തിരുവനന്തരപുരം | കേരള നേറ്റിവിറ്റി കാര്‍ഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. റവന്യൂ മന്ത്രി കെ രാജനാണ് ബില്‍ അവതരിപ്പിച്ചത്.ബില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.നിലവില്‍ സംസ്ഥാനത്ത് നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി, ഒരാള്‍ കേരളീയനാണെന്ന് ആധികാരികമായി സാക്ഷ്യപ്പെടുത്തുന്ന സ്ഥിരമായ ഒരു തിരിച്ചറിയല്‍ രേഖയായാണ് കേരള നേറ്റിവിറ്റി കാര്‍ഡ് വിഭാവനം ചെയ്തിരിക്കുന്നത്.കേരളത്തില്‍ ജനിക്കുകയും വിദേശ പൗരത്വം സ്വീകരിക്കാതിരിക്കുകയും ചെയ്തവര്‍, മാതാപിതാക്കളോ പൂര്‍വികരോ കേരളത്തില്‍ ജനിച്ചവരും എന്നാല്‍ വിദേശ പൗരത്വം ഇല്ലാത്തവരും, തൊഴില്‍ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ കേരളത്തിന് പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരും വിദേശ പൗരത്വം ഇല്ലാത്തവരുമായ ആളുകള്‍ എന്നിവര്‍ക്കാണ് തിരിച്ചറിയല്‍ രേഖയായ നേറ്റിവിറ്റി കാര്‍ഡിന്റെ പ്രയോജനം ലഭിക്കുക.തഹസില്‍ദാരാണ് കാര്‍ഡ് അനുവദിക്കാന്‍ അവകാശമുള്ള ഉദ്യോഗസ്ഥന്‍. അപേക്ഷകള്‍ വില്ലേജ് ഓഫീസുകളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകളുടെ അടിസ്ഥാനത്തിലാകും പരിശോധിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഈ കാര്‍ഡ് ആധികാരിക രേഖയായി ഉപയോഗിക്കാം. എന്നാല്‍ ഇത് പൗരത്വത്തിന്റെ രേഖയല്ല.