ശ്രീനഗർ | ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ ചത്രൂ മേഖലയിലാണ് ‘ഓപ്പറേഷൻ ട്രാഷി-I’ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യവും പോലീസും സി ആർ പി എഫും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്.കുന്നിൻ ചുവട്ടിലെ മൺവീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വിജയകരമായി നിർവീര്യമാക്കിയതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ കുറിച്ചു. ഭീകരരിൽ നിന്ന് രണ്ട് എ കെ-47 തോക്കുകൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്.കഴിഞ്ഞ മാസം ഈ മേഖലയിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. നിലവിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.