ആഭ്യന്തര വകുപ്പിനെ നാണക്കേടിലാക്കി പോലീസിലെ ഇടിവീരന്മാര്‍

Wait 5 sec.

മുഖ്യമന്ത്രിയുടെ ശാസനകള്‍ക്കോ ഡി ജി പിമാരുടെ സര്‍ക്കുലറുകള്‍ക്കോ സുപ്രീം കോടതി ഉത്തരവിനോ സി സി ടി വി ക്യാമറകള്‍ക്കോ അവസാനിപ്പിക്കാനാകുന്നില്ല പോലീസിന്റെ മര്‍ദനമുറകള്‍. കുന്നംകുളം പോലീസ് സ്റ്റേഷനിലെ ക്രൂര മര്‍ദനത്തിനു പുറമെ തൃശൂര്‍ പീച്ചി സ്റ്റേഷനിലെ മൂന്നാംമുറ പ്രയോഗത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നു. മൂന്നാംമുറ പ്രയോഗത്തിന്റെ ഭാഗമായി കുളത്തുപ്പുഴ സ്റ്റേഷനിലെ പോലീസുകാര്‍ പ്ലയര്‍ ഉപയോഗിച്ചു പല്ലുകള്‍ വലിച്ചിളക്കിയതിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര ചോഴിയക്കോട് അനില്‍കുമാര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത് ഒരാഴ്ച മുമ്പാണ്.കസ്റ്റഡിയിലെടുത്തവരോട് മാന്യമായി പെരുമാറണമെന്നും മൂന്നാംമുറ പ്രയോഗം അരുതെന്നും മുഖ്യമന്ത്രി പല തവണ ഉപദേശിച്ചതാണ് സേനാംഗങ്ങളെ. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ 2019 ജൂലൈ 16ന് നടത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.’കസ്റ്റഡി മര്‍ദനത്തിനെതിരെ ശക്തമാണ് സര്‍ക്കാര്‍ നിലപാട്. കസ്റ്റഡി മര്‍ദനം സബന്ധിച്ച കേസ് അന്വേഷണത്തിലും നടപടികളിലും ഒരു അലംഭാവവും വിട്ടുവീഴ്ചയുമുണ്ടാകില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇനി ഒരിക്കലും ആവര്‍ത്തിക്കരുത് മൂന്നാംമുറ പ്രയോഗം’. 2022 ഡിസംബറില്‍ തിരുവനന്തപുരത്ത് പോലീസ് പെന്‍ഷനേഴ്സ് അസ്സോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ‘ക്രിമിനലുകളെ നേരിടാനാണ് പോലീസ്. സേനയില്‍ ക്രിമിനലുകള്‍ വേണ്ട. അത്തരക്കാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല’. പക്ഷേ മുഖ്യമന്ത്രിയുടെ താക്കീതിനോ മുന്നറിയിപ്പിനോ ഒരു വിലയും കല്‍പ്പിക്കുന്നില്ല സേനാംഗങ്ങള്‍. പിന്നെയും നിരന്തരം നടക്കുന്നു കസ്റ്റഡി മര്‍ദനങ്ങളും മരണങ്ങളും.മാറിമാറി വന്ന ഡി ജി പിമാരെല്ലാം മൂന്നാംമുറ പ്രയോഗം അരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ക്രമസമാധാനപാലന വേളയില്‍ പ്രകോപനമുണ്ടായാല്‍ പോലും പരമാവധി സംയമനം പാലിക്കണമെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു കാരണവശാലും അതിക്രമം അരുതെന്നും 2016ല്‍ കീഴുദ്യോഗസ്ഥന്മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. ഡി ജി പിമാരായിരുന്ന അനില്‍കാന്തും ശൈഖ് ദര്‍വേശ് സാഹെബും സമാന ഉത്തരവുകള്‍ പുറപ്പെടുവിച്ചു. സ്റ്റേഷനില്‍ മാന്യതക്കും അന്തസ്സിനും നിരക്കാത്ത രീതിയില്‍ പെരുമാറരുതെന്നായിരുന്നു ദര്‍വേശ് സാഹെബിന്റെ നിര്‍ദേശം. പോലീസിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ഒരു ഡസനിലേറെ സര്‍ക്കുലറാണ് വിവിധ കാലഘട്ടങ്ങളിലായി ഡി ജി പിമാര്‍ പുറത്തിറക്കിയത്.മുഖ്യമന്ത്രിയുടെയും ഡി ജി പിമാരുടെയും ഉത്തരവുകള്‍ ഫലം ചെയ്യാത്തതിനെ തുടര്‍ന്ന് 2018ല്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും 24 മണിക്കൂറും സി സി ടി വി നിരീക്ഷണത്തിലാക്കി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് 2020 ജൂലൈയില്‍ സുപ്രീം കോടതിയും ഉത്തരവിട്ടു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ മനുഷ്യവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് സ്റ്റേഷനുകളിലെ ലോക്കപ്പ് മുറികളിലുള്‍പ്പെടെ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും അതിലെ ദൃശ്യങ്ങള്‍ 18 മാസം വരെ സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ക്യാമറകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന, ജില്ലാതല മേല്‍നോട്ട സമിതികള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. കസ്റ്റഡി മരണം സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരങ്ങിയ കോടതി ബഞ്ചിന്റെ ഇടപെടല്‍.എന്നിട്ടും കൂസലില്ല ഇടിവീരന്മാരായ പോലീസുകാര്‍ക്ക്. നിരവധി സ്റ്റേഷനുകളില്‍ പിന്നെയും തങ്ങളുടെ കൈക്കരുത്ത് കാണിച്ചു. മര്‍ദനത്തിന്റെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു നല്‍കാതിരിക്കും. കുന്നംകുളം സ്റ്റേഷനില്‍ മര്‍ദനത്തിനിരയായ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവ് സുജിത്ത് രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ നേടിയെടുത്തത്. പീച്ചി സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ ലഭ്യമായതും ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തെ തുടര്‍ന്നാണ്. വിവിധ കാരണങ്ങള്‍ പറഞ്ഞ് മര്‍ദന ദൃശ്യങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് നല്‍കാന്‍ പോലീസ് നിര്‍ബന്ധിതമായത്.കുറ്റം തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പും വിസമ്മതിക്കുന്നു. കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് ഉന്നതങ്ങളില്‍ നിന്ന് പലപ്പോഴും കണ്ടുവരുന്നത്. സേനയുടെ ആത്മവീര്യം തകരുമെന്നാണ് പോലീസിനെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ സ്ഥിരം പറഞ്ഞുവരുന്ന കാരണം. ഇതിനെതിരെ രൂക്ഷവിമര്‍ശമാണ് 2024 മേയ് 23ന് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ‘പോലീസ് എന്ത് അതിക്രമം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാന്‍ അവരെ സംരക്ഷിക്കണമെന്നാണോ പറയുന്നത്? ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാല്‍ എങ്ങനെയാണ് സേനയുടെ ആത്മവീര്യം തകരുക?’ ആലത്തൂര്‍ സ്റ്റേഷനില്‍ പോലീസ് അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമന്ദ്രന്‍ ചോദിച്ചു. എന്തിനാണ് തെറ്റ് ചെയ്ത പോലീസുകാരെ ഇങ്ങനെ പിന്തുണക്കുന്നത്. ആത്മവീര്യം അത്ര ദുര്‍ബലമാണെങ്കില്‍ അതങ്ങ് പോകട്ടെയെന്നു വെക്കണമെന്നും അദ്ദേഹം പറഞ്ഞു.പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേരാത്ത വിധം പെരുമാറുന്ന ഇടിവീരന്മാരായ പോലീസുകാരെ ഒരു കാരണവശാലും സര്‍ക്കാര്‍ സംരക്ഷിക്കരുത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെയാകെ അത് നാണക്കേടിലാക്കിക്കൊണ്ടിരിക്കുകയാണ്.