ഇടുക്കി | സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി അവതരിപ്പിച്ചത് നുണകള്‍ നിറച്ച പ്രോഗ്രസ് റിപ്പോര്‍ട്ടാണെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എഴുതിവച്ചിരിക്കുന്നത് പച്ചക്കള്ളമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിച്ചു എന്നത് നുണയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം തുറമുഖത്തിന്റെ അനുമതി വാങ്ങി, സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിര്‍മാണപ്രവര്‍ത്തനം തുടങ്ങി കൗണ്‍ഡൗണ്‍ ആരംഭിച്ചതാണ്.ഈ പദ്ധതിയെ 6000കോടിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പെന്നാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത്. കടല്‍ക്കൊള്ളയെന്ന് ദേശാഭിമാനി വിശേഷിപ്പിച്ച പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെടാന്‍ നാണമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ഗെയില്‍ പൈപ്പ് ലൈന്‍ കൊണ്ടുവന്നപ്പോള്‍, ഭൂമിക്കടിയില്‍ ഒളിപ്പിച്ച ബോംബാണെന്ന് വിശേഷിപ്പിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവാണ്. ഇതിനെക്കാള്‍ കള്ളങ്ങള്‍ നിറച്ച, നുണകള്‍ നിറച്ച മറ്റൊരു പ്രോഗ്രസ് റിപ്പോര്‍ട്ടില്ല.ഉന്നതവിദ്യാഭ്യാസ രംഗമെടുത്താല്‍ നിരവധി സര്‍വകലാശാലകളില്‍ വിസിമാരില്ല, കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല, കാലഹരണപ്പെട്ട കോഴ്സുകള്‍ പഠിക്കാന്‍ ആളില്ല. കാര്‍ഷിക മേഖലയില്‍ നെല്ല് സംഭരണം പാളി, ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ നെല്ലുസംഭരണം തകര്‍ത്തു.കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞു. പ്രഖ്യാപിച്ച ഒരു പാക്കേജും അവര്‍ നടപ്പാക്കിയിട്ടില്ല. കോണ്‍ഗ്രസ് അവതരിപ്പിച്ച സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച ഒരു കുറ്റപത്രമുണ്ട്. അത് ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെടുമെന്നും അതിന്റെ ശിക്ഷ ഒമ്പതാം തീയതി വിധിക്കുമെന്നും സതീശന്‍ പറഞ്ഞു