ന്യൂഡൽഹി | മീററ്റ് മെട്രോ സർവീസും 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ കോറിഡോറും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായി മാറി. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാസമയം ഏകദേശം 55 മിനിറ്റായി കുറയും. ശതാബ്ദി നഗർ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി മീററ്റ് മെട്രോയുടെയും നമോ ഭാരത് ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.ഡൽഹിയിലെ സരായ് കാലെ ഖാനെയും ഉത്തർപ്രദേശിലെ മോദിപുരത്തെയും ബന്ധിപ്പിക്കുന്ന 82.15 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് കോറിഡോർ ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ ആർ ടി എസ്) ആണ്. ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ന്യൂ അശോക് നഗർ വരെയുള്ള 5 കിലോമീറ്ററും മീററ്റ് സൗത്ത് മുതൽ മോദിപുരം വരെയുള്ള 21 കിലോമീറ്ററും ഉൾപ്പെടുന്ന അവസാന ഘട്ടങ്ങൾ പ്രവർത്തനക്ഷമമായതോടെ മുഴുവൻ കോറിഡോറും സജ്ജമായി.മീററ്റ് നഗരത്തിനുള്ളിൽ ഓടുന്ന 23 കിലോമീറ്റർ ദൈർഘ്യമുള്ള മീററ്റ് മെട്രോ, മീററ്റ് സെക്ഷനിലെ നമോ ഭാരത് റാപ്പിഡ് റെയിലുമായി ട്രാക്കുകളും അടിസ്ഥാന സൗകര്യങ്ങളും പങ്കിടും. ഇത് യാത്രക്കാർക്ക് സ്റ്റേഷൻ പരിസരത്ത് നിന്ന് പുറത്തിറങ്ങാതെ തന്നെ രണ്ട് സേവനങ്ങളും ഉപയോഗപ്പെടുത്താൻ സഹായിക്കും. 135 കിലോമീറ്റർ ഡിസൈൻ സ്പീഡുള്ള മെട്രോയുടെ പരമാവധി പ്രവർത്തന വേഗത 120 കിലോമീറ്ററാണ്. ഈ മെട്രോ കോറിഡോറിൽ ആകെ 13 സ്റ്റേഷനുകളാണുള്ളത്.