ആരോഗ്യം സാമൂഹിക ഉത്തരവാദിത്വം

Wait 5 sec.

നാളെ ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. “ആരോഗ്യത്തിനായി ഒന്നിച്ച്; ശാസ്ത്രത്തിനൊപ്പം നില്‍ക്കാം’ എന്നതാണ് പ്രമേയം. 1948 ഏപ്രില്‍ ഏഴിന് ലോകാരോഗ്യ സംഘടന നിലവില്‍ വന്നെങ്കിലും, 1950 ഏപ്രില്‍ ഏഴ് മുതലാണ് ലോകാരോഗ്യ ദിനം ആചരിക്കാന്‍ തുടങ്ങിയത്.മാറുന്ന ലോകംഇന്ന് ശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും ലോകം നേരിടുന്ന ആരോഗ്യ പ്രതിസന്ധികള്‍ സങ്കീര്‍ണമാണ്. ലോകത്തെ ആകെയുള്ള മരണങ്ങളില്‍ 74 ശതമാനവും ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങിയ പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍ മൂലമാണ്. പ്രതിവര്‍ഷം 4.1 കോടി ആളുകളാണ് ഇത്തരത്തില്‍ മരിക്കുന്നത്. ലോകത്തിലെ ഭൂരിഭാഗം ആളുകളും ശ്വസിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ വായുവാണ്. പരിസ്ഥിതി മലിനീകരണം മൂലം മാത്രം വര്‍ഷം തോറും 1.3 കോടി മരണങ്ങള്‍ സംഭവിക്കുന്നു. ലോകത്ത് എട്ടിലൊരാള്‍ എന്ന നിലയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. കൊവിഡ് കാലത്തിന് ശേഷം വിഷാദരോഗം, ഉത്കണ്ഠ എന്നിവയില്‍ 25 ശതമാനം വര്‍ധനവുണ്ടായി. മരുന്നുകളെ പ്രതിരോധിക്കാനുള്ള രോഗാണുക്കളുടെ ശേഷി കൂടുന്നത് ഭാവിയില്‍ വലിയ ഭീഷണിയാണ് ആരോഗ്യ രംഗത്ത് ഉണ്ടാക്കുക.കേരളത്തിന്റെ ആരോഗ്യംആരോഗ്യ സൂചികകളില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുമ്പോഴും കേരളം “രോഗങ്ങളുടെ തലസ്ഥാനമായി’ മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് മലയാളി. ഭക്ഷണക്രമത്തിലെ പിഴവുകള്‍, വ്യായാമമില്ലായ്മ, ലഹരി ഉപയോഗം എന്നിവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആരോഗ്യത്തിന് ഭീഷണിയാകുന്ന വര്‍ത്തമാനകാല ഘടകങ്ങള്‍ വര്‍ധിച്ചുവരികയാണ്. ആധുനിക ലോകം നല്‍കുന്ന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ അദൃശ്യമായ പല ആരോഗ്യ ഭീഷണികളും കേരളത്തെ വേട്ടയാടുന്നുണ്ട്. നാരുകളില്ലാത്ത, അമിതമായി ഉപ്പും പഞ്ചസാരയും രാസവസ്തുക്കളും ചേര്‍ത്ത ഫാസ്റ്റ് ഫുഡുകള്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും വാഹനങ്ങളുടെ അമിത ഉപയോഗവും പൊണ്ണത്തടിക്കും പേശീക്ഷയത്തിനും വഴിതെളിക്കുന്നു. സ്‌ക്രീനുകളില്‍ നിന്നുള്ള നീലവെളിച്ചം “മെലറ്റോണിന്‍’ ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ദീര്‍ഘനേരത്തെ ഡിജിറ്റല്‍ ഉപയോഗം “ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍’ എന്ന അവസ്ഥക്കും കാരണമാകുന്നു.ശാസ്ത്രീയ അവബോധം അനിവാര്യംആരോഗ്യകരമായ ശീലങ്ങള്‍ക്ക് ശാസ്ത്രീയ രീതിയിലുള്ള പ്രതിരോധമാണ് ഏറ്റവും പ്രധാനം. “ഭക്ഷണം ഔഷധമാക്കുക’ എന്ന നയം പിന്തുടരണം. പ്രതിദിനം ഒരു ടീസ്പൂണില്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കരുത്. പഞ്ചസാരയുടെ അളവ് ആകെ ഊര്‍ജത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെയായി പരിമിതപ്പെടുത്തണം. മുതിര്‍ന്നവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മിനുട്ടും കുട്ടികള്‍ ദിവസവും ശരാശരി 60 മിനുട്ടും ശാരീരിക അധ്വാനം ഉറപ്പാക്കണം. പുകയില പൂര്‍ണമായും ഒഴിവാക്കുക. മദ്യപാനത്തിന് സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്ന് മനസ്സിലാക്കുക.മനുഷ്യന്റെ ആരോഗ്യം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും വായുമലിനീകരണവും തടയുന്നതിലൂടെ മാത്രമേ മനുഷ്യന് പൂര്‍ണമായ ആരോഗ്യം കൈവരിക്കാന്‍ കഴിയൂ. “ആരോഗ്യം ലക്ഷ്യമല്ല, മറിച്ച് ദൈനംദിന ജീവിതത്തിനുള്ള വിഭവമാണ്’ – ഇതാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന ഏറ്റവും വലിയ പാഠം. ശാസ്ത്രീയ അവബോധം വളര്‍ത്തിയും ആരോഗ്യ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്തും മുന്നോട്ട് പോകാം. നമ്മുടെ ശരീരം ഒരു യന്ത്രമാണെങ്കില്‍ അത് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ആരോഗ്യം എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇത് വ്യക്തികളുടെ ഉത്തരവാദിത്വം മാത്രമല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്.വെല്ലുവിളികള്‍ലോകാരോഗ്യ സംഘടന ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ആരോഗ്യരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല; അവ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ തലങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്നു. ലോകാരോഗ്യ സംഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൃത്യമായ ഫണ്ടിന്റെ കുറവാണ്.സംഘടനയുടെ ബജറ്റിന്റെ വലിയൊരു ഭാഗവും ലഭിക്കുന്നത് അംഗരാജ്യങ്ങളുടെ നിശ്ചിത വിഹിതത്തേക്കാള്‍ ഉപരിയായി വ്യക്തിഗത ദാതാക്കളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമാണ്. ഇത് പലപ്പോഴും ദാതാക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ മാറ്റാന്‍ സംഘടനയെ നിര്‍ബന്ധിതരാക്കുന്നു. വലിയ രാജ്യങ്ങള്‍ സാമ്പത്തിക വിഹിതം കുറയ്ക്കുന്നത് ആഗോള ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയ തര്‍ക്കങ്ങള്‍ പലപ്പോഴും ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്നു. ശാക്തിക രാജ്യങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് സംഘടന വഴങ്ങുന്നു എന്ന വിമര്‍ശം അടുത്ത കാലത്തായി ശക്തമാണ്. അടിയന്തര ഘട്ടങ്ങളില്‍ കൃത്യസമയത്ത് തീരുമാനങ്ങള്‍ എടുക്കുന്നതിലും വിവരങ്ങള്‍ കൈമാറുന്നതിലും സംഘടന പരാജയപ്പെടുന്നു എന്ന ആരോപണം പൊതുജനവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പടരുന്ന തെറ്റായ ആരോഗ്യ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനക്ക് വലിയ വെല്ലുവിളിയാണ്. വാക്‌സീനുകള്‍ക്കെതിരെയുള്ള പ്രചാരണം, ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികള്‍ എന്നിവ തടയുന്നതില്‍ സംഘടനക്ക് വലിയ പോരാട്ടം നടത്തേണ്ടി വരുന്നു.പുതിയ മഹാമാരികളും വകഭേദങ്ങളുംരോഗാണുക്കള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ശാസ്ത്രലോകത്തിന് മുന്നില്‍ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നിലവിലുള്ള മരുന്നുകള്‍ ഫലിക്കാത്ത രീതിയില്‍ രോഗാണുക്കള്‍ ശക്തി പ്രാപിക്കുന്നത് വരാനിരിക്കുന്ന വലിയൊരു ദുരന്തമായി ലോകാരോഗ്യ സംഘടന കാണുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസുകള്‍ (ഉദാ: നിപ്പാ, കൊവിഡ്, മങ്കിപോക്‌സ്) സൃഷ്ടിക്കുന്ന ഭീഷണി വര്‍ധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. വായുമലിനീകരണം, ശുദ്ധജല ദൗര്‍ലഭ്യം, അതിശൈത്യവും ഉഷ്ണതരംഗവും മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങളെ ഏകോപിപ്പിക്കുക എന്നത് വലിയ പ്രായോഗിക തടസ്സമാണ്.ആരോഗ്യരംഗത്തെ അസമത്വംസമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ പരിരക്ഷാ വ്യത്യാസം കുറയ്ക്കാന്‍ സംഘടനക്ക് ഇന്നും പൂര്‍ണമായി കഴിഞ്ഞിട്ടില്ല. വാക്‌സീനുകളുടെ വിതരണം, മരുന്നുകളുടെ ലഭ്യത എന്നിവയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളും മറ്റും ഇന്നും പിന്നാക്കമാണ്. “എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഈ സാമ്പത്തിക അന്തരം വലിയ തടസ്സമാണ്. ചുരുക്കത്തില്‍, ഒരു സാങ്കേതിക ഏജന്‍സി എന്ന നിലയില്‍ നിന്ന് മാറി കൂടുതല്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരം ലഭിച്ചാല്‍ മാത്രമേ ലോകാരോഗ്യ സംഘടനക്ക് ഈ വെല്ലുവിളികളെ മറികടക്കാന്‍ സാധിക്കൂ.അമേരിക്കയുടെ താത്പര്യംലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന നിലയില്‍ അമേരിക്കയുമായുള്ള പ്രശ്‌നങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കാറുണ്ട്. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്ന രാജ്യം അമേരിക്കയാണ്. എന്നാല്‍ പലപ്പോഴും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടും ട്രംപിന്റെ അഴകൊഴമ്പന്‍ നയങ്ങള്‍ കാരണവും ഫണ്ട് തടഞ്ഞുവെക്കുന്നത് സംഘടനയെ പ്രതിസന്ധിയിലാക്കാറുണ്ട്. ലോകാരോഗ്യ സംഘടന ചൈനയെ അമിതമായി സംരക്ഷിക്കുന്നു എന്ന ആരോപണം അമേരിക്ക കാലങ്ങളായി ഉന്നയിക്കുന്നുണ്ട്. കൊവിഡ്-19ന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ സംഘടന വരുത്തിയ കാലതാമസവും ചൈന നല്‍കിയ വിവരങ്ങളെ അതേപടി വിശ്വസിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു. ഇത് ലോകാരോഗ്യ സംഘടനയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാന്‍ അമേരിക്കക്ക് അവസരം നല്‍കി.സംഘടനയുടെ ഭരണഘടനയിലും തീരുമാനങ്ങള്‍ എടുക്കുന്ന രീതിയിലും കാതലായ മാറ്റങ്ങള്‍ വേണമെന്ന് അമേരിക്ക നിരന്തരം ആവശ്യപ്പെടുന്നു. രാഷ്ട്രീയ സ്വാധീനങ്ങളില്‍ നിന്ന് സംഘടന മുക്തമാകണമെന്നാണ് അമേരിക്കയുടെ വാദം. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട മരുന്ന് കമ്പനികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക സമ്മര്‍ദം ചെലുത്താറുണ്ട്. ദരിദ്ര രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകളും വാക്‌സീനുകളും ലഭ്യമാക്കാന്‍ ലോകാരോഗ്യ സംഘടന ശ്രമിക്കുമ്പോള്‍, ഇതിനെ അമേരിക്കന്‍ കമ്പനികള്‍ എതിര്‍ക്കാറുണ്ട്. തായ്വാന്റെ അംഗത്വം പോലുള്ള രാഷ്ട്രീയ വിഷയങ്ങളിലും അമേരിക്കയും ലോകാരോഗ്യ സംഘടനയും രണ്ട് തട്ടിലാണ്. ചുരുക്കത്തല്‍, അമേരിക്കയുടെ സാമ്പത്തിക സഹായം സംഘടനക്ക് അത്യാവശ്യമാണെങ്കിലും, അമേരിക്കയുടെ രാഷ്ട്രീയ താത്പര്യങ്ങളും ആരോപണങ്ങളും സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും ആഗോള പ്രതിച്ഛായയെയും പലപ്പോഴും ദോഷകരമായി ബാധിക്കുന്നുണ്ട്.ഭാവിയിലേക്കുള്ള വഴിഫ്രാന്‍സിലെ ലിയോണിൽ നാളെ നടക്കുന്ന ആഗോള ആരോഗ്യ പ്രൊഫഷനല്‍ ഉച്ചകോടിയുടെ തീരുമാനങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ആരോഗ്യ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിര്‍മിത ബുദ്ധി ആരോഗ്യമേഖലയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുകയാണ്. വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ആരോഗ്യ മേഖലയില്‍ സാര്‍വത്രികമായി മാറി. ഹോസ്പിറ്റലില്‍ പോകാതെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആധുനിക ചികിത്സാ സൗകര്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു.മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം രാജ്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. രോഗനിര്‍ണയം ആധുനികരീതിയിലുള്ള യന്ത്രങ്ങളിലേക്ക് മാറി. ആരോഗ്യരംഗം പുഷ്‌കലമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു ആരോഗ്യദിനം കടന്നുവന്നിരിക്കുന്നത്.