരിസ്ഥിതിക്കും വരുത്തുന്ന വിനകള്‍ ചെറുതാകില്ല.