ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറവോടെ മലയാളി തിമിര്‍ത്ത് ആഘോഷിക്കുന്ന തിരുവോണ നാളില്‍ പകല്‍ 11.45-ന് തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിനു ‘പുത്രി സൗഭാഗ്യം’. നാല് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് സ്നേഹത്തൊട്ടിലില്‍ ചാഞ്ചാടി ഉറങ്ങാന്‍ അതിഥിയായി എത്തിയത്. ഇടതു കാലില്‍ ജനന കാര്‍ഡ് ടാഗും കെട്ടി ഓണ സമൃദ്ധിയോടെയാണ് അതിഥി പോറ്റമ്മയുടെ മടിയിലേക്ക് ചേക്കേറിയത്. കുഞ്ഞിന് 2.86 കി.ഗ്രാം തൂക്കം ഉണ്ട്.തിരുവോണ നാളില്‍ വിരുന്നുകാരിയായി സ്നേഹത്തൊട്ടിലില്‍ എത്തിയ പെണ്‍കരുത്തിനെ മലയാളിക്ക് ഏറെ പ്രിയങ്കരവും വിനയത്തിന്റെ പ്രതീകവുമായ പൂവ് ആയ ‘തുമ്പ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു. അമ്മത്തൊട്ടിലില്‍ എത്തിയ ഉടന്‍ തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ തിരികെ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു. നിലവിൽ ‘അമ്മ’മാരുടെ പൂര്‍ണ നിരീക്ഷണത്തിലും പരിചരണത്തിലുമാണ് തുമ്പ. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം ലഭിക്കുന്ന 10ാമത്തെ കുരുന്നാണ് തുമ്പ. Read Also: വയറെരിയുന്നവരുടെ മിഴിനിറയില്ല ! സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഓണസദ്യ നല്‍കി ഡിവൈഎഫ്ഐആഗസ്റ്റ് മാസം ആലപ്പുഴ അമ്മത്തൊട്ടിലില്‍ നിന്ന് ഉള്‍പ്പടെ രണ്ട് കുട്ടികളാണ് സംരക്ഷണയിലേക്ക് എത്തിയത്. കഴിഞ്ഞ തിരുവോണ നാളില്‍ പത്തനംതിട്ട അമ്മത്തൊട്ടിലിലും കുഞ്ഞിനെ ലഭിച്ചിരുന്നു. നിലവിലുള്ള ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷം 170 കുട്ടികളെയാണ് ഇതുവരെ ഉചിതമായ മാതാപിതാക്കളെ നിയമപരമായി കണ്ടെത്തി ദത്ത് നല്‍കിയത്. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്.കഴിഞ്ഞ വര്‍ഷം 32 കുട്ടികളെയാണ് സംസ്ഥാനത്ത് ഒട്ടാകെ അമ്മത്തൊട്ടില്‍ മുഖാന്തരം ലഭിച്ചത്. തുമ്പയുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ കുരുന്നിന് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.The post തിരുവോണ നാളില് അമ്മത്തൊട്ടിലിന് ‘പുത്രി സൗഭാഗ്യം’; അവൾ ഇനി തുമ്പയെന്ന് അറിയപ്പെടും appeared first on Kairali News | Kairali News Live.