മനാമ: ഈസ ടൗണിലെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് ഔദ്യോഗികമായി നിരോധിച്ചു. പ്രദേശവാസികളുടെ നിരന്തരമായ സമ്മര്‍ദ്ദത്തെയും സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ഇടപെടലുകളെയും തുടര്‍ന്നാണ് ഈ നടപടി.ഇടുങ്ങിയ തെരുവുകളിലും വീടുകള്‍ക്കും സ്കൂളുകള്‍ക്കും സമീപത്ത് ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഈസ ടൗണ്‍ കൗണ്‍സിലര്‍ അബ്ദുള്ള ദറാജ് മുന്നറിയിപ്പ് നല്‍കി ഒരു വര്‍ഷത്തിന് ശേഷമാണ് ഈ തീരുമാനം ഉണ്ടാകുന്നത്.പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഇത്തരം ലോറികള്‍ക്ക് ജനവാസ മേഖലകളില്‍ പ്രവേശിക്കുന്നതിനോ പാര്‍ക്ക് ചെയ്യുന്നതിനോ അനുമതിയില്ല. സിലിണ്ടറുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിര്‍ത്താന്‍ അനുവാദമുള്ളൂ. കൂടാതെ, സ്കൂള്‍ മതിലുകളോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും മുമ്പ് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന തുറസ്സായ സ്ഥലങ്ങളിലും ‘നോ പാര്‍ക്കിങ്’ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോറികളില്‍ സിലിണ്ടറുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാത്രിയില്‍ പോലും ഈ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് തടയാനാണ് ഈ നടപടി.വലിയൊരു ദുരന്തത്തിന് ഇത് കാരണമായേക്കാം എന്ന ഭീതി ശക്തമായ സാഹചര്യത്തിലാണ് ഈ നടപടി. ദിവസേന ആശങ്കയോടെ കഴിഞ്ഞിരുന്ന ജനങ്ങള്‍ക്ക് ഈ പുതിയ മാറ്റം വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് കൗണ്‍സിലര്‍ അബ്ദുള്ള ദറാജ് പറഞ്ഞു.‘മാസങ്ങളോളം ഡസന്‍ കണക്കിന് ഗ്യാസ് സിലിണ്ടറുകള്‍ നിറഞ്ഞ ഈ ലോറികള്‍ വീടുകള്‍ക്കും സ്കൂളുകള്‍ക്കും സമീപം പാര്‍ക്ക് ചെയ്തിരിക്കുന്നത് നമ്മള്‍ കണ്ടതാണ്. ആ അപകടസാധ്യത വളരെ വലുതും ഭയപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍ ഇന്ന് ആ ആശങ്കകള്‍ക്ക് വ്യക്തമായ പരിഹാരം കാണാന്‍ കഴിഞ്ഞിരിക്കുന്നു. ജനവാസ മേഖലകളെ അപകടത്തിലാക്കാന്‍ ഇനി ഈ ലോറികളെ അനുവദിക്കില്ല.’, അബ്ദുള്ള ദറാജ് കൂട്ടിച്ചേര്‍ത്തു. The post ഈസ ടൗണിലെ ജനവാസ മേഖലകളില് ഗ്യാസ് സിലിണ്ടര് ലോറികള്ക്ക് നിരോധനം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.