തീർഥാടകർക്ക് ഉംറ കർമ്മങ്ങളും സിയാറത്തും കൂടുതൽ ലളിതമാക്കുന്നതിനായി സൗദി അറേബ്യൻ ഹജ്ജ്-ഉംറ മന്ത്രാലയം16 അന്താരാഷ്ട്ര ഭാഷകളിൽ ‘ഉംറ ആൻഡ് വിസിറ്റ് ഗൈഡ്’ പുറത്തിറക്കി.മലയാളം ഉൾപ്പെടെയുള്ള പ്രമുഖ ഭാഷകളിൽ ലഭ്യമായ ഈ മാർഗനിർദ്ദേശിക, തീർഥാടകർക്ക് തങ്ങളുടെ മാതൃഭാഷയിൽ തന്നെ ആവശ്യമായ വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഡിജിറ്റൽ ഗൈഡ് ഒരു സമഗ്ര പഠന സഹായിയാണ്.യാത്രയ്ക്ക് മുൻപുള്ള തയ്യാറെടുപ്പുകൾ, വിസ നടപടികൾ, പെർമിറ്റുകൾ, കർമ്മങ്ങൾ നിർവഹിക്കേണ്ട രീതികൾ, ഇരു ഹറമുകളിലെയും ഗതാഗത സൗകര്യങ്ങൾ, മടക്കയാത്ര വരെയുള്ള എല്ലാ ഘട്ടങ്ങളും ഇതിൽ വിശദീകരിക്കുന്നു.യാത്രയുടെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ ക്രമമായി ഇതിൽ നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ വീഡിയോകൾ, ചിത്രങ്ങൾ, ഡിജിറ്റൽ മാപ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.ഇഹ്‌റാം, ത്വവാഫ്, സഅ്‌യ് എന്നിവയുടെ ശരിയായ രീതികളും പാലിക്കേണ്ട മര്യാദകളും ഇതിൽ വ്യക്തമാക്കുന്നു. കൂടാതെ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ലഭ്യമായ സേവനങ്ങളെക്കുറിച്ചും അവിടങ്ങളിലെ നിയമങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നു.തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. തീർഥാടകർക്ക് ഈ സേവനം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.haj.gov.sa/Guides എന്ന ലിങ്കിലൂടെ ഓൺലൈനായി ലഭ്യമാണ്.The post മലയാളം അടക്കം 16 ഭാഷകളിൽ പുതിയ ഗൈഡ് പുറത്തിറക്കി സൗദി അറേബ്യൻ ഹജ്ജ് ഉംറ മന്ത്രാലയം appeared first on Arabian Malayali.