തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍. 863 സ്ഥാനാര്‍ഥികളില്‍ 324 പേര്‍ക്കെതിരെയാണ് കേസുകളുള്ളത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 928 സ്ഥാനാര്‍ഥികളില്‍ 355 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നു. 38 ശതമാനമായിരുന്നു അപ്പോഴത്തേയും തോത്. എന്നാല്‍ ഗുരുതര ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സ്ഥാനാര്‍ഥികളുടെ അനുപാതം 2021നെ അപേക്ഷിച്ച് ഇത്തവണ വര്‍ധിച്ചിട്ടുണ്ട്. 2021ല്‍ സ്ഥാനാര്‍ഥികളില്‍ 18 ശതമാനത്തിനെതിരെയായിരുന്നു കേസെങ്കില്‍ ഇത്തവണ അത് 23 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 201 പേരും സ്ഥാനാര്‍ഥി പട്ടികകളിൽ ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. ഇതിൽ 85 സ്ഥാനാര്‍ഥികളില്‍ 72 പേരും (85 ശതമാനം) ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.തൊട്ടുപിറകില്‍ 84 ശതമാനവുമായി മുസ്‌ലിം ലീഗുണ്ട്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളില്‍ 84 ശതമാനവും ക്രിമിനല്‍ കേസ് പ്രതികളാണ്. കേരള കോണ്‍ഗ്രസ്സ് (75 ശതമാനം), സി പി എം (66 ശതമാനം), ബി ജെ പി (63 ശതമാനം), സി പി ഐ (54 ശതമാനം). എന്‍ സി പി, കേരള കോണ്‍ഗ്രസ്സ് (ബി), കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) തുടങ്ങി എല്ലാ സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണ്. ഗുരുതര ക്രിമിനല്‍ കേസുകളിലും മുന്നില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളാണ്.കോണ്‍ഗ്രസ്സിന്റെ 71 ശതമാനം സ്ഥാനാര്‍ഥികളും ഇത്തരം കേസുകളില്‍ പ്രതികളാണ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളില്‍ 52 ശതമാനത്തിന്റെയും ബി ജെ പി സ്ഥാനാര്‍ഥികളില്‍ 42 ശതമാനത്തിന്റെയും പേരിൽ ഗുരുതര ക്രിമിനല്‍ കേസുകളുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടകേസുകളില്‍ 15 സ്ഥാനാര്‍ഥികള്‍ പ്രതികളാണ്. ഇതില്‍ ഒരാള്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള ബലാത്സംഗത്തിന്റെ പേരിലും കേസുണ്ട്.നാല് സ്ഥാനാര്‍ഥികള്‍ കൊലക്കേസ് പ്രതികളാണ്. 13 പേര്‍ക്കെതിരെ വധശ്രമത്തിനും കേസുകളുണ്ട്. സ്ഥാനാര്‍ഥികളില്‍ വലിയൊരു വിഭാഗം വലിയ സാമ്പത്തിക സ്വാധീനമുള്ളവരാണെന്നും റിപോര്‍ട്ടിലുണ്ട്. പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ സ്ഥാനാര്‍ഥികള്‍ കോടിപതികളാണ്. 48 ശതമാനം പേര്‍ അഞ്ചാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ്സ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 46 ശതമാനം ബിരുദധാരികളാണ്.പ്രായം കണക്കാക്കിയാല്‍ സ്ഥാര്‍ഥികളില്‍ 58 ശതമാനവും 41നും 60നും ഇടയിലുള്ളവരാണ്. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും വ്യക്തമാക്കുന്നു. അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എ ഡി ആര്‍) കേരള ഇലക‌്ഷന്‍ വാച്ചും സംയുക്തമായി സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്ത് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.