നീലഗിരിക്ക് നിസ്തുല കാരുണ്യത്തിന്റെ കല്യാണം

Wait 5 sec.

“ആഘോഷങ്ങളുടെ ആഡംബരങ്ങളിലല്ല, മറിച്ച് ആത്മാവുകളുടെ പവിത്രമായ കൂടിച്ചേരലിലാണ് വിവാഹത്തിന്റെ പുണ്യം കുടികൊള്ളുന്നത്.’ പൊങ്ങച്ചത്തിന്റെ പൊൻതിളക്കങ്ങളില്ലാതെ, ലളിതമായൊരു പന്തലിൽ നൂറുകണക്കിന് സ്വപ്നങ്ങൾ ഒരേ താളത്തിൽ മിടിക്കുമ്പോൾ അതൊരു വെറും ചടങ്ങല്ല; മറിച്ച് മനുഷ്യത്വത്തിന്റെ വലിയൊരു വിളംബരമാണ്. അതിർവരമ്പുകളില്ലാത്ത സ്നേഹത്തിന്റെ ഈ മഹാസംഗമത്തിൽ, ആർഭാടങ്ങളുടെ അനാവശ്യ ഭാരങ്ങളില്ലാതെ ഹൃദയങ്ങൾ പരസ്പരം കൈമാറുന്നു. ഒരുമിച്ച് ചുവടുവെക്കുന്ന ഒട്ടേറെ ജീവിതങ്ങൾക്ക് സാക്ഷിയാകുന്നത് ഒരു നാടിന്റെ തന്നെ നന്മയാണ്. ഇവിടെ പണത്തിന് മീതെ സ്നേഹത്തിന്റെ ലളിതസുന്ദരമായ മുഹൂർത്തങ്ങൾ വിരിയുന്നു. ഒരേ പ്രാർഥനകൾക്കിടയിൽ, ഒരേ പന്തലിന് താഴെ, ജാതിമത ഭേദമന്യേ മനുഷ്യർ ഒന്നാകുന്ന ഈ ഹൃദയഹാരിയായ കാഴ്ചയോളം മനോഹരമായി മറ്റെന്താണുള്ളത്?’എണ്ണൂറ്റമ്പത് ജീവിതങ്ങൾ ഇന്ന് മംഗല്യധന്യമാകുന്നു​മഞ്ഞണിഞ്ഞ നീലഗിരിയുടെ നെറുകയിൽ ഇന്ന് വിരിയുന്നത് വെറും പൂക്കളല്ല, പ്രത്യാശയുടെ എണ്ണൂറ്റമ്പത് പുഞ്ചിരികളാണ്. മലനിരകളെ പുൽകി ഒഴുകുന്ന ഇളംകാറ്റിന് ഇന്ന് പവിത്രമായ ഒരു പ്രാർഥനയുടെ ഈണമുണ്ട്. സങ്കടത്തിന്റെ കരിനിഴലുകൾ മായുന്ന, സ്നേഹത്തിന്റെ പുതുചരിത്രം രചിക്കപ്പെടുന്ന ഈ പുണ്യവേളയിൽ, പാടന്തറ മർകസ് ഒരുക്കുന്നത് മാനവികതയുടെ മഹാസംഗമമാണ്.കേരള മുസ്്ലിംകളുടെ ആധികാരിക പണ്ഡിത സഭ സമസ്ത സെന്റിനറിയുടെ ഭാഗമായി ദേവർഷോല അബ്ദുസ്സലാം മുസ്്ലിയാരുടെ നേതൃത്വത്തിൽ എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാ സമൂഹവിവാഹം കാലം ആവശ്യപ്പെടുന്ന കാരുണ്യത്തിന്റെ കരുത്താർന്ന കർമ മുദ്രയായി മാറുന്നു.വിവാഹമെന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ വസന്തകാലമാണ്. എന്നാൽ, കമ്പോളവത്കരിക്കപ്പെട്ട വിവാഹരീതികളും ആകാശത്തോളമുയരുന്ന പൊന്നു വിലയും ആ വസന്തത്തെ പലപ്പോഴും കരിയിച്ചുകളയുന്നു. കൺമുന്നിൽ വളർന്നു വലുതാകുന്ന പെൺമക്കളുടെ വിവാഹം ഒരു വലിയ തീരാ ബാധ്യതയായി കണ്ട് നീറിപ്പുകയുന്ന പിതാക്കന്മാർക്ക് അത്താണിയാകുകയാണ് പാടന്തറ മർകസ്. ഒരേ പന്തലിൽ, ഒരേ മനസ്സോടെ, ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ദമ്പതികൾ കൈകോർക്കുമ്പോൾ അവിടെ വിവേചനത്തിന്റെ മതിലുകൾ തകർന്നടിയുന്നു. മതപരമായ വൈവിധ്യങ്ങൾക്കിടയിലും ഹൃദയമിടിപ്പുകളുടെ താളം ഒന്നാണെന്ന് ഈ മഹാസംഗമം നമ്മെ ഓർമിപ്പിക്കുന്നു.​ചരിത്ര നിയോഗത്തിന്റെ അമരക്കാരൻ​നീറുന്ന മനസ്സുകൾക്ക് ശാന്തിയുടെ കുളിർമഴയാകാൻ ദേവർഷോല അബ്ദുസ്സലാം മുസ്്ലിയാർ എന്ന മഹാമനീഷിയെ പടച്ചവൻ നിശ്ചയിച്ചത് വെറുതെയല്ല. സേവനത്തെ ആത്മീയതയുടെ ഉന്നത സ്ഥാനത്ത് കാത്തു പോരുന്നഉസ്താദിന്റെ ദീർഘവീക്ഷണം ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങളുടെ വീട്ടു വിളക്കുകൾക്ക് എണ്ണ പകരുകയാണ്. ഭാരതത്തിന്റെ ആത്മാവ് തൊട്ടറിയുന്ന സ്നേഹത്തിന്റെ ഈ “കതിർമണ്ഡപം’ മതസൗഹാർദത്തിന്റെ ഉജ്ജ്വലമായ വിളംബരം കൂടിയാണ്.മലയാളത്തിലെ ഇതിഹാസ നോവലുകൾ പലപ്പോഴും ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിക്കുന്ന മംഗല്യസ്വപ്നങ്ങളെക്കുറിച്ച് വാചാലമായിട്ടുണ്ട്. മജീദും സുഹ്റയും തൊട്ട് കോക്കാഞ്ചിറയിലെ ആലാഹയുടെ പെൺമക്കൾ വരെ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് പരിഹാരമെന്നോണം, പുസ്തകത്താളുകളിൽ നിന്നും പെയ്തിറങ്ങുന്ന കാരുണ്യം ഇന്ന് പാടന്തറയുടെ മണ്ണിൽ യാഥാർഥ്യമാകുന്നു. ഒരു നാട് മുഴുവൻ ഒത്തൊരുമിച്ച് ഒരു വിവാഹം നടത്തിക്കൊടുക്കുന്ന ആ പഴയ കാലത്തെ നന്മ, അതിന്റെ പൂർണതയോടെ ഇവിടെ പുനർജനിക്കുന്നു.പാടന്തറ മർകസിൽ നടന്ന സമൂഹ വിവാഹ ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നികാഹ് കർമത്തിന് നേതൃത്വം നൽകുന്നുകാലം കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസലോകം ഇന്ന് കടുത്ത പ്രതിസന്ധികളിലാണ്. മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നാട്ടിലേക്ക് നന്മയയച്ചവരുടെ കരങ്ങൾ ഇന്ന് തളരുമ്പോൾ, നമ്മൾ ഓരോരുത്തരും ചേർന്നുനിൽക്കേണ്ടത് നാടിന്റെ ബാധ്യതയാണ്. അതിരുകൾ കടന്നുവരുന്ന സഹായങ്ങൾക്കായി കാത്തിരിക്കാതെ, ഓരോ തുള്ളിയും കടലാകുന്നതുപോലെ നമ്മുടെ ചെറിയ സംഭാവനകൾ കൊണ്ട് ഈ മഹാസമുദ്രത്തെ നമുക്ക് നിലനിർത്താനാകും. സ്നേഹത്തിന്റെ ഈ നാരുകൾ പൊട്ടിപ്പോകാതെ കാക്കേണ്ടത് സഹജീവികളായ ഓരോരുത്തരുടെയും കടമയാണ്.ആ തിരിച്ചറിവിന്റെ നേരടയാളങ്ങളായിരുന്നു കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളിൽ ഈ സ്നേഹ സമർപ്പണത്തിന്റെ വിജയത്തിന് വേണ്ടി “850 ചലഞ്ച്’ ഹൃദയത്തോട് ചേർത്തുവെച്ച പതിനായിരക്കണക്കിന് വരുന്ന മലയാളികളുടെ സുകൃത സാക്ഷ്യങ്ങൾ. പ്രഖ്യാപിക്കപ്പെട്ട ഓരോ നിമിഷങ്ങളിലും നന്മയുടെ നീക്കിവെപ്പുകളുമായി സുമനസ്സുകളുടെ ചേർന്നു നിൽപ്പുകൾഈ പുണ്യ മഹാമഹത്തിന് നിറച്ചാർത്തു പകർന്നു.2014 ൽ ശ്രമകരമായ ഒരു സുകൃത ദൗത്യത്തിന്റെ യാദൃച്ഛിക തുടക്കത്തിൽ നിന്ന് 2000 ജീവിതങ്ങളുടെ സന്തോഷമാല്യങ്ങൾ കൈമാറിയ സ്നേഹത്തിന്റെ മഹാവിസ്ഫോടനം സമൂഹത്തിന് പകരുന്ന പ്രതിബദ്ധതയുടെ പാഠങ്ങൾ ചെറുതല്ല, ദൈന്യതയും ജീവിത ചുറ്റുപാടുകളും സ്വപ്നങ്ങൾക്ക് മുന്നിൽ നിരാശയുടെ നിഴൽപ്പാടുകൾ വരച്ചിടുമ്പോൾ സമാശ്വാസത്തിന്റെ തണലിടമായി പ്രതീക്ഷയുടെ വെളിച്ചക്കീറായി അവർക്കിടയിലേക്ക് ചെന്നു കയറാൻ കഴിയുന്നത് അത്യന്തം അസാധ്യമായ ഒരു ദൗത്യ നിർവഹണത്തിന് അരയും തലയും മുറുക്കുന്നവർക്കാണ്. സാഹചര്യങ്ങളുടെ പരിമിതികൾക്ക് മുന്നിൽ സമൂഹ വിവാഹത്തിന്റെ സംഘാടകർ പകച്ചു നിന്നില്ല, കണ്ണുനീർ നനഞ്ഞ അനേകം കൺത്തടങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്ന ബോധ്യം എങ്ങനെ നിസ്സംഗതയോടെ ഒതുങ്ങി ഇരിക്കാൻ പ്രേരിപ്പിക്കും.850 യുവതി യുവാക്കളുടെ ജീവിതത്തിന്റെ അതിപ്രധാന സ്വപ്നസാഫല്യത്തിന് കരുതലിന്റെ കതിർമണ്ഡപം ഒരുക്കി നീലഗിരി ജില്ലാ എസ് വൈ എസും പാടന്തറ മർകസും ചരിത്രത്തിലേക്ക് ചുവടുവെക്കുമ്പോൾ ഒരു കേവല കാരുണ്യ പ്രവർത്തനത്തിന്റെ നിർവചനങ്ങൾക്കപ്പുറം കൃത്യതയാർന്ന നിർവഹണങ്ങളാണ് ഈ സമൂഹവിവാഹം സമൂഹത്തിൽ സാധ്യമാക്കുന്നത്.പടന്തറ പ്രദേശത്തെയും പരിസര സംസ്ഥാനങ്ങളിലെയും വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഈ വധൂവരന്മാർക്കിടയിൽ 75 സഹോദര സമുദായ സുഹൃത്തുക്കളും ഉണ്ട്. പടന്തറ മർകസിലെ പന്തലിൽ നേരത്തെ വിതരണം ചെയ്ത വിവാഹ വസ്ത്രമണിഞ്ഞ് രാവിലെ ഒന്പത് മണിക്ക് തന്നെ യുവമിഥുനങ്ങൾ ആയി ചമഞ്ഞു വരുന്നവർ 30 വ്യത്യസ്ത കൗണ്ടറുകളിൽ ആയി ഒരേ സമയം നിക്കാഹ് നടക്കുകയും ഇസ്്ലാം മതപരമായ നിയമാനുസരണം ഉള്ള വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്ന അതേസമയം തന്നെ സമീപത്തെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ഹൈന്ദവ സുഹൃത്തുക്കളുടെ താലികെട്ടും വിവാഹ കർമങ്ങളും നടക്കും.ഇന്നത്തെ കല്യാണത്തിന്റെ മൂന്നുനാല് ദിവസങ്ങൾക്കു മുമ്പ് തന്നെ വധൂവരന്മാർക്ക് ആവശ്യമായ മംഗല്യ പുടവ ആഘോഷപൂർവം പാടന്തറ മർകസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയുണ്ടായി. ഓരോരുത്തർക്കും അനുയോജ്യമായ വസ്ത്രം, നിശ്ചിത സ്വർണം എന്നിവക്ക് പുറമേ മുൻകൂട്ടി കാർപാസ് നൽകിയത് പ്രകാരം ഓരോ വധൂവരന്മാരുടെയും കൂടെ എത്രപേർക്കും പങ്കെടുക്കാനുള്ള വിവാഹ സദ്യയും സമൂഹ വിവാഹത്തിന്റെ ഭാഗമായി നടക്കുന്നു. ഒരു ലക്ഷം പേർക്ക് വിവാഹസദ്യ ഒരുക്കുന്നു എന്ന സവിശേഷ സാഹചര്യവും കൂടി ഇത്തവണത്തെ സമൂഹ വിവാഹത്തിനുണ്ട്.ഇന്നീ പന്തലിൽ നിന്നും സന്തോഷ നിർവൃതിയോടെ പടിയിറങ്ങുന്ന ഓരോ ദമ്പതികളും ഒരു വലിയ സന്ദേശത്തിന്റെ വാഹകരാണ്. പണത്തിന്റെ പൊങ്ങച്ചമില്ലാതെ, ലാളിത്യത്തിന്റെ മനോഹാരിതയിൽ കെട്ടിപ്പടുക്കുന്ന ഈ ജീവിതങ്ങൾ നാളത്തെ സമൂഹത്തിന് മാതൃകയാകും. ലോഹ മഹിമയുടേതല്ല, മറിച്ച് പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തിളക്കമാണ് അവരുടെ കണ്ണുകളിൽ തെളിയുന്നത്. ഈ സ്നേഹനിറവിന് നാടും വീടും അറിയാത്ത അനേകായിരങ്ങളുടെ സ്നേഹവായ്പുകൾ കൂടെയുണ്ട് എന്നത് ആ തിളക്കത്തിന് മാറ്റുകൂട്ടുന്നു.​നീലഗിരിയുടെ മണ്ണിൽ ഈ സൗരഭ്യം ഇനിയും പടരട്ടെ. കഷ്ടപ്പാടുകളുടെ വേനലിൽ കഴിയുന്ന സഹോദരിമാർക്ക് ഈ മർക്കസ് എന്നും ഒരു തണൽമരമായി നിലകൊള്ളട്ടെ. നമുക്കും ഈ പുണ്യപ്രവൃത്തിയിൽ പങ്കാളികളാകാം; ആ മുഖങ്ങളിൽ വിരിയുന്ന സന്തോഷത്തിൽ നമ്മുടെ ആത്മസംതൃപ്തി കണ്ടെത്താം.