ന്യൂഡൽഹി | രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ നടപ്പിലാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച്ച് എ ഐ.) തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണമായി ഫീസ് സ്വീകരിക്കില്ല. പകരം ഫാസ്‌ടാഗ് (FASTag), യു പി ഐ. (UPI) എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ ഇടപാടുകൾ അനുവദിക്കൂ. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.നിലവിൽ രാജ്യത്തെ ടോൾ ഇടപാടുകളിൽ 98 ശതമാനത്തിലധികം ഫാസ്‌ടാഗ് വഴിയാണ് നടക്കുന്നത്. ആർ എഫ് ഐ ഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫാസ്‌ടാഗിന്റെ വിജയം കണക്കിലെടുത്താണ് പൂർണ്ണമായ ഡിജിറ്റൽ മാറ്റത്തിന് അതോറിറ്റി ഒരുങ്ങുന്നത്. യു പി ഐ കൂടി അധിക പേയ്മെന്റ് ഓപ്ഷനായി എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും ലളിതവുമായ രീതിയിൽ ടോൾ നൽകാൻ സാധിക്കും. നിലവിൽ സാധുവായ ഫാസ്‌ടാഗ് ഇല്ലാതെ ടോൾ പ്ലാസയിൽ പ്രവേശിച്ച് പണമായി ഫീസ് നൽകുന്നവരിൽ നിന്ന് ഇരട്ടി തുകയാണ് ഈടാക്കുന്നത്. യു പി ഐ. വഴി പണമടയ്ക്കുന്നവർക്ക് സാധാരണ നിരക്കിന്റെ 1.25 മടങ്ങ് നൽകേണ്ടി വരും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ ഉയർന്ന തുക ഈടാക്കുന്നത്.അതേസമയം, ഫാസ്‌ടാഗ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് എൻ എച്ച് എ ഐ. മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പോർട്ടലുകൾക്ക് സമാനമായ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകാർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൊബൈൽ നമ്പറുകളും വാഹന വിവരങ്ങളും പേയ്മെന്റ് രേഖകളും ഇത്തരത്തിൽ തട്ടിയെടുക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വഴിയാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.