മെല്ലെപ്പോക്ക്’ എന്നത് വേഗതയുടെ കാലത്ത് ഒരു മോശം കാര്യമായി തോന്നാം. തിരക്കിലായിരിക്കുക വലിയ മഹത്വത്തിന്റെ അടയാളമായി മാറിയ ഒരു ലോകത്ത് പ്രത്യേകിച്ചും. “സുഖമല്ലേ’ എന്ന ചോദ്യത്തിനു പകരം “തിരക്കിലാണോ?’ എന്ന രീതിയിലാണ് ഇന്ന് സംഭാഷണങ്ങളുടെ തുടക്കം. സമയപരിധികൾ, അറിയിപ്പുകൾ, മൾട്ടിടാസ്കിംഗ്, അനന്തമായി ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികകൾ എന്നിവക്കിടയിൽ, സ്പീഡും കാര്യക്ഷമതയും ഉത്പാദനക്ഷമതയും ഉണ്ടാകുന്നുണ്ട്, എന്നാൽ വൈകാരികത ഒട്ടുമില്ലാത്ത യന്ത്രങ്ങളെപ്പോലെയായിരിക്കുന്നു നാം. തിരക്ക് എന്നത് ശരിക്കും സമയം നഷ്ടപ്പെടലിലല്ല; നാം സമയത്തിൽ നിന്ന് ഓടിപ്പോകുകയാണ്. വേഗതയാണ് ശക്തിയെന്നാണ് നമ്മൾ വിശ്വസിക്കുന്നത്.ഭക്ഷണം കഴിക്കുമ്പോൾ തന്നെ നാം സ്ക്രോൾ ചെയ്യുന്നു, മറ്റൊരാളുടെ സംസാരം ശ്രദ്ധിക്കുമ്പോൾ തന്നെ മറുപടികൾ മനസ്സിൽ സ്വരുക്കൂട്ടുന്നു. ഇത്തരത്തിലുള്ള മൾട്ടിടാസ്കിംഗ് വൈദഗ്ധ്യമല്ല – അത് കഴിവുകേട് തന്നെയാണ്. ഫോണിൽ നിന്ന് കണ്ണെടുക്കാതെ ഒരു പിതാവ് തന്റെ കുട്ടിയുടെ മികച്ച പെർഫോമൻസിനെ “നന്നായിട്ടുണ്ട്’ എന്ന് അഭിനന്ദിക്കുന്നത് അത് എങ്ങനെ യഥാർഥ ആശയവിനിമയമാകും! ഹെൻറി ഡേവിഡ് തോറോയുടെ ഒരു വചനമുണ്ട്: “തിരക്കിലായാൽ മാത്രം പോരാ, എന്തിനുവേണ്ടിയാണ് തിരക്കിലായിരിക്കുന്നത് എന്നതാണ് കാര്യം.’ നാം നമ്മുടെ ഷെഡ്യൂളുകൾ നിറയ്ക്കുമ്പോൾ ബന്ധങ്ങൾ ശൂന്യമാക്കുന്നു. എന്തിലും കൂടുതൽ വേഗത കൂട്ടുമ്പോൾ, ജീവിതത്തിന് അർഥം നൽകുന്ന നിമിഷങ്ങൾ സമ്പൂർണമായി അരോചകമാകുന്നു.ജീവിതം വളരെ വേഗതയുള്ളതാകുമ്പോൾ, ഏറ്റവുമധികം ദുർബലമാകുന്നത് സ്‌നേഹം എന്ന വികാരമാണ്. യഥാർഥ ബന്ധങ്ങളിൽ തിടുക്കം വലിയ നഷ്‌ടങ്ങൾ സൃഷ്‌ടിക്കും.സ്നേഹബന്ധങ്ങൾ ഊഷ്‌മളമാകാൻ ഇടവേളകൾ, ശ്രദ്ധ, വൈകാരിക സാന്നിധ്യം എന്നിവ ആവശ്യമാണ്. ഒരു സമയത്ത് ഒരു കാര്യത്തിൽ വളരെ സാവധാനം പൂർണമായി ശ്രദ്ധിച്ച് നടക്കുന്ന ഒരു ചെറിയ സംഭാഷണത്തിന് പോലും ആഴത്തിലുള്ള ഒരു ബന്ധം സൃഷ്ടിക്കാൻ കഴിയും. കണ്ണുകൾ തമ്മിലുള്ള അനുതാപപൂർവമായ സമ്പർക്കങ്ങൾ, സൗമ്യമായ പുഞ്ചിരികൾ, അർഥപൂർണമായ നിശബ്ദത എന്നിവയൊക്കെ തിരക്കേറിയ ജീവിതത്തിൽ സാധ്യമാകില്ല, എന്നാൽ ശ്രദ്ധയിലൂന്നിയ മന്ദഗതിയിലുള്ള പോക്കിൽ ഇവയെല്ലാം ശക്തമായി സംഭവിക്കുകയും ചെയ്യും. ചെലവഴിച്ച സമയത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് വളരെ പതിയെ നാം നൽകുന്ന ശ്രദ്ധയിലാണ് നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് എന്നർഥം. വേഗം കൂടുമ്പോൾ സംഭാഷണങ്ങൾ തത്ക്ഷണ പ്രതിരോധങ്ങളായി മാറുന്നു. ധൃതിപിടിച്ച ഒരു സംഭാഷണം കൊണ്ട് നമ്മുടെ തലച്ചോറിൽ ഭയത്തിന്റെ പ്രതികരണമാണ് ഉണ്ടാവുക.അത് നമ്മെ വഴക്കിലേക്കോ, ഒളിച്ചോടുന്നതിലേക്കോ, മരവിപ്പിലേക്കോ തള്ളിവിടും. പ്രിയപ്പെട്ട ഒരാളിൽ നിന്നുള്ള ഒരു ലളിതമായ പരാതി പോലും അപ്പോൾ ഒരു വൻ തർക്കമായി മാറാം. ഒരു പ്രശ്നം കൊണ്ടുമാത്രമല്ല, നമ്മുടെ പ്രതികരണത്തിന്റെ വേഗത കൊണ്ടുകൂടിയാണ് ഇതുണ്ടാകുന്നത്. എന്നാൽ ഒരു ഇടവേള അല്ലെങ്കിൽ കുറച്ച് നിമിഷത്തെ നിശബ്ദത ഉണ്ടായാൽ അത് കഠിനമായ പ്രതികരണത്തെ പോലും അനുകമ്പയുള്ള പ്രതികരണമായി മാറ്റും. ആ ഇടവേള ഒരു ബലഹീനതയല്ല, അതാണ് ശരിയായ ബോധം. ഒരു ബന്ധത്തിന് കേടുപാടുകൾ വരുത്തുന്നതിനും അതിനെ ആഴത്തിലാക്കുന്നതിനും ഇടയിലുള്ള വ്യത്യാസമാണത്.പലപ്പോഴും വളരെ ശാന്തമായ ഇടവേളകൾ ശൂന്യമാണ് എന്ന് നമ്മൾ കരുതും, പക്ഷേ, വാസ്തവത്തിൽ, അവ സമ്പൂർണമാണ്. അവയിൽ അവബോധവും തുടർന്ന് എന്ത് ചെയ്യണമെന്ന് അറിയുന്ന വ്യക്തതയും നിറഞ്ഞിരിക്കുന്നു. ഒരു സംഭാഷണത്തിനു ശേഷമുള്ള നിശബ്ദത, പ്രഭാത വെളിച്ചം കാണുമ്പോൾ അനുഭവിക്കുന്ന ശാന്തത, ശ്രദ്ധ തിരിയാതെയുള്ള ഒരു ചായ കുടിക്കൽ – ഇതൊന്നും പാഴായ നിമിഷങ്ങളല്ല. ജീവിതം യഥാർഥത്തിൽ സംഭവിക്കുന്ന നിമിഷങ്ങളാണിവ. പലരും അവരുടെ ദിവസം വിജയകരമായി പൂർത്തിയാക്കുന്നു, എന്നാൽ വല്ലാത്ത ശൂന്യത അനുഭവിക്കുകയും ചെയ്യുന്നു. തിരക്കുപിടിച്ച മനസ്സിന് വർത്തമാനകാലത്തെ അനുഭവിക്കാൻ കഴിയില്ല; അവർ അടുത്ത നിമിഷത്തെ അനാവശ്യമായി പിന്തുടരുകയാണ് എന്ന യാഥാർഥ്യം തിരിച്ചറിയാത്തതാണ് പ്രശ്നം.യഥാർഥ പ്രശ്നം സമയക്കുറവല്ല, മറിച്ച് ശ്രദ്ധക്കുറവാണ്. നമ്മുടെ ഷെഡ്യൂളുകളാലല്ല, മറിച്ച് നാം നമ്മിൽ തന്നെ സൃഷ്ടിക്കുന്ന ‘നേടണം’, ‘തെളിയിക്കണം’ എന്ന സമ്മർദത്തിലാണ് നാം തടവിലാക്കപ്പെടുന്നത്. ഇതിൽ നിന്ന് പുറത്ത് കടക്കാൻ നാം അനുഭവങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നത് നിർത്തി പകരം ഓരോന്നിന്റെയും ഗുണനിലവാരം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ആരെങ്കിലും സംസാരിക്കുമ്പോൾ നമ്മൾ ശരിക്കും ശ്രദ്ധിച്ചിരിക്കുക, ഒരു കപ്പ് ചായയുടെ ഊഷ്മളത പൂർണമായി അനുഭവിക്കുക, മറ്റൊന്നിലും സമ്മർദപ്പെടാതെ നമ്മുടെ ചിന്തകളുമായി അൽപ്പനേരം ഇരിക്കുക. വേഗം കുറക്കുക എന്നത് കുറച്ച് ചെയ്യുക എന്നതല്ല; അത് കൂടുതൽ ജീവിക്കുക എന്നതാണ്. കാരണം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ – സ്നേഹം, മനസ്സിലാക്കൽ, സമാധാനം – ഇവയൊന്നും വേഗതയിൽ നിലനിൽക്കുന്നില്ല. വളരെ പതിയെ ജീവിക്കുന്നതിലാണ് ദീർഘകാല ആനന്ദങ്ങൾ കുടിയിരിക്കുന്നത്.