തിരുവോണ നാളിൽ കോഴിക്കോട് ബീച്ചിൽ എത്തിയവരുടെ കണ്ണഞ്ചിപ്പിച്ച് ക്യൂബോ ഇറ്റലി ഷോ. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ കടപ്പുറത്തെ വേദിയിലാണ്, ഇറ്റാലിയൻ തിയേറ്റർ സംഘമായ ക്യൂബോ ഇറ്റലി പുതിയ ദൃശ്യാനുഭവം സമ്മാനിച്ചത്. ക്രെയിനിൽ ഉയർത്തിയ ക്യൂബ് ആകൃതിയിലുളള രൂപത്തിനുള്ളിൽ അഭ്യാസ പ്രകടനവും വെർട്ടിക്കൽ ഡാൻസും കാണികൾക്ക് പുത്തൻ കാഴ്ച്ചാ അനുഭവമാണ് സമ്മാനിച്ചത്. സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കൂടിച്ചേർന്ന ത്രിമാന പ്രദർശനമാണ് അവതരിപ്പിച്ചത്.നൃത്തവും സാഹസിക പ്രകടനങ്ങളും ക്യൂബിനുള്ളിൽ നിന്നുള്ള ചാട്ടവുമെല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. വർണവെളിച്ചത്തിലെ അഭ്യാസപ്രകടനങ്ങളും പശ്ചാത്തല സംഗീതത്തിനൊത്തുള്ള നൃത്തവും നിഴലുകളുടെ വിന്യാസവും ചേർന്ന അപൂർവ ദൃശ്യാനുഭവമായി ക്യൂബോ ഇറ്റലി ഷോ മാറി. ദേവദൂതർ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും ബീച്ചിലെ വേദിയിൽ നടന്നു.