ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയുടെ മറ്റൊരു അപരാജിത കുതിപ്പിന് കൂടി അന്ത്യം, 2023 ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ പത്ത് ജയങ്ങള്‍ക്ക് ശേഷം ഫൈനലില്‍ തോറ്റെങ്കില്‍ ഇത്തവണ അവസാനമായത് ട്വന്റി 20 ലോകകപ്പിലെ 12 തുടര്‍ജയങ്ങളുടെ പരമ്പരയ്ക്ക്.188 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ വെടിക്കെട്ടു ബാറ്റിങ് നിര നനഞ്ഞപടക്കമായി. 42 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് ഒഴികെ ആര്‍ക്കും തിളങ്ങാനായില്ല. ഇഷാന്‍ കിഷനും റിങ്കു സിങും പൂജ്യത്തിനും തിലക് വര്‍മ ഒന്നിനും അഭിഷേക് ശര്‍മ 15നും ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവും ഹാര്‍ദിക് പണ്ഡ്യയും 18 റണ്‍സിനും പുറത്തായി.ഇന്ത്യയെ എറിഞ്ഞുതകര്‍ത്തത് നാല് വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സനും മൂന്ന് പേരെ മടക്കിയ കേശവ് മഹാരാജുമാണ്. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസിന്റെ തുടക്കം മോശം പാളിയെങ്കിലും ഡേവിഡ് മില്ലറുടെയും ഡെവാള്‍ഡ് ബ്രവിസിന്റെയും ട്രിസ്റ്റന്‍ സ്റ്റബ്സിന്റെയും വെടിക്കെട്ട് ബാറ്റിങ് 7ന് 187ല്‍ എത്തിച്ചു. മില്ലര്‍ 63 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബ്രവിസ് 45ഉം സ്റ്റബ്സ് പുറത്താകാതെ 44 റണ്‍സുമെടുത്തു.സൂപ്പര്‍ എട്ടിലെ ആദ്യ കളി തോറ്റതോടെ സെമി ഫൈനല്‍ ബര്‍ത്തിനായി ഇന്ത്യക്ക് അടുത്ത രണ്ട് കളികളിലും ജയം അനിവാര്യമായി. 26ന് സിംബാബ്വെക്കും മാര്‍ച്ച് 1ന് വെസ്റ്റ് ഇന്‍ഡീസിനുമെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.The post ടി20 ലോകകപ്പ് സൂപ്പർ 8: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്സിന്റെ കനത്ത പരാജയം appeared first on ഇവാർത്ത | Evartha.