ടെഹ്റാൻ | ഇറാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ശരീഫ് സർവകലാശാല ഉൾപ്പെടെയുള്ള സിവിൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു എസും ഇസ്റാഈലും സംയുക്തമായി ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ ആറ് കുട്ടികളടക്കം കുറഞ്ഞത് 34 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്.ടെഹ്റാൻ പ്രവിശ്യയിലെ ബഹറെസ്താനിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് വയസ്സിൽ താഴെയുള്ള ആറ് കുട്ടികളടക്കം 23 പേർ കൊല്ലപ്പെട്ടു. ഖോം നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേരും തെക്കൻ ഇറാനിലെ ബന്ദർ ലെംഗെയിൽ ആറ് പേരും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറാന്റെ പ്രധാന ശാസ്ത്ര ഗവേഷണ കേന്ദ്രമായ ശരീഫ് സർവകലാശാലയ്ക്ക് നേരെ യു എസ് ‘ബങ്കർ ബസ്റ്റർ’ ബോംബുകളാണ് പ്രയോഗിച്ചതെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് ആരോപിച്ചു. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 30 ഓളം സർവകലാശാലകൾ ആക്രമിക്കപ്പെട്ടതായാണ് വിവരം.ഐ ആർ ജി സി ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ മജിദ് ഖാദിമി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൂടാതെ ഖുദ്‌സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ അസ്ഗർ ബക്കേരിയെ വധിച്ചതായും ഇസ്റാഈൽ അവകാശപ്പെട്ടു. അസലൂയയിലെ രാജ്യത്തെ ഏറ്റവും വലിയ പെട്രോകെമിക്കൽ പ്ലാന്റിന് നേരെയും ആക്രമണമുണ്ടായി. ഇത് ഇറാന്റെ പെട്രോകെമിക്കൽ ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ഓരോ ആക്രമണത്തിനും അതേ രീതിയിൽ തന്നെ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായി മുന്നറിയിപ്പ് നൽകി. ഇതിനിടെ, ചൊവ്വാഴ്ച പുലർച്ചെ തെൽ അവീവ്, ഹൈഫ ഉൾപ്പെടെയുള്ള ഇസ്റാഈൽ നഗരങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഹൈഫയിൽ കെട്ടിടം തകർന്ന് രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. SummaryThe United States and Israel have intensified airstrikes across Iran, targeting critical infrastructure including the prestigious Sharif University and several residential zones, resulting in at least 34 fatalities. The escalation follows President Trump’s ultimatum regarding the Strait of Hormuz, while Iran has vowed to retaliate “in kind” against regional targets. High-ranking IRGC officials were reportedly killed in the strikes, further deepening the military confrontation between the nations.