തൃശൂര്‍ | മണലൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി കെ ഫിറോസ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന്‍ ബി ജെ പിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.എട്ട് കോടി വാങ്ങി ബി ജെ പിക്ക് വോട്ട് മറിച്ചെന്നും പ്രതാപന്‍ രാവിലെ കോണ്‍ഗ്രസ്സും വൈകിട്ട് ബി ജെ പിയുമാണെന്നും ഫിറോസ് ആരോപണമുന്നയിച്ചു. സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫിറോസ് പ്രതാപനെതിരേ രൂക്ഷവിമര്‍ശം ഉന്നയിച്ചത്.ബി ജെ പി കിറ്റ് വിതരണം ചെയ്യുന്നു. അവിടേക്ക് ടി എന്‍ പ്രതാപന്‍ ഓടിയെത്തുന്നു. പോലീസുമായി കയര്‍ക്കുന്നു. ബി ജെ പിക്കെതിരെ വലിയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ ഇന്നലെയാണ് അതറിഞ്ഞത്. പക്ഷേ ഞങ്ങള്‍ മൂന്ന് ദിവസം മുന്‌പേ അറിഞ്ഞു. ബി ജെ പിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം. പക്ഷേ, കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതാപന്‍ ബി ജെ പിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൈവശം രേഖകളായിട്ടുണ്ട്’- ഫിറോസ് പറഞ്ഞു.അതേസമയം, വി എ ഫിറോസിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതാപന്‍ വക്കീല്‍ നോട്ടീസയച്ചു.തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതാപന്‍ ആരോപിച്ചു. 24 മണിക്കൂറിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.