തിരുവനന്തപുരം | ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍ ശബരിമല വിഷയം ഉയര്‍ത്തി വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്.വിഡി സതീശന്‍ യാത്രയില്‍ ആയതിനാല്‍ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചത്. ആചാര ലംഘനത്തിനു കൂട്ട് നില്‍ക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.സഭയില്‍ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ മന്ത്രിയെ രക്ഷിക്കാന്‍ തന്ത്രിയെ കുടുക്കിയെന്നും മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.