കേരളത്തിലെ ആരോഗ്യമേഖലയിൽ ലക്ഷക്കണക്കിന് ശസ്ത്രക്രിയകൾ വിജയകരമായി നടക്കുമ്പോൾ, അപൂർവ്വമായി സംഭവിക്കുന്ന ഒറ്റപ്പെട്ട വീഴ്ചകളെ പർവ്വതീകരിച്ച് കാട്ടി സർക്കാരിനെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം അതീവ ഗൗരവകരമാണെങ്കിലും, അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ നേട്ടങ്ങളെയും തള്ളിപ്പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.വർഷങ്ങൾക്ക് മുമ്പ് നടന്ന ഒന്നോ രണ്ടോ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇത് തുടർച്ചയായി സംഭവിക്കുന്നതാണെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. “ലക്ഷക്കണക്കിന് ഓപ്പറേഷനുകൾ നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അതിൽ ഒന്നോ രണ്ടോ വീഴ്ചകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അത് തുടർച്ചയായി സംഭവിക്കുന്നതാണെന്ന് വരുത്തിത്തീർക്കാനാണ് ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ശ്രമിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ സർക്കാരിനെതിരെ വാർത്തകൾ സൃഷ്ടിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഇവർക്കുള്ളൂ,” ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ALSO READ : 425 കോടിയുടെ സൗജന്യ ചികിത്സ, 50-ലേറെ പുരസ്കാരങ്ങൾ; ആഗോള മരണനിരക്കിനെപ്പോലും തോൽപ്പിച്ച് കേരളത്തിന്റെ ആരോഗ്യ കുതിപ്പ്ആരോഗ്യമേഖല അതീവ സെൻസിറ്റീവായ ഒന്നാണെന്നും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഇനി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വയറ്റിൽ കത്രിക ഇരുന്നാൽ കുഴപ്പമില്ലെന്ന രീതിയിൽ ചില ഡോക്ടർമാർ നടത്തുന്ന പ്രസ്താവനകളെ അദ്ദേഹം തള്ളിപ്പറഞ്ഞു. അത്തരം നിലപാടുകളോട് സർക്കാരിനോ മന്ത്രിക്കോ യോജിപ്പില്ല. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമ്പോൾ ഡോക്ടർമാരുടെ സംഘടനകൾക്ക് വിമർശനമുണ്ടാകുന്നത് സ്വാഭാവികമാണെന്നും, എന്നാൽ ജനങ്ങളുടെ താല്പര്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനും ആരോഗ്യമേഖലയുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും കോൺഗ്രസും യൂത്ത് കോൺഗ്രസും ബോധപൂർവ്വമായ ഗൂഢാലോചന നടത്തുകയാണെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ വീടിന് മുന്നിൽ റീത്ത് വച്ച സംഭവം ചൂണ്ടിക്കാട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് മനപ്പൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തികൾ രാഷ്ട്രീയ പ്രതിഷേധമല്ല, മറിച്ച് നാടിന്റെ സമാധാനം നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ആരോഗ്യമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സർക്കാരിനെ വേട്ടയാടാൻ ശ്രമം: എം.വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.