സമാധാനമാണ് ഏറ്റവും നല്ല മരുന്ന്

Wait 5 sec.

അന്ത്യശാസനകള്‍ക്കും ഭീഷണികള്‍ക്കും പ്രത്യാക്രമണ പ്രതിജ്ഞകള്‍ക്കും നടുവിലാണ് ഇറാനിലെയും ഗള്‍ഫ് നാടുകളിലെയും മനുഷ്യര്‍. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം പഴയപടിയാക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസന സമയം തീരാനിരിക്കെ, ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ലെന്ന പ്രഖ്യാപനവുമായി യുദ്ധമുഖത്ത് ഉറച്ച് നില്‍ക്കുകയാണ് ഇറാന്‍. ഭീഷണിയുടെ സ്വരം മാറ്റിവെച്ച് യഥാര്‍ഥ സംഭാഷണത്തിന് വഴിയൊരുക്കാന്‍ യാതൊരു മുന്‍കൈയും ട്രംപ് കൈകൊള്ളുന്നുമില്ല. സ്വന്തം നാട്ടില്‍ അരങ്ങേറുന്ന കൂറ്റന്‍ യുദ്ധവിരുദ്ധ റാലികളൊന്നും ട്രംപ് ഗൗനിക്കുന്നേയില്ല.ഇറാനെ ശിലായുഗത്തിലേക്ക് അയച്ചുവെന്നാണ് ട്രംപ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ അവകാശപ്പെട്ടത്. “ബാക്ക് ടു സ്റ്റോണ്‍ ഏജ്’ എന്ന് എക്‌സ് കുറിപ്പില്‍ ആവര്‍ത്തിച്ച് യു എസ് വിദേശകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തും അങ്ങേയറ്റം മനുഷ്യത്വഹീനമായ യുദ്ധവെറി പ്രകടമാക്കി. ഇങ്ങനെ സംസാരിക്കുന്നവര്‍ക്ക് ഇറാന്‍ ചര്‍ച്ചക്ക് വഴങ്ങുന്നില്ലെന്ന് പരാതിപ്പെടാന്‍ എന്ത് അവകാശമാണുള്ളത്. കൂച്ചുവിലങ്ങിട്ട് ആരെയെങ്കിലും ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരാനാകുമോ? ശിലായുഗ പരാമര്‍ശത്തിന് മറുപടിയായി സഊദിയിലെ ഇറാന്‍ എംബസി നടത്തിയ എക്‌സ് പോസ്റ്റ് തികച്ചും ചരിത്രപരവും ആത്മാഭിമാനം നിറഞ്ഞതുമായിരുന്നു: “ശിലായുഗമോ? നിങ്ങള്‍ തീ തേടി ഗുഹകളിലായിരുന്ന സമയത്ത്, ഞങ്ങള്‍ സൈറസ് സിലിണ്ടറില്‍ മനുഷ്യാവകാശങ്ങള്‍ എഴുതിവെക്കുകയായിരുന്നു. അലക്്‌സാണ്ടറിന്റെ ആക്രമണത്തെയും മംഗോളിയന്‍ അധിനിവേശത്തെയും ഞങ്ങള്‍ അതിജീവിച്ചു. കാരണം ഇറാന്‍ വെറുമൊരു രാജ്യമല്ല, അതൊരു നാഗരികതയാണ്’ ഇതായിരുന്നു ആ എക്‌സ് പോസ്റ്റ്.ചരിത്രം ഓര്‍മിപ്പിച്ചും ദേശീയത അതിശക്തമായി ഉയര്‍ത്തിപ്പിടിച്ചും ഇറാന്‍ ഭരണകൂടത്തിലെ ഉന്നതര്‍ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുമ്പോഴും ആ രാജ്യം എത്തിപ്പെട്ട മാനുഷിക പ്രതിസന്ധി അവഗണിക്കാനാകില്ല. ശത്രുക്കള്‍ ആക്രമിക്കുന്നത് സൈനിക സംവിധാനങ്ങളെയല്ല. മറിച്ച് സാധാരണ മനുഷ്യരെ തന്നെയാണ്. യു എന്നടക്കമുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ മുന്നോട്ടുവെച്ച കണ്‍വെന്‍ഷനുകളൊന്നും പാലിക്കാത്ത അമേരിക്കക്കും ഇസ്‌റാഈലിനും മുന്നില്‍ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. അഫ്ഗാനിലും ഇറാഖിലും ലിബിയയിലും ഒടുവില്‍ ഫലസ്തീനിലുമെല്ലാം നടന്ന കൂട്ടുക്കുരുതികള്‍ ലോകത്തിന് മുന്നിലുണ്ട്. എല്ലാ ചെറുത്തുനില്‍പ്പുകള്‍ക്കുമപ്പുറം ഇറാനിലും അതാണ് നടക്കാന്‍ പോകുന്നതെന്ന പ്രഖ്യാപനമാണ് ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന ഭീഷണി.ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നോട്ട് വെച്ചത്. ഇസ്‌റാഈലും യു എസും ഇറാന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണം ദീര്‍ഘകാല ഫലമുളവാക്കുന്നതാണെന്നും യു എന്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നതാണെന്നും അദ്ദേഹം കുറിച്ചു. ഇറാന്റെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ 20ലേറെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് മാര്‍ച്ച് ഒന്ന് മുതലുള്ള കണക്ക്. പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഡെലാറാം സിന സൈക്യാട്രിക് ആശുപത്രിയും ടോഫിഗ് ദാരു ഫാര്‍മസ്യൂട്ടിക്കല്‍ കെട്ടിടവും ആക്രമണത്തില്‍ തകര്‍ന്നു. ഖുസെസ്ഥാന്‍ പ്രവിശ്യയിലെ ഇമാം അലി ആശുപത്രിക്ക് സമീപമുണ്ടായ സ്‌ഫോടനം ആശുപത്രി ഒഴിപ്പിക്കലിനും സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനും കാരണമായി. സമാധാനമാണ് ഏറ്റവും നല്ല മരുന്ന് എന്ന വാചകത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.ഫെബ്രുവരി 28ന് മിനാബ് ഗേള്‍സ് എലമെന്ററി സ്‌കൂളിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഇരുനൂറിനടുത്ത് കുഞ്ഞുങ്ങളെ കൊന്നുതള്ളിയതിന് പിറകേ സയണിസ്റ്റുകള്‍ ലോകത്തിന്റെയാകെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതോടെ ആക്രമണത്തിന്റെ ദിശ സൈനിക കേന്ദ്രങ്ങളിലേക്ക് തിരിച്ചുവെച്ച യു എസ്- ഇസ്‌റാഈല്‍ സഖ്യം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ആരോഗ്യ, വിദ്യാഭ്യാസ, സിവിലിയന്‍ കേന്ദ്രങ്ങളിലേക്ക് തന്നെ ആക്രമണമുന മാറ്റുകയായിരുന്നു.ഊര്‍ജ കേന്ദ്രങ്ങള്‍ തകര്‍ത്തും എണ്ണപ്പാടങ്ങള്‍ അഗ്നിക്കിരയാക്കിയും റോഡുകളും പാലങ്ങളും പൊളിച്ചും ദീര്‍ഘകാല പ്രഹരം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. കുഞ്ഞുങ്ങളെ കൊല്ലുകയെന്നത് ഇസ്‌റാഈലിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ക്രൗര്യത്തിന്റെ ഭാഗമാണ്. ദി ജനറല്‍സ് സണ്‍: ജേര്‍ണി ഓഫ് ആന്‍ ഇസ്റാഈലി ഇന്‍ ഫലസ്തീന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവും ആക്ടിവിസ്റ്റും ഐ ഡി എഫ് ജനറലിന്റെ മകനുമായ മൈകോ പെലഡ് 2021ല്‍ സിയാറ്റിലില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു: “എല്ലാവരും കരുതിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സേനയാണ് ഇസ്റാഈലിന്റേതെന്നാണ്. എന്നാല്‍ അത് നന്നായി പരിശീലിപ്പിക്കപ്പെട്ട ഭീകര സംഘടനയാണ്. 2008ല്‍ ഗസ്സക്ക് മേല്‍ ആക്രമണം നടന്നു. സെപ്തംബര്‍ 27 രാവിലെയായിരുന്നു ആദ്യത്തെ ബോംബിംഗ്. 21 ദിവസത്തെ ബോംബിംഗ് തുടങ്ങിയത് കാര്‍പറ്റ് ബോംബിംഗിലൂടെയാണ്. രാവിലെ 11.25 ആയിരുന്നു ബോംബിംഗിന് തിരഞ്ഞെടുത്ത സമയം.അപ്പോഴാണ് സ്‌കൂള്‍ ഷിഫ്റ്റ് മാറുന്നത്. സ്‌കൂള്‍ വിട്ട് വരുന്നവരും സ്‌കൂളിലേക്ക് പോകുന്നവരുമായി മുഴുവന്‍ കുട്ടികളും തെരുവിലുണ്ടാകും. ആക്രമണം തുടങ്ങാന്‍ ആ സമയം തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലേ?’ എപ്പോഴൊക്കെ ഗസ്സക്ക് നേരെ ആക്രമണം നടന്നോ അപ്പോഴൊക്കെ സ്‌കൂളുകളും ആശുപത്രികളുമാണ് ലക്ഷ്യമിട്ടത്. വംശഹത്യയാണ് നടക്കുന്നത് എന്നതിന് വേറെ തെളിവിന്റെ ആവശ്യമില്ല. ഇറാനിലും ഇതേ ലക്ഷ്യത്തിലാകും നീങ്ങുക. ഇറാന്‍ ജനതയെ ആ ദുരന്തത്തിലേക്ക് തള്ളിവിടരുത്.ഈ ആക്രമണ, പ്രത്യാക്രമണങ്ങളുടെ കെടുതി ഇറാനിലോ ഗള്‍ഫ് നാടുകളിലോ മാത്രം ഒതുങ്ങുന്നതല്ല. പ്രത്യക്ഷമായും പരോക്ഷമായും എല്ലാ രാജ്യങ്ങളും കെടുതി അനുഭവിക്കുന്നുണ്ട്. ആരും ജയിക്കാത്ത ഈ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആത്മാര്‍ഥമായ നീക്കം ഉണ്ടാകേണ്ടത് ആക്രമണം തുടങ്ങിയവരില്‍ നിന്ന് തന്നെയാണ്.