വീണ്ടും പരാജയം! ആരാധകർ കൈവിട്ട ബ്ലാസ്റ്റേഴ്സ് ഡൽഹിയോടും തോറ്റു

Wait 5 sec.

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോൽവി വഴങ്ങി. ഡൽഹിയിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ക്ളബ്ബ് ഡൽഹിക്കെതിരെ ബ്ലാസ്റ്റേഴ്സ് 2-0 ന് പരാജയപ്പെട്ടു.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഡൽഹി ലീഡ് നേടി. 36-ാം മിനിറ്റിൽ മലയാളിയും മുൻ ബ്ലാസ്റ്റേഴ്‌സ് താരവുമായ മുഹമ്മദ് ഐമൻ നേടിയ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തി. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മടിജ ബബോവിച്ച് നേടിയ ഗോളോടെ ഡൽഹി വിജയം ഉറപ്പിച്ചു.കേരളത്തിന്റെ ഫുട്ബോൾ ആവേശമായ കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ക്ലബ്ബിന്റെ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട, സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർണ്ണമായും ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. മാനേജ്‌മെന്റിന്റെ തുടർച്ചയായ വീഴ്ചകളിലും, ആരാധകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും പ്രതിഷേധിച്ചാണ് ഈ അപ്രതീക്ഷിത നീക്കം. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ശക്തമായ പ്രസ്താവനയിലൂടെയാണ് ആരാധകർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.ഐഎസ്എൽ പോയിന്റ് പട്ടികയിൽ ആറ് മത്സരങ്ങളിൽ നിന്ന് വെറും ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. കളിക്കളത്തിലെ ദയനീയ പ്രകടനത്തേക്കാൾ ആരാധകരെ ചൊടിപ്പിക്കുന്നത് ക്ലബ്ബ് മാനേജ്‌മെന്റിന്റെ ദീർഘവീക്ഷണമില്ലാത്ത നിലപാടുകളാണ്. സിഇഒ അഭിക് ചാറ്റർജിക്ക് നേരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിൽ, ഇപ്പോൾ സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസിനെതിരെയും പ്രതിഷേധം കടുക്കുകയാണ്.സീസണിന്റെ പകുതിയിൽ പ്രമുഖ താരങ്ങൾ കൂട്ടത്തോടെ ക്ലബ്ബ് വിടുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ അസ്ഥിരത വെളിവാക്കുന്നു. 2025 ഡിസംബറിൽ സ്ട്രൈക്കർ തിയാഗോ ആൽവസ് പി‌കെ‌ആർ സ്വേ റിയംഗിലേക്ക് മാറിയതോടെ തുടങ്ങിയ തകർച്ച ജനുവരിയിലും തുടർന്നു. പ്രതിരോധ താരം യുവാൻ റോഡ്രിഗസ് (മാർബെല്ല), ഫോർവേഡ് താരം കോൾഡോ ഒബിയറ്റ (ബോർണിയോ സമരിന്ദ) എന്നിവരും ക്ലബ്ബ് വിട്ടു.മലയാളികളായ ഇരട്ടസഹോദരങ്ങൾ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ എന്നിവരുടെ അപ്രതീക്ഷിത വിടവാങ്ങൽ ആരാധകർക്ക് വലിയ ആഘാതമായിരുന്നു. ഇതിന് പിന്നാലെ ദുസാൻ ലഗേറ്റർ, നോറ ഫെർണാണ്ടസ് തുടങ്ങിയ പ്രധാന താരങ്ങളും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറി. ഇത് ടീമിന്റെ കെട്ടുറപ്പിനെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഈ സീസണിൽ ടീമിലെത്തിച്ച ഒമർ ബാ, വിക്ടർ ബെർട്ടോമിയു തുടങ്ങിയ താരങ്ങൾക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല.Also Read: മഡ്രിഡിലെ അവസാന അധ്യായമോ? 14 വർഷത്തെ ചരിത്രത്തിന് ശേഷം സിമിയോണി പടിയിറങ്ങാൻ ഒരുങ്ങുന്നുവോ?മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ തുടങ്ങിയ ക്ലബ്ബുകൾ കൃത്യമായ ആസൂത്രണത്തോടെ മുന്നേറുമ്പോൾ, ബ്ലാസ്റ്റേഴ്‌സ് മാത്രം പരീക്ഷണങ്ങളിൽ തട്ടി നിൽക്കുകയാണെന്ന് മഞ്ഞപ്പട ചൂണ്ടിക്കാട്ടുന്നു. മാനേജ്‌മെന്റിൽ അഴിച്ചുപണി വേണമെന്നും, കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തെ മാനിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം. “ആരാധകരില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് വ്യക്തിത്വമില്ല” എന്ന ശക്തമായ മുന്നറിയിപ്പാണ് മഞ്ഞപ്പട നൽകുന്നത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറികൾ ഇനി നിശബ്ദമാകും. ആരാധകർ ഉയർത്തുന്ന ഈ ‘റെഡ് കാർഡ്’ കാണാൻ മാനേജ്‌മെന്റ് തയ്യാറാകുമോ അതോ ക്ലബ്ബ് കൂടുതൽ തകർച്ചയിലേക്ക് കൂപ്പുകുത്തുമോ എന്നാണ് ഫുട്ബോൾ കേരളം ഉറ്റുനോക്കുന്നത്.The post വീണ്ടും പരാജയം! ആരാധകർ കൈവിട്ട ബ്ലാസ്റ്റേഴ്സ് ഡൽഹിയോടും തോറ്റു appeared first on Kairali News | Kairali News Live.