യുഎസ്-ഇസ്രയേൽ ക്രൂരതയ്ക്ക് അന്ത്യമില്ല, ഇറാനിലെ ആണവ നിലയത്തിന് സമീപം ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

Wait 5 sec.

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രൊജക്റ്റൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് മരണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു. ആണവ നിലയത്തിലെ റേഡിയേഷൻ അളവിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ അധികൃതരിൽ നിന്നുള്ള സ്ഥിരീകരണം ഉദ്ധരിച്ച് ഏജൻസി വ്യക്തമാക്കി.ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ബുഷെഹർ കേന്ദ്രത്തിൽ നാല് തവണ ” ബോംബാക്രമണം ” നടന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ആണവ/പെട്രോകെമിക്കൽ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിന്റെ ഉയർന്ന അപകടസാധ്യതകളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുമ്പോഴും, ഇതെല്ലാം അവ​ഗണിച്ച് അമേരിക്കയും ഇസ്രയേലും ആക്രമണം തുടരുകയാണ്.സംഭവത്തിൽ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആണവ സൈറ്റുകളോ സമീപ പ്രദേശങ്ങളോ ഒരിക്കലും ആക്രമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയുടെ അനുബന്ധ സൈറ്റിലെ കെട്ടിടങ്ങളിൽ സുപ്രധാന സുരക്ഷാ ഉപകരണങ്ങൾ അടങ്ങിയിരിക്കാമെന്ന് ഗ്രോസി ചൂണ്ടിക്കാട്ടയതായി പ്രസ്താവനയിൽ പറയുന്നു. ആണവ അപകട സാധ്യത ഒഴിവാക്കാൻ പരമാവധി സൈനിക സംയമനം പാലിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.അതേസമയം ഇറാൻ ആണവോർജ്ജ സംഘടന (AEOI) എക്സിലെ പോസ്റ്റിൽ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാൾ സുരക്ഷാ ജീവനക്കാരനാണെന്നും പോസ്റ്റിൽ പറയുന്നു. നിലയത്തിന്റെ അനുബന്ധ കെട്ടിടത്തിനാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. പവർ പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് സർക്കാർ ഏജൻസി വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് 198 റഷ്യൻ ജീവനക്കാരെ ഒഴിപ്പിച്ചെന്ന് റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയർ കമ്പനിയായ റോസാറ്റം മേധാവി പറഞ്ഞതായി റിപ്പോർട്ടുണ്ട്.The post യുഎസ്-ഇസ്രയേൽ ക്രൂരതയ്ക്ക് അന്ത്യമില്ല, ഇറാനിലെ ആണവ നിലയത്തിന് സമീപം ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.