ഓയൂര്‍ (കൊല്ലം) | വിദേശത്ത് ബിസിനസ് തുടങ്ങാമെന്ന വ്യാജ വാഗ്ദാനം നല്‍കി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. ചെട്ടികുളങ്ങര ഇലഞ്ഞിവിളവീട്ടില്‍ ബിജു ബാലന്‍ (55), ഭാര്യ കായംകുളം ചിറക്കടവ് വല്ലന്‍തറയില്‍ വീട്ടില്‍ രശ്മി ബിജു (44) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് തട്ടിപ്പിനു പുറമെ, വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായും ഇവര്‍ക്കെതിരെ പരാതിയുണ്ട്. പ്രതികള്‍ എറണാകുളം മരടില്‍ ഒളിവില്‍ താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മരടിലെത്തിയ പോലീസ് വാടകവീട്ടില്‍ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ വ്യാജ കമ്പനികള്‍ രൂപവത്കരിച്ച് സാധനങ്ങള്‍ വാങ്ങുകയും പിന്നീട് അവ മറിച്ചുവിറ്റ് കമ്പനി പൂട്ടുകയും ചെയ്യുന്നതായിരുന്നു പ്രതികളുടെ രീതി. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നുമായി 10 കോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതികളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആസ്‌ത്രേലിയയില്‍ ജോലിയും സിറ്റിസണ്‍ഷിപ്പും വാഗ്ദാനം നല്‍കി ഓയൂര്‍ സ്വദേശി ബിജുവിന്റെ പക്കല്‍നിന്ന് പത്തര ലക്ഷം രൂപ വാങ്ങുകയും ഇതിന് കരാറുണ്ടാക്കുകയും ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്ത്രീയുടെ പക്കല്‍നിന്ന് വിവാഹവാഗ്ദാനം നല്‍കി 15 ലക്ഷവും എറണാകുളം സ്വദേശിയുടെ കൈയില്‍ നിന്ന് ഖത്വറില്‍ ബിസിനസ് തുടങ്ങാമെന്നു പറഞ്ഞ് 20 ലക്ഷവും കണ്ണൂര്‍ പഴയങ്ങാടിയില്‍ ഒരാളുടെ പക്കല്‍ നിന്ന് ബിസിനസ് തുടങ്ങുന്നതിനായി ലക്ഷങ്ങളും ചവറ സ്വദേശിനിയുടെ പക്കല്‍ നിന്ന് 13 ലക്ഷവും തട്ടിയ സംഭവങ്ങളില്‍ ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കോഴിക്കോട്ടുള്ള ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നല്‍കി അവരുടെ പേരിലുള്ള വസ്തുവിറ്റ വകയില്‍ ലഭിച്ച 85 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലും കേസുണ്ട്. അവിവാഹിതരായ സ്ത്രീകളോട് ചങ്ങാത്തംകൂടി വിവാഹവാഗ്ദാനം നല്‍കിയാണ് കൂടുതല്‍ തട്ടിപ്പും നടത്തിയിട്ടുള്ളത്.ഖത്വറില്‍ നടന്ന ലോകകപ്പിന് മെസ് തുടങ്ങാമെന്നു പറഞ്ഞ് കായംകുളം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കായംകുളം പോലീസ് സ്റ്റേഷനിലും പരാതിയുണ്ട്. കബളിപ്പിക്കപ്പെട്ടവര്‍ ആരെങ്കിലും പരാതി നല്‍കുമെന്ന് അറിഞ്ഞാലുടന്‍ ആയുധങ്ങളുപയോഗിച്ച് സ്വയം ദേഹത്ത് മുറിവുകളുണ്ടാക്കി പോലീസില്‍ പരാതി നല്‍കുകയാണ് പ്രതികളുടെ പതിവെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു.