അമീബിക് മസ്തിഷ്ക ജ്വരം, ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികൾ ഊർജിതമായി തുടരുന്നു. സംസ്ഥാന വ്യാപകമായി 2 ദിവസങ്ങളിൽ നടന്ന ക്ലോറിനേഷന് പുറമെ രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. മറ്റ് അസുഖങ്ങൾ കൂടിയുള്ള ബത്തേരി സ്വദേശിയായ 45 കാരൻ, കാസർകോട് സ്വദേശിയായ 30 വയസ്സുള്ള യുവാവ് എന്നിവരുടെ നിലയാണ് മാറ്റമില്ലാതെ തുടരുന്നത്. ഇവരുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ പ്രത്യേക സംഘം നേതൃത്വം നൽകുന്നുണ്ട്.നിലവിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 12 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്, ഇതിൽ 3 പേർ കുട്ടികളാണ്. കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്.