റമസാനിലെ ക്ഷീണമകറ്റാൻ ഐ വി ഡ്രിപ്പുകൾ; പരസ്യങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ്

Wait 5 sec.

ദുബൈ|വിശുദ്ധ റമസാനിൽ നോമ്പുകാർ അനുഭവിക്കുന്ന ക്ഷീണവും തലവേദനയും അലസതയും ഉടനടി മാറ്റാമെന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇൻട്രാവണസ്(ഐ വി) കുത്തിവെപ്പുകൾക്കെതിരെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. 1200 ദിർഹം വരെ ഈടാക്കി ചില സ്വകാര്യ ക്ലിനിക്കുകളും ബ്യൂട്ടി സെന്ററുകളുമാണ് ഇത്തരം റമസാൻ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മെഡിക്കൽ നിർദേശമില്ലാതെ ഇത്തരം കുത്തിവെപ്പുകൾ എടുക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.പോഷകക്കുറവ് നികത്തുമെന്നും ഊർജം ഉടനടി വീണ്ടെടുക്കാമെന്നും അവകാശപ്പെട്ട് റമസാൻ പാക്കേജ്, റമസാൻ റിക്കവറി എന്നീ പേരുകളിലാണ് ഇവ വിപണനം ചെയ്യുന്നത്. വീട്ടിലെത്തി സേവനം നൽകുന്ന ഹോം സർവീസ് രീതിയും വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച് പ്രമേഹ രോഗികളെയും കഫീൻ ഉപയോഗം കുറഞ്ഞതുമൂലം തലവേദന അനുഭവിക്കുന്നവരെയുമാണ് ഇത്തരം പരസ്യങ്ങൾ ലക്ഷ്യമിടുന്നത്.റമസാനിലെ ആദ്യ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ശാരീരിക മാറ്റങ്ങൾക്ക് ഐ വി ഡ്രിപ്പുകൾ ആവശ്യമില്ല. നിർജലീകരണം സംഭവിക്കുകയോ ദ്രാവകങ്ങൾ കുടിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയോ ചെയ്യുമ്പോൾ മാത്രം ആശുപത്രികളിൽ നൽകേണ്ട ചികിത്സാ രീതിയാണിതെന്നും ഇത് ഒരു സീസണൽ ട്രെൻഡ് ആയി മാറ്റരുതെന്നും വിദഗ്ധർ പറഞ്ഞു.കൃത്യമായ മെഡിക്കൽ പരിശോധനയില്ലാതെ ഇവ സ്വീകരിക്കുന്നത് അലർജി, അണുബാധ, ഹൃദയമിടിപ്പ് വർധിക്കൽ, രക്തസമ്മർദം കുറയൽ, വൃക്ക-ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവക്ക് കാരണമായേക്കാം.പ്രമേഹ രോഗികൾക്കായി പ്രത്യേക പാക്കേജുകൾ എന്ന വാഗ്ദാനം തെറ്റായ സുരക്ഷിതബോധമാണ് നൽകുന്നത്. ഐ വി ഡ്രിപ്പുകൾക്ക് പിന്നാലെ പോകാതെ, ഇഫ്താറിനും സുഹൂറിനും ഇടയിൽ ആവശ്യത്തിന് വെള്ളം കുടിക്കുക, സമീകൃതമായ പോഷകാഹാരം കഴിക്കുക, കൃത്യമായ ഉറക്കം ഉറപ്പാക്കുക എന്നിവയിലൂടെ നോമ്പിന്റെ ക്ഷീണം ലഘൂകരിക്കാൻ സാധിക്കുമെന്ന് വിദഗ്ദർ പറഞ്ഞു.