നവജിത്ത് അഷ്ടമചന്ദ്രന്‍സംവിധായകനായി ഡോ. ബിജു ചലച്ചിത്രരംഗത്ത് ഇരുപതു വര്‍ഷം തികച്ചിരിക്കുകയാണ്. 2005-ല്‍ ‘സൈറ’യിലൂടെ സംവിധാനരംഗത്ത് കടന്നുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കലാമൂല്യവും പ്രമേയത്തിലെ സാമൂഹികപ്രതിബദ്ധതയാലും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. മൂന്നു വട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ഡോ. ബിജുവിന്റെ ചിത്രങ്ങള്‍ നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യ- പാപുവ ന്യൂഗിനി സംയുക്ത നിര്‍മാണ സംരംഭമായ ഡോ. ബിജു സംവിധാനം ചെയ്ത, ‘പപ്പ ബുക്ക’ 2026 ലെ മികച്ച രാജ്യാന്തര സിനിമയ്ക്കായുള്ള ഓസ്കര്‍ പുരസ്കാരത്തിന് പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടുണ്ട്. ഡോ. ബിജു സംസാരിക്കുന്നു.സംവിധായക രംഗത്തേക്ക് കടന്നു വന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ഈ യാത്രയെ സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ് ?ഓരോ സിനിമകളും ഓരോ രീതിയിലാണ്, ഓരോ സിനിമ കഴിയുമ്പോഴും കൂടുതലായിട്ട് പഠിക്കുന്നു. വ്യത്യസ്തമായിട്ടുള്ള പ്രമേയങ്ങള്‍ സെലക്ട് ചെയ്യുന്നു. അങ്ങനെ പഴയതില്‍ നിന്ന് വ്യത്യസ്തമായിട്ട് എന്ത് ചെയ്യാന്‍ പറ്റും എന്നുള്ള ശ്രമങ്ങളാണ് എപ്പോഴും നടത്തുന്നത്. ഓരോ സിനിമകള്‍ കഴിയുമ്പോഴും അതില്‍ നിന്ന് എങ്ങനെ മെച്ചപ്പെടുത്താം അല്ലെങ്കില്‍ അതില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാക്കാം കുറച്ചുകൂടെ വിശ്വവിശാലമായി സിനിമകളെ എങ്ങനെ കൊണ്ടുപോകാം എന്നുള്ളതാണ് 20 വര്‍ഷമായിട്ട് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്.2. ഓസ്കാറിലേക്ക് എത്തിയ ‘പപ്പ ബുക്ക’ എന്ന സിനിമയിലെ അഭിനേതാക്കളില്‍ ഭൂരിഭാഗവും സിനിമ എന്തെന്ന് പോലും അറിയാത്ത ആളുകളായിരുന്നു. സിനിമ മറ്റൊരു ഭാഷയില്‍, സംസ്കാരത്തില്‍ ആണ് നിര്‍മിച്ചിട്ടുള്ളത്. ഇത്തരം വെല്ലുവിളികളെ മറികടക്കുന്നതെങ്ങെനെയാണ് ?നേരത്തെയും ഞാന്‍ ഇതു പോലെ കുറച്ചു സിനിമകള്‍ ചെയ്തിട്ടുണ്ട്. ‘സൗണ്ട് ഓഫ് സൈലന്‍സ്’ ചെയ്യുന്ന സമയത്ത് അതിനകത്ത് പ്രധാന കഥാപാത്രത്തിലുള്ള മാസ്റ്റര്‍ ബി കെ ഗോവര്‍ദനും ഉദയചന്ദ്രയും ഒഴികെ ബാക്കിയുള്ള എല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു. അവിടുന്ന് തന്നെ ക്ലിക്ക് ചെയ്തിട്ടുള്ള ലോക്കല്‍ ആയിട്ടുള്ള ആള്‍ക്കാര്‍. അതും പല ഭാഷയിലുള്ളവര്‍. ഹിന്ദിയും പഹാരിയും തിബത്തനും ഒക്കെ ചേര്‍ന്ന ഒരു ഭാഷാ വൈവിധ്യമായിരുന്നു. പിന്നെ തെലുങ്ക് പടം ചെയ്തിരുന്നു. അതും അറിയുന്ന ഭാഷ ആയിരുന്നില്ല. അതുകൊണ്ട് ഭാഷ പ്രശ്നമല്ല. കാരണം ആശയവിനിമയത്തിനായി ഭാഷ അറിയുന്നവരെ അസിസ്റ്റന്‍സ് ആയിട്ട് റിക്രൂട്ട് ചെയ്തിട്ട് ഭാഷയെ അറിഞ്ഞാണ് ഷൂട്ട് ചെയ്യുന്നത്. പിന്നെ നമ്മുടെ ആളുകളുടെ കടമ എന്ന് പറഞ്ഞാല്‍ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്ന രൂപത്തിലുള്ള, അഭിനയിക്കാന്‍ പറ്റുന്ന ആളുകളെ കണ്ടെത്തുക എന്നുള്ളതാണ്. നേരത്തെ തന്നെ കുറെയേറെ ആളുകളെ ഓഡീഷന്‍ നടത്തി അത് വീഡിയോ ഷൂട്ട് ചെയ്ത് കുറേ മാസങ്ങള്‍ എടുത്ത് മനസിലാക്കിയാണ് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്.‘പപ്പ ബുക്ക’യില്‍ പ്രധാന കഥാപാത്രങ്ങളായിട്ടുള്ളത് പപ്പ ബുക്കും പിന്നെ ജോണ്‍ സൈക്ക് എന്ന ചെറുപ്പക്കാരനുമാണ്. ചിത്രത്തിലുടനീളം അവരാണുള്ളത്. ഒത്തിരി ഓഡിഷന്‍ നടത്തിയിട്ടാണ് ഇവരിലേക്ക് എത്തുന്നത്. അത് കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍, ഓഡിഷനില്‍ കൃത്യമാകുന്ന ആളുകളെ പിന്നെ ട്രെയിന്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്.3. സംവിധായകനായ ‘അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു’വിനെ കണ്ടുമുട്ടിയ അനുഭവം?ഞാന്‍ ടെല്ലൂറിടെ ചലച്ചിത്ര മേളിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. സിനിമ കാണാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് തമ്മില്‍ കാണുന്നത്. ഞങ്ങള്‍ എത്തുന്നതിന് മുമ്പ് തിയറ്റര്‍ ഫുള്‍ ആയതിനാള്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. അത് കഴിഞ്ഞ് ഞങ്ങള്‍ പരിചയപ്പെടുകയും എന്റെ സിനിമ ഇവിടെ ഉണ്ടെന്ന് പറയുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം കാറ്റലോഗില്‍ സിനിമയുടെ സിനോപ്സിസ് വായിച്ചിട്ട് സിനിമ കാണാന്‍ താല്പര്യപ്പെടുകയായിരുന്നു. പക്ഷെ അപ്പോഴേക്കും റെഗുലര്‍ ഷോ തീര്‍ന്നു. റിപ്പീറ്റ് ഷോ ഉണ്ടോ എന്നുള്ളത് അറിയില്ലായിരുന്നു. റിപ്പീറ്റ് ഷോ ഉണ്ടെങ്കില്‍ അവസാനമാണ് അറിയിക്കുക.അതിനാല്‍ അദ്ദേഹം സിനിമയുടെ ഡിവിഡി ചോദിച്ചു. അങ്ങനെ ഡിവിഡി കൊണ്ട് കൊടുത്തു. അടുത്ത ഷോ തുടങ്ങുന്നത് വരെ പ്രത്യേകിച്ച് തിരക്കില്ലാത്തിനാല്‍ ഞങ്ങള്‍ നടക്കാനിറങ്ങി. നടന്നൊരു കോഫി ഷോപ്പില്‍ എത്തി കാപ്പി കുടിക്കുകയും കുറേനേരം സംസാരിക്കുകയും ചെയ്തു. ഞങ്ങളുടെ സംസാരവിഷയത്തില്‍ സിനിമയും സ്വാഭാവികമായി കയറി വന്നു. അന്ന് മൂന്ന് സിനിമ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്റെ മൂന്നാമത്തെ സിനിമയായ ‘വീട്ടിലേക്കുള്ള വഴി’യാണ് അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമകളെ പറ്റി ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹവുമായിട്ട് വളരെ നല്ലൊരു സൗഹൃദമാണ് ആ സമയത്ത് ഉണ്ടായതെന്ന് വലിയൊരു അത്ഭുതമാണ്. കാരണം അങ്ങനെയുള്ള സംവിധായകര്‍ ഇതേപോലെ ഫ്രീ ആയിട്ട് സംസാരിക്കുകയും ആദ്യം കാണുമ്പോള്‍ തന്നെ ചായ കുടിക്കാന്‍ ക്ഷണിക്കുകയും നടക്കാന്‍ ക്ഷണിക്കുകയും ഒക്കെ ചെയ്യുക എന്നത് അപൂര്‍വമായിട്ട് സംഭവിക്കുന്ന ഒന്നാണ് നമ്മുടെ ഇവിടെയൊക്കെ. അത് മറക്കാനാകാത്ത അനുഭവമായിരുന്നു.4. സിനിമകളുടെ പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ് ?പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെ സാമൂഹ്യപ്രാധാന്യമുള്ള പ്രമേയങ്ങള്‍ ആയിരിക്കണം എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. സാധാരണക്കാരുടെ കഥ പറയുന്നത് എങ്ങനെയാണ് അല്ലെങ്കില്‍ സാധാരണ സിനിമകളില്‍ ഇടം പിടിക്കാത്തവരുടെ കഥ എങ്ങനെ പറയാം എന്നുള്ളതാണ് കൃത്യമായിട്ടും നോക്കുന്നത്. അവരുടെ കഥകൂടെ പറയേണ്ടതാണ് സിനിമ. അത്തരം മനുഷ്യരുടെ കഥ പറയുന്ന ഒത്തിരി ഫിലിം മേക്കേഴ്സ് ഇല്ലാത്ത ഒരിടമാണ് പൊതുവേ മലയാളസിനിമ. പുറംപോക്കിലുള്ള ആളുകള്‍ക്കും കഥകള്‍ ഉണ്ട്, ജീവിതമുണ്ട്, പ്രശ്നങ്ങളുണ്ട്, അവരുടെ രാഷ്ട്രീയമുണ്ട്. കുടിയൊഴിപ്പിക്കല്‍ തൊട്ട് മാലിന്യ സംസ്കരണം വരെ അവര്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ സിനിമകളില്‍ ഇൗ മനുഷ്യരെ തീരെ കാണില്ല. അവരുടെ ജീവിതങ്ങള്‍ പകര്‍ത്തുക, അവരുടെ കഥ പകര്‍ത്തുക എന്നാതാണ് എന്റെ സിനിമകളുടെ അടിസ്ഥാനം. അത് സാമൂഹികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തമാണ്. അത്തരം കഥകള്‍ പറയാന്‍ മുന്നോട്ട് വരണം എന്നുള്ള ബോധ്യം രൂപപ്പെടുത്തണം. അതിനധികം ആളുകള്‍ ഇവിടെ ഇല്ല എന്നുള്ളതുകൊണ്ടാണ് എന്റെ സിനിമകളുടെ പ്രമേയങ്ങളില്‍ ബോധപൂര്‍വം ഈ ശ്രമം നടത്തുന്നത്.5. ഇതുവരെ ചെയ്തതില്‍ ഏറ്റവും സംതൃപ്തി തോന്നിയ സിനിമ ഏതാണ്?എല്ലാ സിനിമകളും നമ്മള്‍ വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്ന സിനിമകളാണ്. കാരണം ഇഷ്ടപ്പെട്ട പ്രമേയത്തിലേക്ക് എത്തിക്കഴിഞ്ഞിട്ടാണ് സിനിമ ചെയ്യുക. അപ്പോള്‍ ഇഷ്ടപ്പെടാത്ത സിനിമകള്‍ ഉണ്ടാകില്ല. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാറില്ല. ഞാന്‍ എപ്പോഴും വിചാരിക്കുന്നത് ഒരു സിനിമ എടുത്ത് അഞ്ചോ പത്തോ അല്ലെങ്കില്‍ ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ആ സിനിമയെ പറ്റി ലജ്ജ തോന്നരുത്. അയ്യോ, ഇത് ഞാന്‍ ചെയ്ത സിനിമയാണോ, അന്നത് ചെയ്യേണ്ടിയിരുന്നില്ലല്ലോ എന്നൊരു തോന്നല്‍ ഉണ്ടാവാന്‍ പാടില്ല. അത് നിര്‍ബന്ധമാണ്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമുക്ക് അഭിമാനം കൊള്ളാവുന്ന സിനിമ ആയിരിക്കണം ചെയ്യുന്നത് എന്ന് വിചാരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ചെയ്ത സിനിമകളൊക്കെ തന്നെ സന്തോഷമുള്ള സംതൃപ്തി നല്‍കുന്ന സിനിമകളാണ്. കൂടുതല്‍ മികച്ച സിനിമകള്‍ എങ്ങനെ ഉണ്ടാക്കാം എന്നുള്ള അന്വേഷണത്തിലാണ് എപ്പോഴും മുന്നോട്ട് പോകുന്നത്.6. ആദ്യ സിനിമയായ ‘സൈറ’ ഇറങ്ങിയിട്ട് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞു. സൈറയിലെ പ്രമേയത്തിന്റെ ഇപ്പൊഴത്തെ പ്രസക്തി എന്താണ്?‘സൈറ’ ഇപ്പോള്‍ കൂടുതല്‍ ഗൗരവമായിക്കൊണ്ടിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഹിന്ദു, മുസ്ലിം തീവ്രവാദം എങ്ങനെയാണ് സാധാരണ മനുഷ്യന് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് എന്നുള്ളതായിരുന്നു സിനിമയിലെ പ്രമേയം. അതുപോലെ മാധ്യമ വിചാരണ, ഭീകരവാദിയെ ഇന്റര്‍വ്യൂ ചെയ്തു എന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരുന്ന പ്രശ്നങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ മുതലായവ. ഇപ്പോ എനിക്ക് തോന്നുന്നു സൈറ ചെയ്യുന്ന കാലഘട്ടത്തില്‍ നിന്ന് ഇരുപത് മടങ്ങ് കൂടുതലാണ് സമൂഹത്തില്‍ മത-വര്‍ഗീയ തീവ്രവാദങ്ങളും സിനിമയില്‍ ഉന്നയിച്ചുട്ടള്ള വിഷയങ്ങളും. അതുകൊണ്ട് കാലിക പ്രസക്തിയുള്ള സിനിമയാണ് ‘സൈറ’. സൈറയിലെ സംഭാഷണങ്ങള്‍ വരെ ഇന്നത്തെ സമൂഹത്തില്‍ നിന്ന് കേള്‍ക്കാം. അതു തന്നെയാണ് ‘സൈറ’യുടെ പ്രസക്തി.7. വാണിജ്യസിനിമകളിലെ ഗിമ്മിക്കുകളിലകപ്പെടാത്ത സാമൂഹിക പ്രസക്തിയുള്ള സിനിമകളെ മലയാളിപ്രേക്ഷകര്‍ ഇപ്പോള്‍ കൂടുതലായി സ്വീകരിക്കുന്നില്ലേ?അതങ്ങനെ നമുക്ക് കണക്കാക്കാന്‍ പറ്റില്ല എന്ന് എനിക്ക് തോന്നുന്നു. ഇത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്ന ആസ്വദിക്കുന്ന ഒരു പറ്റം പ്രേക്ഷകര്‍ എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് വര്‍ദ്ധനവല്ല ഉണ്ടായത്. പണ്ട് ഇവര്‍ക്ക് ഫെസ്റ്റിവലുകളില്‍ മാത്രമേ ഇത്തരം സിനിമകള്‍ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഇന്നത്തെപോലെ ഒടിടി പ്ലാറ്റ്ഫോമുകള്‍ അന്ന് വ്യാപകമായിട്ടില്ല. ഇത്തരം സിനിമകള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യാറുമില്ല. പ്രധാനപ്പെട്ട ചലച്ചിത്ര മേളകളോ പ്രാദേശിക ചലച്ചിത്ര മേളകളോ മാത്രമായിരുന്നു ഈ സിനിമകള്‍ കാണാനുള്ള അവസരം.പക്ഷെ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ഒടിടികളില്‍ സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ വന്നുതുടങ്ങി. ഒടിടിയില്‍ സിനിമ വരുമ്പോള്‍ എല്ലാവര്‍ക്കും കാണാം എന്ന രീതിയിലേക്ക് മാറുന്നുണ്ട്. ഫെസ്റ്റിവലുകളില്‍ പോയി കാണാന്‍ പറ്റാത്തവര്‍ക്കും സിനിമകള്‍ കാണാം. ഒടിടികള്‍ വന്നതോടുകൂടി സിനിമകള്‍ തെരഞ്ഞെടുത്ത് കാണുന്നവര്‍ക്ക് സാധ്യതകള്‍ കൂടി. ഇത്തരം ചലച്ചിത്ര ബോധവും ചലച്ചിത്ര സംസ്കാരവുമുള്ളവര്‍ അന്നും ഇന്നും ഉണ്ട്. ഇന്ന് കാണാനുള്ള അവസരങ്ങള്‍ കൂടി എന്നുള്ളതാണ് മാറ്റം.8. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ദേശീയ അവാര്‍ഡിന് പ്രൊപ്പഗണ്ട സിനിമകളെ പരിഗണിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഭരണകൂടത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങളെ എങ്ങനെയാണ് കാണുന്നത് ?അവാര്‍ഡുകള്‍ മാനിപുലേറ്റ് ചെയ്യപ്പെടുന്നത് കൊണ്ടുള്ള പ്രശ്നമാണ് ഇവിടെയുള്ളത്. ഭരണകൂടം പക്ഷപാതപരമായി ജൂറിയെ തെരഞ്ഞെടുക്കുന്നതാണ് അവാര്‍ഡുകള്‍ അട്ടിമറിക്കാന്‍ കാരണം. ക്രെഡിബിലിറ്റി ഇല്ലാത്ത, സിനിമയുമായി ബന്ധവുമില്ലാത്ത അധികാരത്തിലുള്ളവര്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരെ ജൂറി അംഗങ്ങളായി വെക്കുമ്പോള്‍ അവാര്‍ഡുകള്‍ അവര്‍ പറയുന്ന തരത്തിലേക്ക് അട്ടിമറിക്കപ്പെടും.ക്രെഡിബിലിറ്റി ഉള്ള ജൂറിയാണെങ്കില്‍ ഒരു ഭരണകൂടത്തിനും അവരെ സ്വാധീനിക്കാന്‍ പറ്റില്ല. ഭരണകൂടം ചെയ്യുന്നത് തങ്ങള്‍ പറയുന്നത് അനുസരിക്കുന്ന ആളുകളെ യോഗ്യതകള്‍ മാനദണ്ഡമാക്കാതെ ജൂറിയാക്കി പുരസ്കാരങ്ങള്‍ അട്ടിമറിക്കുന്നു എന്നുള്ളതാണ്. അങ്ങനെയാണ് പുരസ്കാരങ്ങള്‍ പലപ്പോഴും രാഷ്ട്രീയമായിട്ടും ഭരണകൂട താല്പര്യങ്ങള്‍ക്ക് വിധേയമായിട്ടും മാറുന്നത്. അത് ജൂറികളെ വെച്ച് ഓപ്പറേറ്റ് ചെയ്യുന്നതാണ്. ഈ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജൂറികളെ നോക്കിയാല്‍ തന്നെ മനസിലാകും അവരുടെ ക്രെഡിബിലിറ്റി എന്താണ് എന്നത്.മുമ്പ് അങ്ങനെ ആയിരുന്നില്ല. മുമ്പൊക്കെ ദേശീയ അവാര്‍ഡ് ആണെങ്കില്‍ ദേശീയ പുരസ്കാരം കിട്ടിയവര്‍ ജൂറികളില്‍ ഉണ്ടാകും. ഇപ്പോള്‍ അങ്ങനെയല്ല. സിനിമയുമായിട്ട് ബന്ധം വേണമെന്ന് പോലും നിര്‍ബന്ധമില്ലാത്തവരാണ് ജൂറികള്‍. പക്ഷപാതപരമായി ജൂറിയെ കൊണ്ടുവന്ന് അവര്‍ക്ക് ആവശ്യമുള്ള തെരഞ്ഞെടുപ്പ് നടത്തുകയാണ്. തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാന്‍ ശേഷിയുള്ള ആളുകളെ ജൂറിയിലേക്ക് ഉള്‍പ്പെടുത്തുകയുമില്ല.ഈ രീതിയില്‍ തന്നെയാണ് സെന്‍സറിങ്ങും നടത്തുന്നത്. ഭരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രമേയങ്ങളെ സെന്‍സര്‍ഷിപ്പ് കൊണ്ട് മറികടക്കാനാണ് അവര്‍ നോക്കുന്നത്. അതല്ലെങ്കില്‍ അടിച്ചമര്‍ത്തും. ഇത് മറികടക്കാന്‍ പല വഴികളും ഉണ്ട്. അതോറിറ്റിക്ക് അപ്പീല്‍ നല്‍കുകയും കോടതിയില്‍ പോവുകയും ഒക്കെ ചെയ്യാം. പക്ഷേ അത്തരത്തിലുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ പലര്‍ക്കും മടിയാണ്. പലരും അങ്ങനെ പ്രതിരോധങ്ങളിലേക്ക് പോകാറുമില്ല എന്നുള്ളതാണ് പ്രശ്നം.The post ‘വര്ഷങ്ങള് കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള് ചെയ്ത സിനിമകളെ പറ്റി ലജ്ജ തോന്നരുത്’: ഡോ. ബിജു appeared first on Kairali News | Kairali News Live.