വെള്ളിയാങ്കൽ പാർക്കിൽ നിന്ന് കളഞ്ഞുകുട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി വാർത്തയിൽ ഇടം നേടിയ കുരുന്നുകൾക്ക് ഇതാ സ്വന്തമായി വീടൊരുങ്ങി. അവരുടെ സത്യസന്ധതയുടെ കഥ മന്ത്രി എം ബി രാജേഷ് അന്ന് പങ്കുവച്ചിരുന്നു. ആ സമയത്ത് അവരുടെ കഷ്ടപ്പാടുകളും ജീവിത പ്രാരാബ്ധങ്ങളും കണ്ട സുമനസുകളുടെ ഇടപെടലുകളിലൂടെ ആണ് ആ കുരുന്നുകൾക്ക് ഇന്ന് തല ചായ്ക്കാൻ സ്വന്തമായി വീടൊരുങ്ങിയിരിക്കുന്നത്. മന്ത്രി തന്നെ ആണ് ഈ വിവരവും പോസ്റ്റ് വഴി അറിയിച്ചിരിക്കുന്നത്. അന്ന് താൻ പങ്കുവച്ച പോസ്റ്റ് ആണ് അവരുടെ ജീവിതത്തെ മാറ്റിതീർക്കാൻ സഹായകമായി തീർന്നതെന്നും ഇന്ന് ജീവിതത്തിൽ ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും സന്തോഷം നിറഞ്ഞ ഓണാഘോഷം ഏതാണെന്ന് ചോദിച്ചാൽ ഈ ഉത്രാടം നാളിലേതെന്ന് താൻ പറയും എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപംജീവിതത്തിൽ ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും സന്തോഷം നിറഞ്ഞ ഓണാഘോഷം ഏതാണെന്ന് ചോദിച്ചാൽ ഈ ഉത്രാടം നാളിലേതെന്ന് ഞാൻ പറയും. രാവിലെ ആ വീട്ടിലേക്ക് എത്തുമ്പോൾ അമ്മയും രണ്ടു കുട്ടികളും റോഡിലേക്ക് ഇറങ്ങിവന്ന് സ്വീകരിച്ചു. അവരോടൊപ്പം ആ വീടിന്റെ പൂമുഖത്തേക്ക് കയറിയിരുന്നു. എന്തെന്നില്ലാത്ത സന്തോഷമാണ് അനുഭവപ്പെട്ടത്. അവരുടെ ജീവിത സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ഒരു ദിവസമാണിന്ന്. നിരാശയുടെ പടുകുഴിയിൽ നിന്ന് പുതിയ ജീവിതത്തിലേക്കുള്ള മാറ്റം യാഥാർത്ഥ്യമാകുന്ന ദിവസം. അതിന് കാരണമായത് ഞാൻ മുൻപൊരിക്കൽ ഇവിടെ തന്നെ പങ്ക് വെച്ച അവരുടെ കഥയാണ്. ആ ഫേസ്ബുക്ക് പോസ്റ്റ് അവരുടെ ജീവിതത്തെ മാറ്റിതീർക്കാൻ സഹായകമായി.ഈ രണ്ട് കുട്ടികളുടെ കഥ മുൻപ് പറഞ്ഞത് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. വളരെ കഷ്ടപ്പാടുകളും ജീവിത പ്രാരാബ്ധധങ്ങളും നിറഞ്ഞ സാഹചര്യമാണ് അവരുടേത്. അച്ഛനെ കോവിഡ് അകാലത്തിൽ കവർന്നെടുത്തു. അമ്മ വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തുന്നത്. താമസിക്കാൻ സ്വന്തമായി വീടില്ല. അവരുടേതല്ലാത്ത, പണിതീരാത്ത ഒരു വീട്ടിലാണ് അവർ കഴിഞ്ഞിരുന്നത്. അപ്പോഴാണ് വെള്ളിയാങ്കൽ പാർക്കിൽ നിന്ന് ഈ രണ്ടു കുട്ടികൾക്ക് സ്വർണാഭരണം കളഞ്ഞു കിട്ടുന്നത്. ജീവിത പ്രാരാബ്ധങ്ങളും കഷ്ടപാടുകളുമൊന്നും ആ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള പ്രലോഭനമായി അവർക്ക് മാറിയില്ല. ഇന്നത്തെ കാലത്ത് അതൊരു ചെറിയ കാര്യമല്ലല്ലോ! ആ സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു.ഈ കാര്യം എന്നോട് ഇക്ബാൽ മാഷ് പറഞ്ഞപ്പോൾ ആ കുട്ടികളെ നേരിട്ട് അഭിനന്ദിക്കണമെന്ന് ഉറപ്പിച്ചു. അതിനായി ഞാനും മാഷും കൂടി അവരുടെ വീട്ടിൽ എത്തിയപ്പോഴാണ് ആ കുട്ടികളുടെയും അമ്മയുടെയും ജീവിത സാഹചര്യം നേരിട്ട് കണ്ടു മനസ്സിലാക്കുന്നത്.അത് കണ്ട ഞാൻ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. അത്രയും ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ പോലും അവർ സത്യസന്ധത കൈവെടിഞ്ഞില്ല എന്നത് അവരെക്കുറിച്ച് അങ്ങേയറ്റത്തെ അഭിമാനം എന്നിലുണ്ടാക്കി. അത് ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ ദീർഘകാലമായി അമേരിക്കയിലുള്ള എന്റെ ഒരു അടുത്ത സുഹൃത്ത് അവർക്ക് വീട് വെച്ച് കൊടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുണ്ടായി. ഇക്കാര്യം ഇഖ്ബാൽ മാഷെയും പാർട്ടി സഖാക്കളെയും ഞാൻ അറിയിച്ചു. അപ്പോഴാണ് അവർക്ക് സ്വന്തമായി സ്ഥലം ഇല്ല എന്ന പ്രശ്നം അറിയുന്നത്. സ്ഥലം കണ്ടെത്താനും ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. ആരോടും പറയേണ്ടിയും വന്നില്ല. വിവരമറിഞ്ഞ ഉടുപ്പി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും നാട്ടുകാരനുമായ ഷിനോദ് 5 സെന്റ് സ്ഥലം നൽകാനുള്ള സന്നദ്ധത ഇങ്ങോട്ട് അറിയിച്ചു. പിന്നീട് കാര്യങ്ങളെല്ലാം വളരെ വേഗത്തിൽ നടന്നു. ഇക്ബാൽ മാഷും സഖാക്കളും എല്ലാ ചുമതലയും ഏറ്റെടുത്തു. വീട് നിർമ്മാണം പൂർത്തിയായി. ഇന്ന് നാട്ടുകാർ എല്ലാവരും പങ്കെടുത്ത സദ്യ യോട് കൂടിയ ഗൃഹപ്രവേശ ചടങ്ങ് ഗംഭീരമായി നടന്നു.ചടങ്ങിൽ വച്ച് ചിത്രകാരനും പാട്ടുകാരനുമായ സുഭാഷ് വരച്ച എന്റെ ചിത്രം എനിക്ക് സമ്മാനിക്കുകയുണ്ടായി. സുഭാഷിന്റെ പാട്ട് ഗൃഹപ്രവേശത്തിന് കൂടുതൽ സന്തോഷമേകി. ആർട്ട് ജനനന്മ എന്ന വനിതാ കൂട്ടായ്മ എനിക്ക് പ്രിയപ്പെട്ട ശർക്കര ഉപ്പേരിയും സമ്മാനിച്ചാണ് യാത്രയാക്കിയത്. സത്യസന്ധതയുടെ ആൾ രൂപങ്ങളായ, സമൂഹത്തിനാകെ മാതൃകയായ ആ രണ്ടു കുട്ടികളെയും ചേർത്ത് പിടിച്ച് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി. അവർ പുതിയ വീട്ടിൽ ഓണം ആഘോഷിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഇതിനേക്കാൾ ആഹ്ലാദകരമായ മറ്റെന്ത് ഓണാഘോഷമാണുള്ളത്!The post ‘സത്യസന്ധതയുടെ ആൾ രൂപങ്ങളായ ആ രണ്ടുകുട്ടികൾക്ക് വീടൊരുങ്ങി, ഇതിനേക്കാൾ ആഹ്ലാദകരമായ മറ്റെന്ത് ഓണാഘോഷമാണുള്ളത്!’; ശ്രദ്ധനേടി മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ് appeared first on Kairali News | Kairali News Live.